അഹമ്മദാബാദ്: അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഇഷാന്‍ കിഷന്‍ വെടിക്കെട്ടൊരുക്കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കു ഗംഭീര വിജയം. ഇഷാനു കൂട്ടായി നായകന്‍ വിരാട് കോലിയും ഫോമിലേക്കുയര്‍ന്നപ്പോള്‍ ഏഴു വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തുകയും ചെയ്തു.

ടോസിനു ശേഷം കോലി ഇംഗ്ലണ്ടിനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. 200നടുത്ത് റണ്‍സ് ലക്ഷ്യമാക്കി കുതിച്ച ഇംഗ്ലണ്ടിനെ ഡെത്ത് ഓവറിലെ ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ ആറു വിക്കറ്റിനു 164 റണ്‍സില്‍ പിടിച്ചുനിര്‍ത്തി. ഇംഗ്ലീഷ് നിരയില്‍ ആരും തന്നെ ഫിഫ്റ്റി തികച്ചില്ല. 46 റണ്‍സെടുത്ത ഓപ്പണര്‍ ജാണ്‍ റോയ് ആണ് ടീമിന്റെ ടോപ്‌സ്‌കോറര്‍.
മറുപടിയില്‍ ഇന്ത്യയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ കെഎല്‍ രാഹുലിനെ പൂജ്യത്തിന് ഇന്ത്യക്കു നഷ്ടമായി. ഈ ഓവറില്‍ റണ്ണെടുക്കാനും ഇന്ത്യക്കായില്ല. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അരങ്ങേറ്റക്കാരനും ഓപ്പണറുമായ ഇഷാന്‍ കിഷന് കൂട്ടായി കോലിയെത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ റോക്കറ്റ് വേഗത്തില്‍ കുതിച്ചു. 94 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. ഇതോടെ കളി ഇന്ത്യയുടെ വരുതിയിലാവുകയും ചെയ്തിരുന്നു.

17.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. കോലിയും (73*) ഇഷാനുമാണ് (56) ഇന്ത്യയുടെ ഹീറോസ്. 32 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് ഇഷാന്‍ 56 റണ്‍സെടുത്തതെങ്കില്‍ കോലി 49 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറും നേടി. സിക്‌സറിലൂടെയാണ് കോലി ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്. റിഷഭ് പന്താണ് 26 (13 ബോള്‍, രണ്ടു ബൗണ്ടറി, 2 സിക്‌സര്‍) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. എട്ടു റണ്‍സോടെ ശ്രേയസ് അയ്യര്‍ കോലിയോടൊപ്പം പുറത്താവാതെ നിന്നു.
നേരത്തേ ഇഷാനോടൊപ്പം സൂര്യകുമാര്‍ യാദവും ഈ കളിയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറി. എന്നാല്‍ സൂര്യകുമാറിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ആദ്യ ടി20യില്‍ പരാജയപ്പെട്ട ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിച്ചത്. ശിഖര്‍ ധവാന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കു പകരമാണ് ഇഷാനും സൂര്യകുമാറും കളിച്ചത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍.
ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, സാം കറെന്‍, ജോഫ്ര ആര്‍ച്ചര്‍, ടോം കറെന്‍, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്.