
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 11 റണ്‍സിന് തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ശിഖര്‍ ധവാന്റെയും (88*) ബനുഷ്‌ക രജപക്‌സെയുടെയും (42) പ്രകടനമാണ് പഞ്ചാബിന് കരുത്തായത്. പഞ്ചാബിനായി റിഷി ധവാനും കഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ സന്ദീപ് ശര്‍മയും അര്‍ഷദീപ് സിങ്ങും ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിനായി മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും കരുതലോടെയാണ് ബാറ്റ് വീശിയത്. തുടക്കം മുതല്‍ രണ്ട് പേരും വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത കാട്ടി. ഇതോടെ പവര്‍പ്ലേയിലെ റണ്ണൊഴുക്കിന്റെ വേഗവും കുറവായിരുന്നു. എന്നാല്‍ ആറാം ഓവറിലെ അഞ്ചാം പന്തില്‍ പഞ്ചാബ് നായകന്‍ മായങ്ക് (18) വീണു. 21 പന്തില്‍ രണ്ട് ബൗണ്ടറി നേടിയ മായങ്കിനെ മഹേഷ് തീക്ഷണ ശിവം ദുബെയുടെ കൈയിലെത്തിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മായങ്കിന്റെ മടക്കം.

രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനും ബനുഷ്‌ക രജപക്‌സെയും ചേര്‍ന്ന് പഞ്ചാബ് ഇന്നിങ്‌സിന് അടിത്തറ പാകി. ധവാന്‍ കരുതിക്കളിച്ചപ്പോള്‍ രജപക്‌സെ ആഞ്ഞടിച്ചു. രവീന്ദ്ര ജഡേജയുടെ പന്തില്‍ റുതുരാജ് ഗെയ്ക് വാദും മിച്ചല്‍ സാന്റ്‌നറും രജപക്‌സെയെ വിട്ടുകളഞ്ഞതിന് വലിയ വില തന്നെ നല്‍കേണ്ടി വന്നു. പിന്നീടങ്ങോട്ട് ഒരവസരവും നല്‍കാതെയാണ് രജപക്‌സെ മുന്നേറിയത്.

മത്സരത്തിലൂടെ 9000 പ്ലസ് ടി20 റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്ക് ശിഖര്‍ ധവാനെത്തി. വിരാട് കോലി (10392), രോഹിത് ശര്‍മ (10048) എന്നിവരാണ് ഈ റെക്കോഡില്‍ ആദ്യ രണ്ട് സ്ഥാനത്ത്. അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡില്‍ വിരാട് കോലിയെ മറികടക്കാനും ധവാനായി. 949 റണ്‍സാണ് വിരാട് കോലി സിഎസ്‌കെയ്‌ക്കെതിരേ നേടിയത്. രോഹിത് ശര്‍മ 752 റണ്‍സുമായി ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്തുണ്ട്. കൂടാതെ ധവാന്‍ തന്റെ 46ാം ഐപിഎല്‍ അര്‍ധ സെഞ്ച്വറിയാണ് ധവാന്‍ നേടിയത്. ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയുള്ള ഇന്ത്യക്കാരനെന്ന റെക്കോഡും ധവാന്‍ സ്വന്തം പേരിലാക്കി.
ഒടുവില്‍ രജപക്‌സെയെ പുറത്താക്കി ഡ്വെയ്ന്‍ ബ്രാവോ കൂട്ടുകെട്ട് പൊളിച്ചു. 32 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും പായിച്ച രജപക്‌സെ 42 റണ്‍സാണ് നേടിയത്. രണ്ടാം വിക്കറ്റില്‍ 110 റണ്‍സിന്റെ ഗംഭീര കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് രജപക്‌സെ മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റന്‍ അതിവേഗം റണ്‍സുയര്‍ത്തി. പ്രിട്ടോറിയസ് എറിഞ്ഞ 19ാം ഓവറില്‍ 22 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ത്തന്നെ ബ്രാവോ ലിവിങ്‌സ്റ്റനെ മടക്കി. ഏഴ് പന്തില്‍ ഒരു ഫോറും 2 സിക്‌സുമടക്കം 19 റണ്‍സാണ് ലിവിങ്സ്റ്റന്‍ നേടിയത്.

അവസാന ഓവറില്‍ 13 റണ്‍സ് ധവാനും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് അടിച്ചെടുത്തു. ധവാന്‍ 59 പന്തില്‍ 9 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 88 റണ്‍സുമായി പുറത്താവാതെ നിന്നു. ജോണി ബെയര്‍സ്‌റ്റോ 3 പന്തില്‍ 6 റണ്‍സാണ് നേടിയത്. അവസാന പന്തില്‍ താരം റണ്ണൗട്ടാവുകയായിരുന്നു. സിഎസ്‌കെയ്ക്കായി ഡ്വെയ്ന്‍ ബ്രാവോ രണ്ടും മഹേഷ് തീക്ഷണ ഒരു വിക്കറ്റും നേടി.
മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് തുടക്കത്തിലേ റോബിന്‍ ഉത്തപ്പയെ (7 പന്തില്‍ 1) നഷ്ടമായി. സന്ദീപ് ശര്‍മക്കായിരുന്നു വിക്കറ്റ്. മൂന്നാമനായി ക്രീസിലെത്തിയ മിച്ചല്‍ സാന്റ്‌നറെ (15 പന്തില്‍ 9) അര്‍ഷദീപ് സിങ് ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ ശിവം ദുബെയെ (7 പന്തില്‍ 8) റിഷി ധവാനും പുറത്താക്കി. ദുബെ മടങ്ങുമ്പോള്‍ 7 ഓവറില്‍ 40 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു സിഎസ്‌കെ.

ഒരുവശത്ത് പൊരുതി നിന്ന റുതുരാജ് ഗെയ്ക് വാദിന് (30) കഗിസോ റബാഡ മടക്ക ടിക്കറ്റ് നല്‍കി. നാല് ബൗണ്ടറിയാണ് ഗെയ്ക്‌വാദ് നേടിയത്. എന്നാല്‍ ഒരുവശത്ത് അമ്പാട്ടി റായിഡു സിഎസ്‌കെയ്ക്കായി കടന്നാക്രമിച്ചു. 16ാം ഓവര്‍ എറിയാനെത്തിയ സന്ദീപ് ശര്‍മയെ മൂന്ന് സിക്‌സും ഒരു ഫോറുമാണ് റായിഡു പറത്തിയത്. റായിഡു സിഎസ്‌കെയെ വിജയത്തിലെത്തിക്കും എന്ന് തോന്നിക്കവെ പഞ്ചാബിന്റെ രക്ഷകനായി കഗിസോ റബാഡയെത്തി. 18ാം ഓവറിന്റെ അഞ്ചാം പന്തില്‍ റായിഡു ക്ലീന്‍ ബൗള്‍ഡ്. 39 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ചാണ് റായിഡുവിന്റെ മടക്കം.

എംഎസ് ധോണി (12) ഇത്തവണയും മിന്നും ഫിനിഷിങ്ങിലൂടെ ടീമിനെ ജയിപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും അവസാന ഓവറിലെ മൂന്നാം പന്തില്‍ ധോണിയെ റിഷി ധവാന്‍ പുറത്താക്കി. രവീന്ദ്ര ജഡേജ (21) പുറത്താവാതെ നിന്നെങ്കിലും വിജയത്തിലേക്ക് അത് മതിയാവുമായിരുന്നില്ല. പഞ്ചാബിനായി റിഷി ധവാനും കഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ സന്ദീപ് ശര്‍മയും അര്‍ഷദീപ് സിങ്ങും ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യപാദത്തില്‍ ചെന്നൈയെ 54 റണ്‍സിനു തകര്‍ത്തുവിടാന്‍ പഞ്ചാബിനായിരുന്നു.
പ്ലേയിങ് 11: സിഎസ്‌കെ-റുതുരാജ് ഗെയ്ക് വാദ്, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ഡ്വെയ്ന്‍ ബ്രാവോ, മുകേഷ് ചൗധരി, മഹേഷ് തീക്ഷണ.
പഞ്ചാബ് കിങ്സ്-മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്സ്റ്റന്‍, ജിതേഷ് ശര്‍മ, ബനുഷ്‌ക രാജപക്സ, റിഷി ധവാന്‍, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, അര്‍ഷദീപ് സിങ്, സന്ദീപ് ശര്‍മ