ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള ആദ്യ ഐപിഎല്‍ സീസണില്‍ തന്നെ മിന്നുന്ന പ്രകടനമാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ചു റൗണ്ടുകള്‍ക്കു ശേഷം ടീമിന്റെ ടോപ്‌സ്‌കോററായി മാറിയിരിക്കുകയാണ് അദ്ദഹം. കൂടാതെ ഈ സീസണില്‍ ടിം ഇതിനകം ജയിച്ച രണ്ടു മല്‍സരങ്ങളിലും നിര്‍ണായക ഇംപാക്ടുണ്ടാക്കാനും സഞ്ജുവിനായിട്ടുണ്ട്.
വിക്കറ്റിനു പിന്നില്‍ ബൗളര്‍മാര്‍ക്കു തന്ത്രങ്ങള്‍ പറഞ്ഞ് കൊടുത്തും ഫീല്‍ഡ് ക്രമീകരണത്തില്‍ ഇടപെട്ടുമെല്ലം അദ്ദേഹം നിറഞ്ഞു നില്‍ക്കുകയാണ്, ഇതേ തുടര്‍ന്ന് മോശം ഫോമിലുള്ള റുതുരാജ് ഗെയ്ക്വാദിനെ നായക സ്ഥാനത്തു നിന്നും മാറ്റി സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

ഇപ്പോഴിതാ സഞ്ജുവിനെ സിഎസ്‌കെ നായകസ്ഥാനത്തു കാണാന്‍ സാധിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് ടീമിന്റെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ടൈംഔട്ടെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആറാം റൗണ്ട് പോരാട്ടത്തിനു മുന്നോടിയായി സംസാരിക്കവെയാണ് സഞ്ജു സാംസണ്‍ ഭാവി ക്യാപ്റ്റനായി വരാനുള്ള സാധ്യതകളെ കുറിച്ച് ആര്‍ അശ്വിന്‍ പ്രവചനം നടത്തിയത്. അതോടൊപ്പം മലയാളി താരത്തിന്റെ കാര്യത്തില്‍ താന്‍ ആഗ്രഹിത്താത്ത ഒരു കാര്യത്തെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു.
'ഏതെങ്കിലുമൊരു ഘട്ടത്തില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായി വരുന്നത് ഞാന്‍ കാണുന്നു. എപ്പോഴായിരിക്കും അതെന്നു അറിയില്ല. നമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നത് ആഖ്യാനങ്ങളെ അടിസ്ഥാനമാക്കിയാണ്.
പക്ഷെ സഞ്ജുവിന്റെ കാര്യത്തില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കാത്ത ഒന്നുണ്ട്. അദ്ദേഹത്തോടു അനുഭാവമുള്ള, നല്ലതു വരണമെന്നു ആഗ്രഹുക്കുന്ന ആളെന്ന നിലയിലാണ് ഇതു പറയുന്നത്. മറ്റാരെങ്കിലും ഒഴിച്ചിട്ട ഒരു റോള്‍ ഏറ്റെടുക്കാന്‍ അദ്ദേഹം ശ്രമിക്കരുത്. മറ്റാരുടെയെങ്കും ലെഗസിയിലേക്കു നിങ്ങള്‍ വരാനോ, അതു പിന്തുടരാനോ ശ്രമിക്കരുത്.
നമ്മള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. സഞ്ജുവിന് അദ്ദേഹത്തിന്റേതായ കഴിവും സ്വഭാവ സവിശേഷതയെല്ലാമുണ്ട്. സഞ്ജു സിഎസ്‌കെ ക്യാപ്റ്റനായാല്‍ അദ്ദേഹത്തിന്റേതായ ഒരു മുദ്ര അവിടെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'- അശ്വിന്‍ വിശദമാക്കി.
അദ്ദേഹം ആരുടെയും പേരെടുത്ത് പ്രത്യേകം പരാമര്‍ശിച്ചിട്ടല്ലെങ്കിലും ഉദ്ദേശിച്ചത് സിഎസ്‌കെയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എഎസ് ധോണിയെ കുറിച്ചാണൈന്നു വളരെ വ്യക്തമാണ്.

നായകന്റെയും കീപ്പറുടെയല്ലാം റോളില്‍ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അദ്ദേഹം. ധോണിയെ പിന്തുടരാനോ, അനകരിക്കാനോ ശ്രമിക്കാതെ സഞ്ജു തന്റേതായ രീതിയില്‍ ഒരു സാമ്രാജ്യം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതു കാണാനാണ് അശ്വിന്റെ ആഗ്രഹം.
സഞ്ജു സാംസണിന്റെ ക്യാപ്ന്‍സി മികനെ കുറിച്ച് ആര്‍ക്കും സംശയമുണ്ടാവാനിടയില്ല. കാരണം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ടീമുകളെ നയിച്ച അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്. 2021 മുതല്‍ 25 വരെ രാജസ്ഥാന്‍ റോയല്‍സിനെ ഐഎല്ലില്‍ നയിച്ചത് സഞ്ജുവാണ്.
2022ല്‍ സകല പ്രവചനങ്ങളും തെറ്റിച്ചു മുന്നേറിയ റോയല്‍സ് ഫൈനല്‍ വരെയെത്തി. പക്ഷെ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ കിരീടം അടിയറവയ്ക്കുകയയായിരുന്നു. 2024ല്‍ ടീമിനെ പ്ലേഓഫില്‍ എത്തിക്കാനും സഞ്ജുവിനായിരുന്നു.
ഈ സീസണിലും ടീമിനെ നയിക്കാനിരിക്കവെയാണ് കഴിഞ്ഞ ട്രേഡില്‍ റോയല്‍സ് വിടാന്‍ അദ്ദേഹം തീരുമാനിച്ചത്. ആഗ്രഹിച്ചതു പോലെ തന്നെ സിഎസ്‌കെയുടെ ഭാഗമാവാന്‍ സാധിക്കുകയും ചെയ്തു.