For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്കിന്റെ അഹങ്കാരത്തിന് കിട്ടി, ഗുജറാത്തിനോട് തോറ്റ് മുംബൈ! ആവേശ ജയം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. അഭിമാന പോരാട്ടത്തില്‍ 6 റണ്‍സിനാണ് ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 6 വിക്കറ്റിന് 168 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 9 വിക്കറ്റിന് 162 റണ്‍സ് നേടാനെ സാധിച്ചുള്ളു. നായകനായി ശുബ്മാന്‍ ഗില്‍ ജയിച്ച് തുടങ്ങിയപ്പോള്‍ മുംബൈ നായകനായി ഹാര്‍ദിക്കിന് നാണക്കേടോടെ തുടങ്ങേണ്ടി വന്നു.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. പൊതുവേ ജസ്പ്രീത് ബുംറയാണ് മുംബൈയുടെ ബൗളിങ് ഓപ്പണ്‍ ചെയ്യാറുള്ളത്. എന്നാല്‍ ഹാര്‍ദിക് ആദ്യം പന്തെടുക്കുകയായിരുന്നു. ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ചാണ് മുന്‍ ഗുജറാത്ത് നായകനെ വൃദ്ധിമാന്‍ സാഹ വരവേറ്റത്. നാലാം ഓവറിലാണ് ബുംറ പന്തെറിയാനെത്തിയത്. ഈ ഓവറില്‍ത്തന്നെ കൂട്ടുകെട്ടും പൊളിച്ചു.

ഒന്നാം വിക്കറ്റില്‍ 31 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം 15 പന്തില്‍ 19 റണ്‍സ് നേടിയ സാഹയെ ബുംറ മടക്കുകയായിരുന്നു. മിന്നല്‍ യോര്‍ക്കറില്‍ സാഹ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. ഒരു വശത്ത് ഗുജറാത്ത് നായകന്‍ ശുബ്മാന്‍ ഗില്‍ റണ്‍സുയര്‍ത്തി. 22 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 31 റണ്‍സ് നേടിയ ഗില്ലിനെ പീയൂഷ് ചൗള പുറത്താക്കി. സിക്‌സറിന് ശ്രമിച്ച ഗില്ലിനെ ലോങ് ഓണില്‍ രോഹിത് ശര്‍മ ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

അസ്മത്തുല്ല ഒമര്‍സായി പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്‌കോറിലേക്കെത്തിയില്ല. 11 പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം 17 റണ്‍സെടുത്ത ഒമര്‍സായിയെ ജെറാള്‍ഡ് കോയിറ്റ്‌സിയാണ് പുറത്താക്കിയത്. സിക്‌സറിന് ശ്രമിച്ച താരത്തെ തിലക് വര്‍മ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് മടക്കിയത്. ഒരുവശത്ത് സായ് സുദര്‍ശന്‍ പതിയെ റണ്‍സുയര്‍ത്തി. അപകടകാരിയായ ഡേവിഡ് മില്ലറെ (11 പന്തില്‍ 12) ജസ്പ്രീത് ബുംറ മടക്കി. സ്ലോ ബോള്‍ കെണിയില്‍ ബാറ്റുവെച്ച മില്ലറെ ഹാര്‍ദിക്കാണ് പുറത്താക്കിയത്.

ഇതേ ഓവറില്‍ സായ് സുദര്‍ശനേയും ബുംറ മടക്കി. 39 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 45 റണ്‍സ് നേടിയ സുദര്‍ശനെ ബുംറ തിലക് വര്‍മയുടെ കൈയിലെത്തിക്കുകയായിരുന്നു.

രാഹുല്‍ തെവാത്തിയ 15 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 22 റണ്‍സുമായി അപകടകാരിയായി മാറവെ കോയിറ്റ്‌സി പുറത്താക്കി. തെവാത്തിയയുടെ സിക്‌സര്‍ ശ്രമത്തെ ഡൈവിങ് ക്യാച്ചിലൂടെ നമാന്‍ ധിര്‍ പുറത്താക്കുകയായിരുന്നു.

ഡെത്തോവറില്‍ മുംബൈയുടെ ബൗളിങ് നിര മികച്ചുനിന്നപ്പോള്‍ 6 വിക്കറ്റിന് 168 എന്ന ശരാശരി സ്‌കോറിലേക്ക് ഗുജറാത്ത് ഒതുങ്ങി. മുംബൈക്കായി ബുംറ മൂന്നും കോയിറ്റ്‌സി രണ്ടും ചൗള ഒരു വിക്കറ്റും നേടി. മറുപടിക്കിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

നാല് പന്ത് നേരിട്ട ഇഷാന്‍ കിഷന്‍ അക്കൗണ്ട് തുറക്കാതെ മടങ്ങി. അസ്മത്തുല്ല ഒമര്‍സായിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് ക്യാച്ച് നല്‍കിയാണ് ഒമര്‍സായി പുറത്തായത്. മൂന്നാമനായെത്തിയ നമാന്‍ ധിര്‍ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്.

rohit sharma hardik pandya

10 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 20 റണ്‍സാണ് ധിര്‍ നേടിയത്. കത്തിക്കയറിയ താരത്തെ ഒമര്‍സായി വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് രോഹിത് ശര്‍മയും ഇംപാക്ട് പ്ലയര്‍ ഡെവാള്‍ഡ് ബ്രെവിസും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി.

മികച്ച ഷോട്ടുകളോടെ കസറിയ രോഹിത്തിനെ സായ് കിഷോര്‍ എല്‍ബിയില്‍ കുടുക്കി. 29 പന്തില്‍ 7 ഫോറും 1 സിക്‌സുമടക്കം 43 റണ്‍സാണ് രോഹിത് നേടിയത്. ഹിറ്റ്മാന്‍ മടങ്ങുമ്പോള്‍ 12.1 ഓവറില്‍ 3ന് 107 എന്ന മികച്ച നിലയിലായിരുന്നു മുംബൈ.

വമ്പനടിക്കാരന്‍ ബ്രെവിസിനെ മോഹിത് ശര്‍മയും മടക്കിയതോടെ പോരാട്ടം മുറുകി. 38 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 46 റണ്‍സ് നേടിയ ബ്രെവിസിനെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് മോഹിത് പുറത്താക്കിയത്.

സൂപ്പര്‍ ഫിനിഷര്‍ ടിം ഡേവിഡിനെ (10 പന്തില്‍ 11) സ്ലോ ബോളില്‍ത്തന്നെ മോഹിത് കുടുക്കി. സിക്‌സറിന് ശ്രമിച്ച ഡേവിഡിന്റെ ടൈമിങ് പിഴച്ചപ്പോള്‍ ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ക്യാച്ചില്‍ ടിം ഡേവിഡ് മടങ്ങി.

തിലക് വര്‍മയെ (19 പന്തില്‍ 25) സ്‌പെന്‍സര്‍ ജോണ്‍സണ്‍ മടക്കിയതോടെ മത്സരം മുറുകി. ഇതേ ഓവറില്‍ കോയിറ്റ്‌സിയും (1) മടങ്ങിയതോടെ മുംബൈക്ക് കാര്യങ്ങള്‍ കടുപ്പമായി. അവസാന ഓവറില്‍ സൂപ്പര്‍ ഫിനിഷറാവാന്‍ ഹാര്‍ദിക്കിനായില്ല.

ഉമേഷ് യാദവിനെ സിക്‌സും ഫോറും പറത്തിയെങ്കിലും മൂന്നാം പന്തില്‍ പുറത്തായി. 4 പന്തില്‍ 11 റണ്‍സാണ് ഹാര്‍ദിക്കിന് നേടാനായത്. പീയൂഷ് ചൗളയെ ഉമേഷ് ഗോള്‍ഡന്‍ ഡെക്കാക്കി ഉമേഷ് ഗുജറാത്തിന്റെ വിജയം ഉറപ്പിച്ചു.

ഗുജറാത്തിനായി ഒമര്‍സായി, ഉമേഷ് യാദവ്, സ്‌പെന്‍സര്‍ ജോണ്‍സര്‍, മോഹിത് ശര്‍മ എന്നിവര്‍ 2 വിക്കറ്റ് പങ്കിട്ടപ്പോള്‍ സായ് കിഷോര്‍ 1 വിക്കറ്റും നേടി.

Story first published: Sunday, March 24, 2024, 15:34 [IST]
Other articles published on Mar 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+