സഞ്ജുവടക്കമുള്ളവര്‍ 200 പ്ലസ്, ഗില്ലിനെക്കൊണ്ട് ഈ പണി പറ്റില്ല!! തുറന്നടിച്ച് മുന്‍ താരം
ഇന്ത്യന്‍ ടി20 ടീമിലേക്കു ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് ശൈലിക്കെതിരേ മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍. യുവ ഓപ്പണിങ് ബാറ്ററുടെ മോശം സ്‌ട്രൈക്ക് റേറ്റിനെതിരേയാണ് അദ്ദേഹം ആഞ്ഞടിച്ചത്.
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ കൂടിയായ ഗില്‍ മോശമല്ലാത്ത പ്രകടനമാണ് ഐപിഎല്ലില്‍ ഇതിനകം കാഴ്ചവച്ചിട്ടുള്ളത്. പക്ഷെ ആധുനിക ടി20യിലെ പല അഗ്രസീവ് ബാറ്റര്‍മാരെയും പോലെ കിടിലനൊരു സ്‌ട്രൈക്ക് അവകാശപ്പെടാനില്ല.
ഈ കാരണത്താല്‍ തന്നെ ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹത്തിനു ഒരു രണ്ടാം വരവ് ഉണ്ടാവുമോയെന്ന കാര്യവും സംശയമാണ്. അതിനിടെയാണ് ഗില്ലിനെതിരേയുള്ള മഞ്ജരേക്കറുടെ വിമര്‍ശനം.

തുറന്നടിച്ച് മഞ്ജരേക്കര്‍
സ്‌പോര്‍ട്‌സ് സ്റ്റാറിന്റെ (Sports Star) യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ടി20യില്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് ശൈലിക്കെതിരേ സഞ്ജയ് മഞ്ജരേക്കര്‍ ആഞ്ഞടിച്ചത്.
'ഈ ഐപിഎല്ലില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, പ്രിയാന്‍ഷ് ആര്യ ഉള്‍പ്പെടെയുള്ള താരങ്ങള്‍ 200 പ്ലസ് സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്കു കൊണ്ടിരിക്കുന്നത്. ടി20യെന്നത് ശുഭ്മന്‍ ഗില്ലിന്റെ സ്വാഭാവിക ഫോര്‍മാറ്റല്ല.
അതേസമയം, ഗില്ലിന്റെ സാങ്കേതിക മികവ് ഗംഭീരവുമാണ്. 200 പ്ലസ് സ്‌ട്രൈക്ക് റേറ്റുള്ള ഈ അതിവേഗ യുഗത്തില്‍ ഇതൊരു ബാധ്യതയായി മാറിയിരിക്കുകയാണ്.
ലീഗില്‍ സ്‌ട്രൈക്ക് റേറ്റുകള്‍ റോക്കറ്റ് വേഗതയില്‍ കുതിച്ചുയരുകയാണ്. ഈ ഇംപക്ട് പ്ലെയര്‍ തലമുറയിലെ 190 പ്ലസ് സ്‌ട്രൈക്ക് റേറ്റേുമായി താരതമ്യം ചെയ്യുമ്പോള്‍ ഗില്ലിന്റെ 154യെന്നത് കുറവായിട്ടാണ് കാണപ്പെടുന്നത്. ഇന്ത്യന്‍ ടീമില്‍ മുന്‍നിരയില്‍ സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹം ബുദ്ധിമുട്ടുക തന്നെ ചെയ്യും'- മഞ്ജരേക്കര്‍ വിശദമാക്കി.
ഗില്ലിന്റെ പ്രകടനം
ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം ശുഭ്മന്‍ ഗില്‍ കളിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തെ ഐപിഎല്‍. പക്ഷെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലൊരു അസാധാരണ പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
ഒമ്പതു മല്‍സരങ്ങളിലാണ് ഈ സീസണില്‍ ഗില്‍ കളിച്ചത്. ഇവയില്‍ നിന്നും 42 ശരാശരിയില്‍ 154.91 സ്‌ട്രൈക്ക് റേറ്റില്‍ നേടിയതാവട്ടെ 378 റണ്‍സുമാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഇന്ത്യയുടെ ഇപ്പോഴത്തെ ടി20 ടീമിലേക്കു മടങ്ങിയെത്താന്‍ ഈ പ്രകടനം മതിയാവില്ലെന്നതാണ് യാഥാര്‍ഥ്യം.

കാരണം വളര മികച്ച പ്രഹരശേഷിയുള്ള അപടകാരികളായ പല യുവ ബാറ്റര്‍മാരും ഇന്ത്യന്‍ ടീമിലേക്കു വിളി കാത്തിരിക്കുകയാണ്. ഗില്ലിനേക്കാള്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രന്‍ സിങ്, പ്രിയാന്‍ഷ് ആര്യ തുടങ്ങിയവരുടെ പേരുകള്‍ എടുത്തു പറയേണ്ടതുമാണ്.
അതേസമയം, ഗില്ലിന്റെ ഇന്ത്യന്‍ ടി20 കരിയറിലേക്കു വന്നാല്‍ അതു അത്ര മികച്ചതല്ലെന്നു കണക്കുകള്‍ പറയുന്നു. ഇതിനകം 36 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 28.03 എന്ന വളരെ മോശം ശരാശയില്‍ 138 എന്ന പരിതാപകരമായ സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് 869 റണ്‍സ് മാത്രം. ഒരു സെഞ്ച്വറിയും മുന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിനു തൊട്ടുമുമ്പ് വരെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു ഗില്‍. പക്ഷെ തുടര്‍ച്ചയായ മോശം ഇന്നിങ്‌സുകളും സ്‌ട്രൈക്ക് റേറ്റിലെ ഇടിവുമെല്ലാം വില്ലനായി മാറി. ഇതോടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഗില്‍ ഒഴിവാക്കപ്പെട്ടത്. പകരം ഇഷാന്‍ കിഷനെ ടീമിലെടുക്കുകയായിരുന്നു. ഈ നീക്കം വലിയ വിജയമായി മാറുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications