മുംബൈ: കൊവിഡ്-19നെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഐപിഎംല്ലിന്റെ 13ാം സീസണിന് ഏറ്റവും ഉചിതമായ സമയം നിര്‍ദേശിച്ച് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ ഐപിഎല്‍ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തു കൂടുതല്‍ പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു മാറ്റുകയായിരുന്നു. ഇതിനിടെ രാജ്യത്തു 21 ദിവസത്തെ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടിയതോടെയാണ് ഐപിഎല്‍ വീണ്ടും മാറ്റേണ്ടിവന്നത്.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ഐപിഎല്‍ നടത്തുന്നതാണ് ഏറ്റവും ഉചിതമെന്ന് ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. അത് ലോകകപ്പിനു മുമ്പ് താരങ്ങള്‍ക്കു മികച്ച തയ്യാറെടുപ്പിനായി സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1ലെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐപിഎല്‍ വലിയ ടൂര്‍ണമെന്റാണെന്നു പല ക്രിക്കറ്റ് ബോര്‍ഡുകളും അംഗീകരിച്ച കാര്യമാണ്. ലോകകപ്പിനു തൊട്ടുമുമ്പ് ഐപിഎല്‍ സംഘടിപ്പിച്ചാല്‍ അത് താരങ്ങള്‍ക്കു വലിയ ഗുണം ചെയ്യും. എന്നാല്‍ ഇപ്പോഴത്തെ ഈ സാഹചര്യം മറികടന്ന് നമുക്ക് സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തേണ്ടതുണ്ട്. ആരുടെയും ജീവന്‍ അപകടത്തില്ലെന്നു ഉറപ്പാക്കുകയും വേണം. അങ്ങനെ സംഭവിച്ചാല്‍ ഈ വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടിന്റെ തുടക്കം ഐപിഎല്ലോടെ ആയിരിക്കുമെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

നേരത്തേ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോനും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഐപിഎല്ലും ടി20 ലോകകപ്പും അടുത്തടുത്ത് നടത്തുകയാണെങ്കില്‍ പ്രത്യേക വിന്‍ഡോ തന്നെ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ചിന്ത ഇങ്ങനെയാണ്. ഐപിഎല്‍ അഞ്ചാഴ്ച ദൈര്‍ഘ്യമുള്ളതാവണം. ഇത് അവസാനിക്കുന്നതോടെ ടി20 ലോകകപ്പും ഓസ്‌ട്രേലിയയില്‍ ആരംഭിക്കണം. ലോകകപ്പിനു മുമ്പ് എല്ലാ താരങ്ങള്‍ക്കും നല്ലൊരും വാംഅപ്പായിരിക്കും ഐപിഎല്‍. അതേസമയം, ഐപിഎല്ലും ലോകകപ്പും നടക്കുകയെന്നത് വളരെ പ്രധാനമാണെന്നും വോന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.