
ഫേവറിറ്റ് മുംബൈ ഇന്ത്യന്‍സ് താരം ആരാണെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ജസ്പ്രീത് ബുംറയെന്നായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ മറുപടി. മുംബൈ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയെ പോലും പിന്തള്ളിയാണ് തന്റെ പ്രിയതാരം ബുംറയാണെന്നു അര്‍ജുന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന സീസണിനു മുന്നോടിയായി മുംബൈ നിലനിര്‍ത്തിയ നാലു താരങ്ങളില്‍ രോഹിത്തും ബുംറയുമുണ്ട്. സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് മുംബൈ നിലനിര്‍ത്തിയ മറ്റു കളിക്കാര്‍.

അര്‍ജുന്‍ ടെണ്ടുല്‍ക്കറും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഒരുപാട് വര്‍ഷങ്ങളായുള്ള ബന്ധമാണുള്ളത്. നേരത്തേ മുംബൈ ടീമിലെ നെറ്റ് ബൗളറായിരുന്നു താരം. ഒടുവില്‍ കഴിഞ്ഞ സീസണില്‍ അര്‍ജുന്‍ മുംബൈ ടീമിലെ ഔദ്യോഗിക അംഗമായി മാറി. ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു അദ്ദേഹത്തെ മുംബൈ വാങ്ങിയത്. ലേലത്തില്‍ അര്‍ജുന് വേണ്ടി താല്‍പ്പര്യം പ്രകടിപ്പച്ച ഏക ഫ്രാഞ്ചൈസിയും മുംബൈയായിരുന്നു.

അര്‍ജുനെ മുംബൈ വാങ്ങിയ ശേഷം സച്ചിന്റെ മകനായതു കൊണ്ടുമാത്രമാണ് ഫ്രാഞ്ചൈസി ഇങ്ങനെയൊരു നീക്കം നടത്തിയതെന്നതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ കഴിവ് മാത്രം മാനദണ്ഡമാക്കിയാണ് അര്‍ജുനെ ടീമിലേക്കു കൊണ്ടു വന്നതെന്നു മുഖ്യ കോച്ച് മഹേല ജയവര്‍ധനെ, ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയരക്ടര്‍ സഹീര്‍ ഖാന്‍ എന്നിവരെല്ലാം വിശദീകരിച്ചിരുന്നു.

മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് നിര്‍ണായക താരമാണ് ജസ്പ്രീത് ബുംറ. മുംബൈയിലുടെ കരിയറാരംഭിച്ച അദ്ദേഹത്തിനു ദേശീയ ടീമിലേക്കു വഴി തുറന്നതും മുംബൈയ്‌ക്കൊപ്പമുളള മികച്ച പ്രകടനങ്ങളായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി മുംബായുടെ കടുംനീല ജഴ്‌സിയില്‍ ബുംറയുണ്ട്.
ഇത്തവണ ലേലത്തിനു മുമ്പ് 12 കോടി രൂപയ്ക്കാണ് ലോകത്തിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ബുംറയെ മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്.

ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ 106 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 18.63 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 130 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 23.05 എന്ന ശരാശരിയും പേസര്‍ക്കുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാണ് ബുംറ. സൗത്താഫ്രികയ്‌ക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. ദേശീയ ടീമിനായി 27 ടെസ്റ്റുകളും 70 ഏകദിനങ്ങളും 55 ടി20കളും ബുംറ കളിച്ചിട്ടുണ്ട്.ഏകദിനത്തിലും ടെസ്റ്റിലും 113 വീതവും ടി20യില്‍ 66ഉം വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് ജസ്പ്രീത് ബുംറയെ അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കണ്ടത്. പര്യടനത്തിലെ ആറു മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരയില്‍ ബുംറയ്ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്.


Click it and Unblock the Notifications











