മുംബൈ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ താരങ്ങളായ തിയറി ഹെന്റിയും ഡ്വെയ്റ്റ് യോര്‍ക്കും ഫ്രെഡറിക് ലങ്‌ബെര്‍ഗും റോബര്‍ട്ട് പിറസും ലൂയിസ് സാഹയും ഹെര്‍ണന്‍ ക്രെസ്‌പോയും പന്തു കളിക്കാന്‍ നമ്മുടെ നാട്ടിലെത്തുന്നു. റിലയന്‍സും ഐഎംജിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍ കളിക്കാനാണ് ഈ സൂപ്പര്‍ താരങ്ങളെത്തുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്നു പേരിട്ടുള്ള ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ജനുവരിയിലാണ് ആരംഭിക്കുക. ലോകത്തിലെ പ്രമുഖ താരങ്ങളും ദേശീയ താരങ്ങളും പ്രാദേശിക കളിക്കാരും അണി നിരക്കുന്ന എട്ട് ടീമുകളാണ് ലീഗില്‍ കളിയ്ക്കുക. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് മത്സരങ്ങള്‍.

ഫ്രാഞ്ചൈസി ലേലം അടുത്ത മാസം ആദ്യം നടക്കുമെന്നാണ് കരുതുന്നത്. ചുരുങ്ങിയത് 25 കോടി രൂപ ചെലവാക്കിയാല്‍ മാത്രമേ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കാനാകൂ. പക്ഷേ, ലേലം മുറുകിയാല്‍ തുകയും കൂടും.
പുതിയ നീക്കം ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിന് സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി 1500 കോടിയുടെ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.
മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ദില്ലി, ഗുവാഹത്തി, ബാംഗ്ലൂര്‍, കൊച്ചി, ഗോവ, പുനെ എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകളായ ഷാറൂഖ് ഖാന്‍, കലാനിധി മാരന്‍, ജിഎംആര്‍ ഗ്രൂപ്പ്, എമര്‍ജിങ് മീഡിയ എന്നിവര്‍ സൂപ്പര്‍ലീഗിലും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.