
ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലാം കിരീടം ചൂടിയ കഴിഞ്ഞ സീസണില്‍ അവസാനത്തെ ചില മല്‍സരങ്ങളില്‍ മാത്രമാണ് റോബിന്‍ ഉത്തപ്പയ്ക്കു കളിക്കാന്‍ അവസരം ലഭിച്ചത്. പിന്നീട് ഫൈനലിലുള്‍പ്പെടെ അദ്ദേഹം കളിക്കുകയും ചെയ്തു. ഫൈനലില്‍ വെടിക്കെട്ട് പ്രകടനം ഉത്തപ്പ നടത്തുകയും ചെയ്തു. ഇതോടെയാണ് ഇത്തവണത്തെ ലേലത്തില്‍ അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ സിഎസ്‌കെ തീരുമാനിച്ചത്. ലേലത്തില്‍ ഉത്തപ്പയ്ക്കായി താല്‍പ്പര്യം പ്രകടിപ്പിച്ച ഒരേയൊരു ഫ്രാഞ്ചൈസിയും അവര്‍ തന്നെയായിരുന്നു.

ഒരുപാട് മുമ്പെഴുതിയ ഒരു പരീക്ഷയുടെ ഫലം നിങ്ങള്‍ കാത്തിരിക്കുന്നതു പോലെയാണ് ഐപിഎല്‍ ലേലം തനിക്ക് അനുഭവപ്പെടാറുള്ളതെന്നു റോബിന്‍ ഉത്തപ്പ വ്യക്തമാക്കി. നിങ്ങള്‍ക്കു സ്വയം ഒരു കന്നുകാലിയെപ്പോലെയാണ് തോന്നുക. സത്യസന്ധമായി പറയട്ടെ, ഒട്ടും തന്നെ സന്തോഷം നല്‍കുന്ന ഒരു വികാരമല്ല ഇത്. ക്രിക്കറ്റിനെക്കുറിച്ചുള്ള കാര്യമാണിതെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ചും ഇന്ത്യയില്‍ ക്രിക്കറ്റ് വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഗെയിമാണ്. ഒരു താരത്തിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായം പറയുന്നതാണ് ഒരു കാര്യം. പക്ഷെ നിങ്ങള്‍ ലേലത്തില്‍ എത്ര വിലയ്ക്ക് വില്‍ക്കപ്പെടുന്നുവെന്നതിനെക്കുറിച്ച് അഭിപ്രായമുണ്ടായിരിക്കുന്നത് വേറെ കാര്യമാണെന്നും റോബിന്‍ ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

ലേലത്തില്‍ വില്‍ക്കപ്പെടാതെ പോവുന്ന കളിക്കാരുടെ മനോവികാരം നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ല. അതൊരിക്കലും സന്തോഷകരമായിരിക്കില്ല. ദീര്‍ഘകാലം ഐപിഎല്ലിന്റെ ഭാഗമായിരിക്കുകയും പക്ഷെ ഇത്തവണ ലേലത്തില്‍ ആരും വാങ്ങാതെ പോവുകയും ചെയ്തവര്‍ക്കൊപ്പമാണ് എന്റെ മനസ്സ്. ചില സമയങ്ങളില്‍ ഇതു തോല്‍പ്പിക്കുന്നതിനു തുല്യമാണ്. ഒരു ക്രിക്കറ്ററെന്ന നിലയില്‍ നിങ്ങളുടെ മൂല്യം പെട്ടെന്നു മാറുകയാണ്, ഇതു വളരെ ആകസ്മികവുമാണ്. ഈയൊരു ഭ്രാന്തിന് പ്രത്യേകിച്ചൊരു രീതിയുമില്ലെന്നും റോബിന്‍ ഉത്തപ്പ പറയുന്നു

കഴിഞ്ഞ 15 വര്‍ഷമായി ഐപിഎല്‍ ലേലത്തിലെ മുഷ്ടിയുദ്ധത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ആളുകള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവര്‍ക്കു ഇതേക്കുറിച്ച് എന്തെങ്കിലും ക്ലൂ ഉണ്ടായിരുന്നോയെന്നു എനിക്കറിയില്ല. കാരണം ലേലത്തിലുണ്ടായിരുന്ന ഒരുപാട് ആളുകളുമായി നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ അത് അടുക്കും ചിട്ടയുമില്ലാത്ത കാര്യമാണെന്നാണ് അവര്‍ പറയുക. നിങ്ങള്‍ വൈകിയെത്തുകയാണെങ്കില്‍ കൂടുതല്‍ പണം സമ്പാദിച്ചേക്കാം.

ലേലത്തില്‍ ആദ്യമെത്തിയാലാവാട്ടെ ഫ്രാഞ്ചൈസികളുടെ പക്കല്‍ മതിയായ പണമുണ്ടാവും, അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു കൂടുതല്‍ പണവും ലഭിക്കാം. അതുകൊണ്ടു തന്നെ ലേലമൊഴിവാക്കി കൂടുതല്‍ മാന്യമായ ഡ്രാഫ്റ്റ് സംവിധാനത്തിലേക്കു പോവണമെന്നു ഞാന്‍ പ്രതീക്ഷിക്കുകയാണ്. അത് കൂടുതല്‍ ആദരിക്കപ്പെടുന്നതുമാണെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂടിയായ റോബിന്‍ ഉത്തപ്പ. കരിയറില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമാവാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പൂനെ വാരിയേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കു വേണ്ടി കളിച്ച ശഷമാണ് ഉത്തപ്പ 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയത്.


Click it and Unblock the Notifications











