IPL 2021: സിഎസ്‌കെയ്ക്കു രണ്ടു ക്യാപ്റ്റന്‍മാര്‍? പ്ലാനിങിന് ധോണിക്കൊപ്പം ഒരാള്‍ കൂടിയുണ്ട്!

ഐപിഎല്ലിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് ഇതിഹാസ നായകന്‍ എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്. മൂന്നു തവണയാണ് ധോണിക്ക് കീഴില്‍ സിഎസ്‌കെ കിരീടം ചൂടിയത്. ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്ന 14ാം സീസണിലും സിഎസ്‌കെ മിന്നുന്ന ഫോമിലായിരുന്നു. നാലാം കിരീടം നേടാനുറച്ച് തന്നെയാണ് തങ്ങള്‍ ഇറങ്ങിയതെന്ന സൂചന അവരുടെ മുന്നേറ്റത്തില്‍ നിന്നും വ്യക്തമായിരുന്നു.
ധോണിയുടെ ഉജ്ജ്വല ക്യാപ്റ്റന്‍സി തന്നെയാണ് സിഎസ്‌കെയുടെ ഏറ്റവും വലിയ കരുത്ത്. അതിനിടെ ധോണിക്കു സിഎസ്‌കെയില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന മറ്റൊരാള്‍ കൂടിയുണ്ടെന്നും ഇരുവരുടെയും ചര്‍ച്ചകള്‍ മണിക്കൂറുകളോളം നീളാറുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിലെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദ്.

ഡുപ്ലെസിയാണ് ഈ താരം
ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഫഫ് ഡുപ്ലെസിയാണ് ധോണിയുടെ ഈ ഉപദേശകനെന്നു ഗെയ്ക്ക്വാദ് വ്യക്തമാക്കി. ധോണിയും ഡുപ്ലെസിയും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്.
രണ്ടു പേരും പരസ്പരം വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്നു. മല്‍സരശേഷം ഇരുവരും തമ്മില്‍ പലപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ട്. ചില നിര്‍ദേശങ്ങളുമായി ഡുപ്ലെസി ധോണിയെ സമീപിക്കാറാണുള്ളത്. കരിയറില്‍ ഈ പ്രായമെത്തിയിട്ടും രണ്ടു പേരും ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും ഗെയ്ക്ക്വാദ് വ്യക്തമാക്കി.

മണിക്കൂറുകളോളം നീളും
ധോണിയുടെയും ഡുപ്ലെസിയുടെയും ചര്‍ച്ചകള്‍ വെറും അഞ്ച്-10 മിനിറ്റ് മാത്രം നീളുന്നതാവുമെന്നു വിചാരിക്കരുത്. ചിലപ്പോള്‍ ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ അവര്‍ പലതും ചര്‍ച്ച ചെയ്യാറുണ്ട്.
ഓരോ ദിവസത്തെയും പരിശീലനത്തിനിടെയും അവര്‍ ചര്‍ച്ചകള്‍ നടത്താറുണ്ട്. മല്‍സരത്തിനിടെ ഒരുപാട് തവണ മഹി ഭായി ഉപദേശം തേടി ഡുപ്ലെസിയെ സമീപിക്കുന്നത് കണ്ടിട്ടുണ്ടെന്നും ഗെയ്ക്ക്വാദ് വെൡപ്പെടുത്തി. 2011ലായിരുന്നു ഡുപ്ലെസി സിഎസ്‌കെ ടീമിന്റെ ഭാഗമായത്. അന്നു മുതല്‍ ടീമിന്റെ അവിഭാജ്യഘടകമാണ് അദ്ദേഹം. നേരത്തേ ദക്ഷിണാഫ്രിക്കയെ മൂന്നു ഫോര്‍മാറ്റുകളിലും നയിച്ച് മികവ് തെളിയിച്ച ക്യാപ്റ്റന്‍ കൂടിയാണ് ഡുപ്ലെസി.

സമാനശൈലിയുള്ളവര്‍
ധോണിയും ഡുപ്ലെസിയും ഏറെക്കുറെ സമാന ശൈലിയുള്ള ക്യാപ്റ്റന്‍മാരാണ്. ധോണിയെപ്പോലെ വളരെ കൂളായിട്ടുള്ള ക്യാപ്റ്റനായിരുന്നു ഡുപ്ലെസിയും. അതുകൊണ്ടു തന്നെ സിഎസ്‌കെയില്‍ ഇരുവരുടെയും കൂട്ടായ്മ ടീമിനു വലിയ മുതല്‍ക്കൂട്ടായി മാറുകയും ചെയ്യുന്നുണ്ട്.
2020ലെ കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായെങ്കിലും ഈ സീസണില്‍ ഗംഭീര തിരിച്ചുവരവാണ് സിഎസ്‌കെ നടത്തിയത്. സീസണ്‍ പകുതിയില്‍ വച്ച് നിര്‍ത്തിവയ്ക്കുമ്പോള്‍ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. ഓപ്പണര്‍ കൂടിയായ ഡുപ്ലെസിയുടെ തകര്‍പ്പന്‍ ഫോം സിഎസ്‌കെയുടെ കുതിപ്പില്‍ നിര്‍ണായകമായി മാറിയിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 320 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ പതിവുപോലെ കസറിയെങ്കിലും ധോണി ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications