കാണികളില്ലാതെ അങ്കം... ഏതു നടത്താം? ഐപിഎല്ലോ, ടി20 ലോകകപ്പോ? മാക്‌സ്വെല്‍ പറയുന്നു
സിഡ്‌നി: രാജ്യത്തു കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ അനിശ്ചിതത്വത്തിലായ ഐപിഎല്ലിന്റെ 13ാം സീസണ്‍ ഇനി എന്നാരംഭിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ ഏപ്രില്‍ 15ലേക്കു ബിസിസിഐ മാറ്റി വച്ചിരുന്നു. ഇതിനിടെ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണും പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 14ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടാന്‍ കേന്ദ്ര് തീരുമാനിച്ചതോടെ ഐപിഎല്‍ ഇനിയും വൈകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
അതിനിടെ അടച്ചിട്ട സ്റ്റേഡിയത്തില്‍, കാണികളില്ലാതെ ഐപിഎല്‍ നടത്തുകയെന്നത് പ്രായോഗികമാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. പുതിയ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് അദ്ദേഹം.

ഐപിഎല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുകയെന്നതാണ് ഏറ്റവും മികച്ച ഓപ്ഷന്‍. എന്നാല്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് കാണികളില്ലാതെ സംഘടിപ്പിക്കുകയെന്നത് അസാധ്യമാണെന്നും മാക്‌സ്വെല്‍ ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കുന്നത്. എന്നാല്‍ ഇതു നീട്ടി വയ്ക്കുന്നതിനെക്കുറിച്ച് ഐസിസി ഇതുവരെ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല. ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ ഇതേ സമയക്കു ഐപിഎല്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്.

കാണികളില്ലാതെയും ഐപിഎല്ലില്‍ തങ്ങള്‍ക്കു കളിക്കാം. പക്ഷെ ടി20 ലോകകപ്പ് അങ്ങനെയല്ല, ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. കാണികളുടെ സാന്നിധ്യം കൂടിയാണ് ലോകകപ്പിനെ കൂടുതല്‍ ആവേശകരമാക്കുന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ലോകകപ്പ് നടത്താന്‍ ഐസിസി ധൈര്യപ്പെടുമെന്ന് കരുതുന്നില്ല. എല്ലാവരുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കപ്പെടേണ്ടത് വളരെ പ്രധാനമാണെന്നു മാക്‌സ്വെല്‍ കൂട്ടിച്ചേര്‍ത്തു.
വൈറസ് ബാധ നിയന്ത്രണ വിധേയമായാല്‍ മാത്രമേ ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാന്‍ സാധ്യതയുള്ളൂ. നിലവില്‍ ഈ വിഷയത്തില്‍ ഐസിസി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ എന്നല്ല മറ്റൊരു മല്‍സരത്തെക്കുറിച്ചും ലോകത്തൊരിടത്തും ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം. തല്‍ക്കാലം ഐപിഎല്‍ മറന്നേക്കൂയെന്നും ടൂര്‍ണമെന്റ് ഇനിയുമേറെ നീളുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിവിധ ഫ്രാഞ്ചൈസി ഉടമകളുമായി ബിസിസിഐ വൈകാതെ ചര്‍ച്ച നടത്തുമെന്നും അതിനു ശേഷം ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ഗാംഗുലി അറിയിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications