
തുടര്‍ച്ചയായ രണ്ടാം കിരീടം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ പുതിയ നായകന്‍ രവീന്ദ്ര ജഡേജയ്ക്കു കീഴിലാണ് അങ്കത്തട്ടിലിറങ്ങിയത്. പക്ഷെ ക്യാപ്റ്റനായുള്ള ജഡ്ഡുവിന്റെ തുടക്കം അമ്പെ പാളിയിരിക്കുകയാണ്.
ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു തോറ്റു കൊണ്ടാണ് സിഎസ്‌കെ തുടങ്ങിയത്. രണ്ടാം റൗണ്ടില്‍ ഈ സീസണിലെ പുതുമുഖങ്ങളായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടും അവസാന കളിയില്‍ പഞ്ചാബ് കിങ്‌സിനോടും സിഎസ്‌കെയ്ക്കു പരാജയം സമ്മതിക്കേണ്ടി വന്നു. ടൂര്‍ണമെന്റില്‍ മുമ്പൊരിക്കലും സിഎസ്‌കെ ഒരു സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും തോറ്റിട്ടില്ല. 2020ല്‍ മാത്രമേ പ്ലേഓഫില്‍ എത്താതെ പോയിട്ടുള്ളൂ.

മുംബൈ ഇന്ത്യന്‍സിന്റെ കാര്യമെടുത്താല്‍ ആദ്യ കളിയില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് അവരെ തകര്‍ത്തുവിട്ടത്. രണ്ടാമത്തെ കളിയില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനു മുന്നിലും മുംബൈ മുട്ടുമടക്കി.
ഏറ്റവും അവസാനമായി ബുധനാഴ്ച രാത്രി നടന്ന കളിയില്‍ ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും മുംബൈയെ കശാപ്പ് ചെയ്തു. മുംബൈയെ സംബന്ധിച്ച് സീസണിന്റെ തുടക്കത്തിലെ ഈ മോശം പ്രകടനം അത്ര പുത്തരിയല്ല. നേരത്തേ നാലു സീസണുകളില്‍ ഈ പ്രതിസന്ധിയിലൂടെ മുംബൈ കടന്നുപോയിട്ടുണ്ട്.

തുടര്‍ച്ചയായി മൂന്നു കളികളില്‍ തോറ്റെങ്കിലും മുംബൈ ഇന്ത്യന്‍സിനെ തള്ളിക്കളയാന്‍ സാധിക്കില്ല. കാരണം നേരത്തേ ഇത്തരം ഘട്ടങ്ങളില്‍ നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ചരിത്രം അവര്‍ക്കു ചൂണ്ടിക്കാണിക്കാനുണ്ട്. 2015ല്‍ ആദ്യത്തെ നാലു കളികളിലും തോറ്റു കൊണ്ടാണ് ഹിറ്റ്മാനും സംഘവും തുടങ്ങിയത്. പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കെതിരേയായിരുന്നു മുംബൈയുടെ തോല്‍വികള്‍. മാത്രമല്ല നാലാമത്തെ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും അവര്‍ പരാജയം രുചിച്ചിരുന്നു.

പക്ഷെ ഇതൊന്നും മുംബൈയെ തളര്‍ത്തിയില്ല. അടുത്ത 10 മല്‍സരങ്ങളില്‍ എട്ടിലും ജയിച്ച് മുംബൈ പ്ലേഓഫിലേക്കു മുന്നേറുകയായിരുന്നു. മാത്രമല്ല ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 41 റണ്‍സിനു തകര്‍ത്ത് ജേതാക്കളാവുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച തിരിച്ചുവരവെന്നാണ് ഇതു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2015ല്‍ മാത്രമല്ല 2014ലെ ഐപിഎല്ലിലും മുംബൈ ഇന്ത്യന്‍സ് സമാനമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു. അന്നു സീസണിലെ ആദ്യത്തെ അഞ്ചു കളികളിലും തോറ്റു കൊണ്ടായിരുന്നു മുംബൈയുടെ തുടക്കം.
ഇതോടെ മുംബൈയെ എല്ലാവരും എഴുതിത്തള്ളുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ മുംബൈ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കടക്കുകയായിരുന്നു. പക്ഷെ പ്ലേഓഫില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോല്‍ക്കുകയായിരുന്നു. എലിമിനേറ്ററില്‍ ഏഴു വിക്കറ്റിനായിരുന്നു സിഎസ്‌കെയുടെ വിജയം.

പക്ഷെ 2015ല്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ നാലു കളികളിലും തോറ്റ് തിരിച്ചുവന്ന് കപ്പടിച്ചതിനു ശേഷം മറ്റൊരു ടീമിനും തിരിച്ചുവരവ് നടത്തി പ്ലേഓഫിലെത്താനായിട്ടില്ല. 2018ലെ ഐപിഎല്ലില്‍ മുംബൈ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും തോറ്റിരുന്നു. അവര്‍ അന്നു പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു.
2019ല്‍ ആദ്യത്തെ മൂന്നു കളികളിലും തോറ്റ ടീമുകളായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും. ഇവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലാണ് പിന്നീട് ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണിലെ ആദ്യ മൂന്നു മല്‍സരങ്ങളും തോറ്റ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പിന്നീട് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അവര്‍ സീസണ്‍ അവസാനിപ്പിച്ചത്.


Click it and Unblock the Notifications











