ചെന്നൈ: ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ കരിയറില്‍ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ 300 വിക്കറ്റുകളെന്ന നേട്ടത്തിന് അവകാശിയായിരിക്കുകയാണ് അദ്ദേഹം. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലീഷ് താരം ഡാനിയേല്‍ ലോറന്‍സിനെ പുറത്താക്കിയാണ് ഇഷാന്ത് 300 വിക്കറ്റ് ക്ലബ്ബില്‍ അംഗമായത്.

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 16ാം ഓവറിലായിരുന്നു ഇഷാന്തിന്റെ കരിയറിലെ സുപ്രധാന നേട്ടം പിറന്നത്. എക്രോസ് ദി ലൈന്‍ ഫ്‌ളിക്ക് ഷോട്ടിനു ശ്രമിച്ച ലോറന്‍സിനെ ഇഷാന്ത് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. താഴ്ന്നുവന്ന ബോള്‍ ലോറന്‍സിന്റെ ബാറ്റ് പ്രതികരിക്കുന്നതിനു മുമ്പ് തന്നെ പാഡില്‍ നേരിട്ടു പതിച്ചു. സീമും ബൗണ്‍സ് കുറവായതുമാണ് താരത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. മലയാളി കൂടിയായ അംപയര്‍ നിതിന്‍ മേനോന്‍ ഔട്ട് നല്‍കുകയും ചെയ്തു. ലോറന്‍സ് ഇതിനെതിരേ ഡിആര്‍എസ് വിളിച്ചെങ്കിലും തേര്‍ഡ് അംപയറുടെ തീരുമാനത്തിലും മാറ്റമില്ലായിരുന്നു. ഇതോടെ ഇഷാന്ത് തന്റെ ഇരകളുടെ ലിസ്റ്റിലേക്കു മുന്നൂറാമത്തെ പേര് കൂടി എഴുതിച്ചേര്‍ത്തു.
ടെസ്റ്റില്‍ 300 വിക്കറ്റുകള്‍ തികച്ച മൂന്നാമത്തെ ഇന്ത്യന്‍ പേസര്‍ കൂടിയാണ് ഇഷാന്ത്. നേരത്തേ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ കപില്‍ ദേവ്, മറ്റൊരു ഇതിഹാസ പേസര്‍ സഹീര്‍ ഖാന്‍ എന്നിവര്‍ മാത്രമേ ടെസ്റ്റില്‍ 300 വിക്കറ്റുകള്‍ നേടിയിട്ടുള്ളൂ. കപില്‍ 434ഉം സഹീര്‍ 311ഉം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

അതേസമയം, ടെസ്റ്റില്‍ ഇന്ത്യയുടെ 300ാമത്തെ വിക്കറ്റ് ക്ലബ്ബില്‍ അംഗമായ ആറാമത്തെ താരമായും അശ്വിന്‍ മാറി. 619 വിക്കറ്റുകളെടുത്ത മുന്‍ സ്പിന്‍ മാന്ത്രികന്‍ അനില്‍ കുംബ്ലെയാണ് ഈ ലിസറ്റില്‍ അമരത്തുള്ളത്. അദ്ദേഹത്തിനു സമീപത്തൊന്നും മറ്റാരുമില്ല. കപില്‍ 434 വിക്കറ്റുകളുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങാണ് 417 വിക്കറ്റുകളുമായി മൂന്നാംസ്ഥാനത്ത്. ആര്‍ അശ്വിന്‍ (382), സഹീര്‍ (311) എന്നിവരാണ് ഇഷാന്തിന് മുന്നിലുള്ള മറ്റു താരങ്ങള്‍.