ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സമയത്തു ഏറെ പ്രതീക്ഷ നല്‍കിയ സീം ബൗളിങ് ഓള്‍റൗണ്ടറായിരുന്നു ഇര്‍ഫാന്‍ പഠാന്‍. ഓപ്പണറായോ, ടോപ് ഓര്‍ഡറിലോ ബാറ്റ് ചെയ്യാനും ന്യൂബോള്‍ കൈകാര്യം ചെയ്യാനുമുള്ള അസാധാരണ മിടുക്കുമായിരുന്നു ഇര്‍ഫാനെ തരംഗമാക്കി മാറ്റിയത്. പക്ഷെ പ്രതീക്ഷിച്ചതു പോലെ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിനായില്ല. ഗംഭീരമായി തുടങ്ങിയ കരിയറില്‍ പിന്നീട് പരിക്കുകള്‍ വില്ലനായതോടെ സ്ഥിരതയാര്‍ന്ന പ്രകടനം ഇര്‍ഫാന് നടത്താന്‍ കഴിയാതെ പോവുകയായിരുന്നു.
2003 മുതല്‍ 2016വരെ നീളുന്നതാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയര്‍. 19ാം വയസ്സില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാന്‍ ഇര്‍ഫാന് ഭാഗ്യം ലഭിച്ചിരുന്നു. 2004ല്‍ പാകിസ്താനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഉജ്ജ്വല ജയം കൊയ്തപ്പോള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു. ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യാനുള്ള മിടുക്കായിരുന്നു ഇര്‍ഫാനെ അപകടകാരിയാക്കി മാറ്റിയത്.

വിരമിച്ച ശേഷം കമന്ററിയിലൂടെ ഇപ്പോഴും സജീവമായി നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം. അതിനിടെ തന്റെ ഭാര്യയുടെ മുഖം ആദ്യമായി കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.
നേരത്തേ ഭാര്യക്കും മകനോടുമൊപ്പമുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ ഇര്‍ഫാന്‍ പല തവണ പങ്കുവച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും മുഖം കൃത്യമായി കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തന്റെ എട്ടാമത്തെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ സഫ ബെയ്ഗിന്റെ ഫോട്ടോ ഇര്‍ഫാന്‍ സോഷ്യല്‍ മീഡിയയലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഇര്‍ഫാന്റെ ഭാര്യ സഫയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാം.
28 കാരിയായ സഫാ ബെയ്ഗ് ജനിച്ചത് 1994 ഫെബ്രുവരി 28നാണ്. ഇവര്‍ ഇന്ത്യക്കാരിയല്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സഫയുടെ ജനനം. അവിടെയുള്ള പ്രശസ്തമായ ഒരു ബിസിനസ് കുടുംബത്തില്‍ മിര്‍സ ഫാറൂഖ് ബെയ്ഗിന്റെ നാലു പെണ്‍മക്കളില്‍ ഒരാളാണ് സഫ. രാജകുമാരിയെപ്പോലെയാണ് അവര്‍ ഇവിടെ വളര്‍ന്നത്. ജിദ്ദയിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.
മോഡലിങിനോടായിരുന്നു സഫയ്ക്കു ഏറെ താല്‍പ്പര്യം. പക്ഷെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും വന്നതിനാല്‍ തന്നെ അവര്‍ക്കു അതു എളുപ്പമുള്ള കാര്യമാവില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ സഫയുടെ സ്വപ്‌നങ്ങള്‍ക്കു കുടുംബം ഒരിക്കലുമൊരു തടസ്സമായില്ല. അവരുടെ മികച്ച പിന്തുണ ലഭിച്ചതോടെ സഫ മോഡലിങിലേക്കു ചുവടുവയ്ക്കുകയായിരുന്നു. നെയില്‍ പെയിന്റിങിനോടും കുട്ടിക്കാലം മുതല്‍ സഫയ്ക്കു വലിയ താല്‍പ്പര്യമുണ്ടായിരുന്നു.

മോഡലിങില്‍ ക്ലിക്കാവുകയെന്നത് അവര്‍ക്കു അത്ര എളുപ്പമായിരുന്നില്ല. പക്ഷെ കഠിനാധ്വാനത്തിലൂടെ സഫ അല്‍പ്പം വൈകിയാണെങ്കിലും അതു വൈകാതെ സാധിച്ചെടുക്കുക തന്നെ ചെയ്തു. ഗള്‍ഫ് മേഖലയിലെ പല മുന്‍നിര മാഗസിനുകളിലും കവര്‍ പേജില്‍ ഇതോടെ സഫ പ്രത്യക്ഷപ്പെട്ടു. അതിനു ശേഷം ജിദ്ദയിലെ ഒരു പിആര്‍ കമ്പനിയില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി സഫ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
2016ലാണ് തന്നേക്കാള്‍ 10 വയസ്സ് പ്രായം കുറഞ്ഞ ഇര്‍ഫാനെ സഫ മിന്നുകെട്ടിയത്. ജിദ്ദയിലെ ട്രിഡെന്റ് ഹോട്ടലില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. പക്ഷെ ഇതിനേക്കാള്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഇരുവരും അടുപ്പത്തിലായിരുന്നുവെന്നതാണ് സത്യം.
വിവാഹം വരെ തങ്ങളുടെ അടുപ്പം വളരെ രഹസ്യമാക്കി വയ്ക്കാന്‍ ഇരുവര്‍ക്കും സാധിക്കുകയും ചെയ്തു. എക്‌സിലൂടെ ഭാര്യക്കൊപ്പമുള്ള ഫോട്ടോ ഇര്‍ഫാന്‍ പങ്കുവച്ചതോടെയാണ് വിവാഹത്തെക്കുറിച്ച് ലോകമറിയുന്നത്. നിലവില്‍ സന്തോഷകരമായ കുടുബജീവിതം നയിക്കുകയാണ് ഇര്‍ഫാനും സഫയും. ആറു വയസ്സുകാരനായ ഇമ്രാന്‍ ഖാന്‍ പഠാനെന്ന ഒരു മകനാണ് ഇവര്‍ക്കുള്ളത്.