Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'തല'യെടുപ്പോടെ ധോണിപ്പട, ഹൈദരാബാദ് തകര്‍ന്നു, റുതുരാജും കോണ്‍വേയും തിളങ്ങി

1

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് തകര്‍ത്ത് സിഎസ്‌കെ. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ മുകേഷ് ചൗധരിയുടെ പ്രകടനമാണ് ഹൈദരാബാദിനെ തകര്‍ത്തത്.

ഹൈദരാബാദിനായി നിക്കോളാസ് പുരാന്‍ (33 പന്തില്‍ 64*) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും വിജയത്തിലേക്ക് അത് മതിയാവുമായിരുന്നില്ല. റുതുരാജ് ഗെയ്ക് വാദിന്റെയും (99) ഡെവോണ്‍ കോണ്‍വേയുടെയും (85*) പ്രകടനമാണ് സിഎസ്‌കെയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 9 മത്സരത്തില്‍ നിന്ന് മൂന്നാം ജയം നേടിയ സിഎസ്‌കെ ഒമ്പതാം സ്ഥാനത്ത് തുടരുമ്പോള്‍ 9 മത്സരത്തില്‍ നിന്ന് അഞ്ച് ജയവും നാല് തോല്‍വിയുമായി ഹൈദരാബാദ് നാലാം സ്ഥാനത്തുണ്ട്.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയ്ക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. റുതുരാജ് ഗെയ്ക് വാദും ഡെവോണ്‍ കോണ്‍വേയും തല്ലിത്തകര്‍ത്തു. പേരുകേട്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളര്‍മാര്‍ക്കെതിരേ സര്‍വാധിപത്യം പുലര്‍ത്തുന്ന ബാറ്റിങ്ങാണ് ഇരുവരും കാഴ്ചവെച്ചത്. രവീന്ദ്ര ജഡേജ നായകസ്ഥാനമൊഴിഞ്ഞ് എംഎസ് ധോണി നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ത്തന്നെ സിഎസ്‌കെ തങ്ങളുടെ പ്രധാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

മോശം ഫോമിലായിരുന്ന റുതുരാജ് ഗെയ്ക് വാദ് ആഞ്ഞടിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഒരു റണ്‍സകലെ സെഞ്ച്വറി നഷ്ടമായി. ആറ് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 173.68 സ്‌ട്രൈക്കറേറ്റിലാണ് ഗെയ്ക് വാദിന്റെ പ്രകടനം. എന്നാല്‍ 99ല്‍ നില്‍ക്കവെ ടി നടരാജന്റെ പന്തില്‍ ഭുവനേശ്വര്‍ കുമാറിന് ക്യാച്ച് നല്‍കിയാണ് ഗെയ്ക് വാദ് പുറത്തായത്. അര്‍ഹിച്ച സെഞ്ച്വറിയാണ് കൈയകലത്തില്‍ താരത്തിന് നഷ്ടമായത്.

1

സെഞ്ച്വറി നഷ്ടമായെങ്കിലും ഒരു റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമെത്താന്‍ റുതുരാജിന് സാധിച്ചിരിക്കുകയാണ്. ഏറ്റവും കുറവ് ഇന്നിങ്‌സില്‍ നിന്ന് 1000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡിലാണ് ഗെയ്ക് വാദ് സച്ചിന്റെ ഒപ്പമെത്തിയത്. രണ്ട് പേരും 31 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണറെന്ന നിലയിലായിരുന്നു സച്ചിന്റെ ഈ നേട്ടം.

മുന്‍ സിഎസ്‌കെ താരം സുരേഷ് റെയ്‌ന 34 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയപ്പോള്‍ മുന്‍ ആര്‍സിബി ഓപ്പണറും നിലവിലെ രാജസ്ഥാന്‍ റോയല്‍സ് താരവുമായ ദേവ്ദത്ത് പടിക്കലും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തും 35 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും സച്ചിന്റെ റെക്കോഡിനൊപ്പമെത്താന്‍ സാധിച്ചതില്‍ റുതുരാജിന് ആശ്വസിക്കാം.

1

18ാം ഓവറിന്റെ അഞ്ചാം പന്തില്‍ റുതുരാജ് പുറത്താവുമ്പോള്‍ 182 റണ്‍സെന്ന മികച്ച നിലയിലേക്ക് സിഎസ്‌കെ എത്തിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ എതിരാളികളുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. വിരാട് കോലി-എബി ഡിവില്ലിയേഴ്‌സ് കൂട്ടുകെട്ട് സൃഷ്ടിച്ച 157 റണ്‍സിന്റെ കൂട്ടുകെട്ടാണ് റുതുരാജും കോണ്‍വേയും ചേര്‍ന്ന് തകര്‍ത്തത്.

മൂന്നാം നമ്പറില്‍ എംഎസ് ധോണി എത്തിയെങ്കിലും (7 പന്തില്‍ 8) വലിയ സ്‌കോര്‍ നേടാതെ മടങ്ങി. അവസാന ഓവറിലെ രണ്ടാം പന്തില്‍ ടി നടരാജന്‍ ധോണിയെ ഉമ്രാന്‍ മാലിക്കിന്റെ കൈയിലെത്തിച്ചു. എന്നാല്‍ ഒരുവശത്ത് കോണ്‍വേ റണ്‍സുയര്‍ത്തി. പതിയെ തുടങ്ങിയ കോണ്‍വേ നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കുകയായിരുന്നു. ഇടവേളക്ക് ശേഷം പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയ കോണ്‍വേ 55 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 85 റണ്‍സുമായി പുറത്താവാതെ നിന്നു. രവീന്ദ്ര ജഡേജയും (1*) ക്രീസിലുണ്ടായിരുന്നു. ഹൈദരാബാദിനായി ടി നടരാജന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മറ്റ് ബൗളര്‍മാര്‍ക്കൊന്നും നേട്ടമുണ്ടാക്കാനായില്ല.

1

ഹൈദരാബാദിനെതിരേ 200 പ്ലസ് ടോട്ടല്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ തവണ 200 പ്ലസ് ടോട്ടല്‍ നേടിയ ടീമെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ സിഎസ്‌കെയ്ക്കായി. 25 തവണയാണ് സിഎസ്‌കെ ഈ നേട്ടത്തിലെത്തിയത്. 24 തവണ ഈ നേട്ടം സ്വന്തമാക്കിയ ആര്‍സിബിയെയാണ് മറികടന്നത്. 29 തവണ ഈ നേട്ടത്തിലെത്തിയ സോമര്‍സെറ്റാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

203 എന്ന വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഒരു വശത്ത് അഭിഷേക് ശര്‍മ തല്ലിത്തകര്‍ത്തതോടെ 10 റണ്‍സിനോടടുത്ത് റണ്‍റേറ്റിലാണ് പവര്‍പ്ലേയില്‍ ഹൈദരാബാദ് മുന്നേറിയത്. പവര്‍പ്ലേ അവസാനിക്കാന്‍ ഒരു പന്ത് ശേഷിക്കെ അഭിഷേകിനെ മുകേഷ് ചൗധരി പുറത്താക്കി. 24 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമാണ് അഭിഷേക് നേടിയത്. എന്നാല്‍ തൊട്ടടുത്ത പന്തിലാണ് ഹൈദരാബാദിന് കടുത്ത പ്രഹരമേറ്റത്.

1

ടീമിലെ വിശ്വസ്തന്‍ രാഹുല്‍ ത്രിപാഠി ഗോള്‍ഡന്‍ ഡെക്കായി പുറത്ത്. മികച്ച ഫോമിലുള്ള ത്രിപാഠി പെട്ടെന്ന് മടങ്ങിയത് ഹൈദരാബാദിന് കടുത്ത തിരിച്ചടിയായി. നാലാം നമ്പറിലെത്തിയ എയ്ഡന്‍ മാര്‍ക്രം (10 പന്തില്‍ 17) അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. മിച്ചല്‍ സാന്റ്‌നറെ തുടര്‍ച്ചയായി മൂന്നാം സിക്‌സിന് ശ്രമിച്ച മാര്‍ക്രത്തിന് പിഴച്ചു. രവീന്ദ്ര ജഡേജയുടെ കൈയില്‍ ഭദ്രം. ഒരുവശത്ത് ആംഗര്‍ റോളില്‍ കളിച്ച നായകന്‍ കെയ്ന്‍ വില്യംസണെ (47) ഡ്വെയ്ന്‍ പ്രിട്ടോറിയസ് പുറത്താക്കിയത് നിര്‍ണ്ണായകമായി. 37 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സുമാണ് താരം നേടിയത്.

1

ശശാങ്ക് സിങ്ങിനെ (15) മുകേഷ് ചൗധരി പുറത്താക്കിയതോടെ ഹൈദരാബാദിന്റെ വിധി ഏറെക്കുറെ കുറിക്കപ്പെട്ടു. ഇതേ ഓവറില്‍ അപകടകാരിയായ വാഷിങ്ടണ്‍ സുന്ദറിനെ (2) മുകേഷ് ക്ലീന്‍ബൗള്‍ഡാക്കി മത്സരം സിഎസ്‌കെയ്ക്ക് പൂര്‍ണ്ണമായും അനുകൂലമാക്കി മാറ്റി. ഒരു വശത്ത് നിക്കോളാസ് പുരാന്‍ 33 പന്തില്‍ 3 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 64 റണ്‍സ് നേടിയെങ്കിലും വിജയിക്കാന്‍ അത് പോരായിരുന്നു. മുകേഷ് ചൗധരി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രിട്ടോറിയസും സാന്റ്‌നറും ഓരോ വിക്കറ്റും പങ്കിട്ടു.

പ്ലേയിങ് 11: സിഎസ്‌കെ-റോബിന്‍ ഉത്തപ്പ, റുതുരാജ് ഗെയ്ക് വാദ്, ഡെവോന്‍ കോണ്‍വെ, അമ്പാട്ടി റായിഡു, സിമര്‍ജീത് സിങ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മിച്ചല്‍ സാന്റ്‌നര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മുകേഷ് ചൗധരി, മഹേഷ് തീക്ഷണ.

ഹൈദരാബാദ്-അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ ജാന്‍സന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്

Story first published: Sunday, May 1, 2022, 23:17 [IST]
Other articles published on May 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+