
കേപ്ടൗണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികള്‍ നടക്കാനിരിക്കെ വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. തന്റെ ഇന്‍സ്റ്റഗ്രാം വഴിയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ ഐപിഎല്ലിന്റെ 15ാം സീസണില്‍ മോറിസ് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. 'ഇന്ന് ഞാന്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നും എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. വലുതോ ചെറുതോ ആയിക്കോട്ടെ,എന്റെ യാത്രയുടെ ഭാഗമായ എല്ലാവര്‍ക്കും നന്ദി. രസകരമായ യാത്രയായിരുന്നു ഇത്'-മോറിസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ദക്ഷിണാഫ്രിക്കന്‍ ടീമിലെ സ്ഥിര സാന്നിധ്യമല്ലായിരുന്നെങ്കിലും ഫ്രാഞ്ചൈസികളുടെ ഇഷ്ടതാരങ്ങളിലൊരാളായിരുന്നു ക്രിസ് മോറിസ്. 2021ലെ ലേലത്തിലൂടെ ഐപിഎല്ലിലെ ഏറ്റവും പ്രതിഫലം നേടുന്ന താരമെന്ന നേട്ടത്തിലെത്താനും മോറിസിനായിരുന്നു. 16.25 കോടിക്ക് രാജസ്ഥാന്‍ റോയല്‍സാണ് മോറിസിനെ സ്വന്തമാക്കിയത്. ഡെത്ത് ഓവറിലടക്കം മികവ് കാട്ടാന്‍ സാധിക്കുന്ന ബൗളറെന്നതോടൊപ്പം മധ്യനിരയില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനെന്ന നിലയിലും മോറിസ് കൈയടി നേടി. രാജസ്ഥാനൊപ്പം പ്രതിഫലത്തിനൊത്ത പ്രകടനം നടത്താനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ മോറിസിന് സാധിച്ചിരുന്നു.

ക്രിസ് മോറിസിന് മികവിനൊത്ത അവസരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലഭിച്ചിട്ടില്ല. നാല് ടെസ്റ്റില്‍ നിന്ന് 173 റണ്‍സും 12 വിക്കറ്റും 42 ഏകദിനത്തില്‍ നിന്ന് 468 റണ്‍സും 48 വിക്കറ്റും 23 ടി20യില്‍ നിന്ന് 133 റണ്‍സും 34 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാനും ബൗളറുമൊക്കെത്തന്നെയാണെങ്കിലും പലപ്പോഴും ദേശീയ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. സ്ഥിരതയില്ലാത്ത താരമാണ് മോറിസ്. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കാതെ പോയതും. തിളങ്ങുന്ന നിമിഷം എതിരാളികളെ ഒന്നടക്കം തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ് മോറിസ്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ പല തവണ അദ്ദേഹമത് തെളിയിച്ചിട്ടുമുണ്ട്.
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് ക്രിസ് മോറിസ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്,രാജസ്ഥാന്‍ റോയല്‍സ്,ഡല്‍ഹി ക്യാപിറ്റല്‍സ്,റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകളുടെയെല്ലാം ഭാഗമാവാന്‍ മോറിസിനായി. 81 ഐപിഎല്ലില്‍ നിന്നായി 618 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 95 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 23 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ്കാട്ടാന്‍ കെല്‍പ്പുണ്ടെങ്കിലും 8.1 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി. ബിഗ് ബാഷ് ലീഗ്,കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയിലെല്ലാം സജീവമായിത്തന്നെ മോറിസ് ഉണ്ടായിരുന്നു.

34ാം വയസില്‍ത്തന്നെ വിരമിക്കല്‍ തീരുമാനത്തിലേക്കെത്തിയെന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ഫ്രാഞ്ചൈസി ടീമായ ടൈറ്റാന്‍സിന്റെ പരിശീലകനാവുന്നതിനായാണ് മോറിസ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാന്റ് തോംസണ്‍ ക്യാപ്റ്റനായുള്ള ടീമില്‍ പല സൂപ്പര്‍ താരങ്ങളും കളിക്കുന്നത്. ഡേവിഡ് വൈസി,ക്വിന്റന്‍ ഡീകോക്ക്,ഹെന്‍ റിച്ച് ക്ലാസന്‍,തബ്രൈസ് ഷംസി എന്നിവരെല്ലാം ഈ ടീമിന്റെ ഭാഗമാണ്. ക്രിസ് മോറിസും ടീമിന്റെ താരമായിരുന്നു. ഇവിടെ നിന്നാണ് അദ്ദേഹം ടീമിന്റെ പരിശീലകസ്ഥാനത്തേക്കെത്തുന്നത്.
നന്ദിയോടെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നുവെന്നാണ് മോറിസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എന്തായാലും പുതിയ റോളിലും അദ്ദേഹം മോശമാക്കില്ലെന്ന് പ്രതീക്ഷിക്കാം. വിരമിക്കല്‍ പ്രഖ്യാപിച്ച മോറിസിന് ആര്‍സിബി തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്. സിഎസ്‌കെയില്‍ ധോണിക്ക് കീഴില്‍ കളിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിരുന്നു.