കേരളത്തിന്റെ സ്വന്തം ഐ എസ് എല്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് കളി കൊണ്ട് മാത്രമല്ല ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ടീമുടമയുടെ പേരും ടീമിനെ മാര്‍ക്കറ്റ് ചെയ്യാന്‍ വലിയ ഒരു അളവ് വരെ സഹായിക്കുന്നുണ്ട്. മറ്റാരുമല്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ ഈ താരപ്പൊലിമ വേണ്ട പോലെ കളിയില്‍ എത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് പറ്റിയിട്ടില്ല.
തുടര്‍ച്ചയായ തോല്‍വികളില്‍ മനംമടുത്ത് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെ കൈവിടാന്‍ ഒരുങ്ങുന്നു എന്ന് വരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമാ രംഗത്തെ ചില പ്രമുഖരെ കൂടി കൂട്ടുപിടിച്ച് ബ്ലാസ്റ്റേഴ്‌സിനെ ഒന്നുകൂടി ശക്തരാക്കാനാണ് സച്ചിന്റെ തീരുമാനം. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന എന്നിവരാണ് സച്ചിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളായി എത്തുന്നത്.

ചിരഞ്ജീവിക്കും നാഗാര്‍ജുനയ്ക്കും ഒപ്പം നിര്‍മാതാവ് അല്ലു അരവിന്ദ്, വ്യവസായ പ്രമുഖനായ നിമ്മഗദ്ദ പ്രസാദ് എന്നിവരാണ് ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ വാങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എന്ന ഫുട്‌ബോള്‍ ടീം. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന ഉടമകളിലൊരാളായി സച്ചിനും തുടരും.
ചിരഞ്ജീവി, നാഗാര്‍ജുന, എന്നിവര്‍ക്കൊപ്പമുള്ള ചിത്രം സച്ചിന്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ സച്ചിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരിക്കും സച്ചിന്‍. ഐ എസ് എല്ലിന്റെ ഒന്നാം സീസണില്‍ ഫൈനല്‍ വരെ എത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ സീസണില്‍ ആ മികവ് പുറത്തെടുക്കാനായില്ല.