
മൈക്കല്‍ ഹസ്സി (2008)
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സെഞ്ച്വറി വേട്ടയ്ക്കു തുടക്കമിട്ടത് ഓസ്‌ട്രേലിയയുടെ മുന്‍ താരം മൈക്കല്‍ ഹസ്സിയാണ്. 2008ലെ പ്രഥമ സീസണിലായിരുന്നു അദ്ദേഹം സിഎസ്‌കെയ്ക്കായി സെഞ്ച്വറി കുറിച്ചത്.
2008 ഏപ്രില്‍ 19ന് പഞ്ചാബി കിങ്‌സുമായി (കിങ്‌സ് ഇലവന്‍ പഞ്ചാബ്) നടന്ന മല്‍സരത്തിലാണ് മൂന്നാമനായി ഇറങ്ങി ഹസ്സി സെഞ്ച്വറി കുറിച്ചത്. അന്നു പുറത്താവാതെ 116 റണ്‍സാണ് താരം നേടിയത്. 54 ബോളില്‍ എട്ടു ബൗണ്ടറികളും ഒമ്പത് സിക്‌സറും ഹസ്സിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. സിഎസ്‌കെ ജയിച്ച മല്‍സരത്തില്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.

മുരളി വിജയ് (2010, 12)
2009ല്‍ സിഎസ്‌കെയുടെ ആരും സെഞ്ച്വറി നേടിയില്ല. 2010ല്‍ ഇന്ത്യന്‍ താരം മുരളി വിജയ് ടീമിന്റെ രണ്ടാം സെഞ്ച്വറിക്കു അവകാശിയായി. സിഎസ്‌കെയുടെ ആദ്യത്തെ ഇന്ത്യന്‍ സെഞ്ച്വറി വീരനും അദ്ദേഹമാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയിലാണ് അദ്ദേഹം 127 റണ്‍സെടുത്തത്. വെറും 56 ബോളുകളില്‍ നിന്നായിരുന്നു ഇത്. 11 സിക്‌സറുകളും എട്ടു ബൗണ്ടറികളും വിജയ് നേടി. മല്‍സരത്തില്‍ സിഎസ്‌കെ 23 റണ്‍സിനു ജയിക്കുകയും ചെയ്തു.

2010ല്‍ സിഎസ്‌കെയ്ക്കു സെഞ്ച്വറിയില്ലാത്ത സീസണായിരുന്നു. 2012ല്‍ മുരളി വിജയ് തന്നെ ഇതു അവസാനിപ്പിക്കുകയും ചെയ്തു.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) നടന്ന രണ്ടാം ക്വാളിഫയറില്‍ വിജയ് കത്തിക്കയറി. 58 ബോളില്‍ 15 ബൗണ്ടറികളും നാലു സിക്‌സറുമടക്കം 113 റണ്‍സാണ് താരം അടിച്ചെടുത്തത്. മല്‍സരത്തില്‍ സിഎസ്‌കെ 86 റണ്‍സിന്റെ ആധികാരിക വിജയവും സ്വന്തമാക്കി.

സുരേഷ് റെയ്‌ന (2013)
2013ല്‍ ചിന്നത്തലയെന്നും മിസ്റ്റര്‍ ഐപിഎല്ലെന്നുമറിയപ്പെടുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നാലാം സെഞ്ച്വറിക്കു അര്‍ഹനായി. പഞ്ചാബ് കിങ്‌സിനെതിരേയാണ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) റെയ്‌ന മൂന്നക്കം കടന്നത്. മേയ് രണ്ടിനു പഞ്ചാബുമായി നടന്ന കളിയിലാണ് മൂന്നാം നമ്പറില്‍ ഇറങ്ങി താരം അപരാജിത സെഞ്ച്വറി കുറിച്ചത്. 53 ബോളുകളില്‍ നിന്നും ഏഴു ബൗണ്ടറികളും ആറു സിക്‌സറുമടക്കം പുറത്താവാതെ 100 റണ്‍സാണ് റെയ്‌ന നേടിയത്. മല്‍സരത്തില്‍ 15 റണ്‍സിനായിരുന്നു സിഎസ്‌കെയുടെ വിജയം. പ്ലെയര്‍ ഓഫ് ദി മാച്ചായും റെയ്‌ന തിരഞ്ഞെടുക്കപ്പെട്ടു.

ബ്രെന്‍ഡന്‍ മക്കെല്ലം (2015)
2014ല്‍ സെഞ്ച്വറി അകന്നുനിന്നപ്പോള്‍ 2015ല്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ സൂപ്പര്‍ താരം ബ്രെന്‍ഡന്‍ മക്കെല്ലം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സെഞ്ച്വറി കുറിച്ചു. സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് ഓപ്പണറായി ഇറങ്ങി മക്കെല്ലം അപരാജിത സെഞ്ച്വറി കുറിച്ചത്.
56 ബോളുകളില്‍ നിന്നും ഒമ്പതു സിക്‌സറും ഏഴു ബൗണ്ടറികളുമടക്കം 100 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നില്‍ക്കുകയായിരുന്നു. സിഎസ്‌കെ 45 റണ്‍സിന്റെ മിന്നുന്ന ജയം കൊയ്ത മല്‍സരത്തില്‍ മക്കെല്ലമായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

ഷെയന്‍ വാട്‌സന്‍ (രണ്ട് സെഞ്ച്വറി, 2018), അമ്പാട്ടി റായുഡു (2018)
2016, 17 സീസണുകളില്‍ സസ്‌പെന്‍ഷനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനു കളിക്കാനായില്ല. 2018ല്‍ ലീഗിലേക്കുള്ള തിരിച്ചുവരവ് കിരീടവിജയത്തോടെയായിരുന്നു സിഎസ്‌കെ ആഘോഷിച്ചത്. മാത്രമല്ല ടീമിനു വേണ്ടി രണ്ടു താരങ്ങളാണ് മൂന്നു സെഞ്ച്വറികള്‍ സീസണില്‍ അടിച്ചെടുത്തത്.
ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ രണ്ടു സെഞ്ച്വറികള്‍ സീസണില്‍ വാരിക്കൂട്ടി. മറ്റൊരു സെഞ്ച്വറി അമ്പാട്ടി റായുഡുവിന്റെ വകയായിരുന്നു. ഏപ്രില്‍ 20ന് രാജസ്ഥാന്‍ റോയല്‍സിനെതിരേയായിരുന്നു വാട്‌സന്റെ ആദ്യ സെഞ്ച്വറി. 57 ബോളില്‍ ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുമടക്കം 106 റണ്‍സാണ് അദ്ദേഹം നേടിയത്.

മേയ് 27ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും വാട്‌സന്‍ സെഞ്ച്വറിയുമായി കസറി. ഇത്തനണ റണ്‍ചേസിലായിരുന്നു താരം തിളങ്ങിയത്. 57 ബോളില്‍ 11 ബൗണ്ടറികളും എട്ടു സിക്‌സറുമടക്കം പുറത്താവാതെ 117 റണ്‍സ് വാട്‌സന്‍ നേടി. എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് സിഎസ്‌കെ നേടിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ തന്നെ സീസണിലെ ആദ്യപാദ മല്‍സരത്തിലാണ് റായുഡു സെഞ്ച്വറി സ്‌കോര്‍ ചെയ്തത്. ഓപ്പണറായി ഇറങ്ങിയ അദ്ദേഹം റണ്‍ചേസിലാണ് 62 ബോളില്‍ ഏഴു വീതം ബൗണ്ടറികളും സിക്‌സറുമടക്കം പുറത്താവാതെ 100 റണ്‍സെടുത്തത്.

റുതുരാജ് ഗെയ്ക്വാദ് (2021)
2019, 20 സീസണുകളില്‍ സിഎസ്‌കെയുടെ ആരും തന്നെ സെഞ്ച്വറി നേടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സീസണില്‍ യുവതാരം റുതുരാജ് ഗെയ്ക്വാദ് സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു. യുഎഇയിലെ രണ്ടാംപാദത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ നടന്ന മല്‍സരത്തിലാണ് റുതുരാജ് തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചത്. 60 ബോളുകളില്‍ നിന്നും ഒമ്പതു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം താരം പുറത്താവാതെ 101 റണ്‍സെടുക്കുകയായിരുന്നു.
പക്ഷെ റുതുരാജിന്റെ സെഞ്ച്വറിക്കു ടീമിനെ രക്ഷിക്കാനായില്ല. 190 റണ്‍സിന്റെ വിജയലക്ഷ്യം റോയല്‍സ് 17.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ശിവം ദുബെ (64*), യശസ്വി ജയ്‌സ്വാള്‍ (50) എന്നിവരായിരുന്നു റോയല്‍സന്റെ പ്രധാന സ്‌കോറര്‍മാര്‍.


Click it and Unblock the Notifications











