IPL: ഞങ്ങള്‍ അതു പറഞ്ഞതോടെ അശ്വിന്‍ സമ്മതിച്ചു! മങ്കാദിങ് നിര്‍ത്തിച്ചതിനെക്കുറിച്ച് ശ്രേയസ്

ഐപിഎല്ലിലെ മങ്കാദിങിന്റെ പേരില്‍ ഏറെ കുപ്രസിദ്ധി നേടിയ താരമാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. മങ്കാദ് നിയമപരമായി അംഗീകരിക്കപ്പെട്ടതാണെങ്കിലും അതിനോടു പലര്‍ക്കും യോജിപ്പില്ല. മാന്യന്‍മാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിനു ഇത് ദുഷ്‌പേരുണ്ടാക്കുമെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത്.
2019ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കവെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറെ മങ്കാദ് ചെയ്തതോടെയാണ് അശ്വിന്‍ വിവാദനായകനായത്. നോണ്‍ സ്‌ട്രൈക്കറായിരുന്ന ബട്‌ലര്‍ താന്‍ ബൗള്‍ ചെയ്യുന്നതിനു മുമ്പ് തന്നെ ക്രീസിന് പുറത്തേക്കു ഇറങ്ങുന്നതായി മനസ്സിലാക്കിയ അശ്വിന്‍ പന്തെറിയുംമുമ്പ് സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും അശ്വിന്‍ താന്‍ ചെയ്തത് ശരിയാണെന്നതില്‍ ഉറച്ചുനിന്നു. പഞ്ചാബ് വിട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു വന്നപ്പോള്‍ അശ്വിനെ എങ്ങനെയാണ് മങ്കാദ് ചെയ്യുന്നതില്‍ നിന്നും തടഞ്ഞതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍.

പോണ്ടിങ് ആവശ്യപ്പെട്ടു
മങ്കാദ് വിവാദം കഴിഞ്ഞ് തൊട്ടടുത്ത സീസണില്‍ ഡിസിയിലെത്തിയ ശേഷം കോച്ചും മുന്‍ ഓസീസ് ഇതിഹാസമായ റിക്കി പോണ്ടിങ് അശ്വിനോട് ആദ്യമായി ആവശ്യപ്പെട്ടത് മങ്കാദ് ചെയ്യരുതെന്നായിരുന്നു. അതിനോടു താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
മങ്കാദ് ഗെയിമിലെ ലളിതമായ നിയമമാണെങ്കിലും ഈ നിയമത്തില്‍ ഞാന്‍ സന്തോഷവാനല്ല. നിയമനിര്‍മാണങ്ങള്‍ നടത്തുന്ന എസിസിയുടെ അംഗമാണ് ഞാനെങ്കിലും ഈ നിയമത്തെ അനുകൂലിക്കുന്നില്ല. ഡെത്ത് ഓവറുകളില്‍ ബാറ്റ്‌സ്മാന്‍മാര്‍ ചെയ്യുന്ന ചതിയില്‍ നിന്നും അവരെ തടയുക മാത്രമാണ് വേണ്ടതെന്നുമായിരുന്നു പോണ്ടിങ് അന്നു പറഞ്ഞത്.

അശ്വിനെ സമ്മതിപ്പിക്കുക എളുപ്പമായിരുന്നില്ല
മങ്കാദ് ഇനി ആവര്‍ത്തിക്കില്ലെന്നു അശ്വിനെക്കൊണ്ട് സമ്മതിപ്പിച്ച് എടുക്കുകയെന്നത് എളുപ്പമായിരുന്നില്ലെന്നു ശ്രേയസ് വെളിപ്പെടുത്തി. ഞങ്ങള്‍ ഇതു ചെയ്യാന്‍ പോവുന്നില്ലെന്നു പറഞ്ഞ് ഞാനും റിക്കിയും ഉറച്ചുനിന്നു. ഇതോടെ അശ്വിനും ഞങ്ങളുടെ തീരുമാനത്തെ അനുകൂലിക്കേണ്ടി വന്നു. ശരി, നിങ്ങള്‍ തീരുമാനിച്ചതെന്തും ഞാനും പാലിക്കും. പക്ഷെ ബാറ്റ്‌സ്മാന്‍ വിചിത്രമായ എന്തെങ്കിലും ചെയ്യുന്നതു വരെയായിരിക്കും ഇതെന്നും അശ്വിന്‍ പറഞ്ഞതായി ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

പിന്നീടുണ്ടായില്ല
കഴിഞ്ഞ രണ്ടു സീസണുകളിലായി അശ്വിന്‍ ഡിസി ടീമിന്റെ താരമാണ്. ശ്രേയസിനും പോണ്ടിങിനും നല്‍കിയ വാക്ക് അദ്ദേഹം ഇനിയും തെറ്റിച്ചിട്ടില്ല. പുനരാരംഭിക്കാന്‍ പോവുന്ന ഐപിഎല്ലിന്റെ 14ാം സീസണില്‍ ഡിസിക്കായി ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ അശ്വിന്‍ കളിച്ചിരുന്നുള്ളൂ. കൊവിഡ് ഭീഷണിയിലായിരുന്ന കുടുംബത്തിനൊപ്പം ചേരാന്‍ അദ്ദേഹം ടീം വിടുകയായിരുന്നു.
എന്നാല്‍ സപ്തംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ശേഷിക്കുന്ന ഐപിഎല്‍ മല്‍സരങ്ങളില്‍ അശ്വിന്‍ ഡിസി ടീമില്‍ തിരിച്ചെത്തും. അടുത്ത സീസണിനു മുമ്പ് മെഗാലേലം നടക്കാനിരിക്കുന്നതിനാല്‍ ഒരുപക്ഷെ ഡിസിക്കൊപ്പം അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കും ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications