റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കഴിഞ്ഞ സീസണില്‍ കന്നി ഐപിഎല്‍ കിരീടനേട്ടത്തിലേക്ക നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ. ഫിനിഷര്‍ റോളില്‍ ചില ഗംഭീര ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിരുന്നു.
ഇത്തവണ ആര്‍സിബിക്കു കിരീടം നിലനിര്‍ത്തണമെങ്കില്‍ ജിതേഷിന്റെ പ്രകടനം ഏറെ നിര്‍ണായകവുമായിരിക്കും. ഡെത്ത് ഓവറുകളില്‍ വിവിധ ടീമുകളിലെ ലോകോത്തര ബൗളര്‍മാരെ മികച്ച രീതിയില്‍ നേരിട്ടാണ് അദ്ദേഹം അതിവേഗം റണ്‍സ് വാരിക്കൂട്ടിയത്.
പുതിയ സീസണ്‍ ശനിയാഴ്ച തുടങ്ങാനിരിക്കവെ ജിതേഷിനു വലിയൊരു ചാലഞ്ച് നല്‍കിയിരിക്കുകയാണ് ആര്‍സിബിയുടെ ഹീറോയായിരുന്ന മുന്‍ സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്.

എബി ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലിനോടു സംസാരിക്കവെയാണ് ജിതേഷ് ശര്‍മയ്ക്കു വലിയൊരു ചാലഞ്ച് ലഭിച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയിക്കാന്‍ വേണ്ടത് 20 റണ്‍സാണ്. ഈ ഓവര്‍ എറിയുന്നതാവട്ടെ ജസ്പ്രീത് ബുംറയുമാണ്. നിങ്ങളാണ് ഈ ഓവര്‍ നേരിടുന്നതെങ്കില്‍ എന്തായിരിക്കും പ്ലാനെന്നതായിരുന്നു എബിഡിയുടെ ചോദ്യം.

തനിക്കു ബുംറയ്‌ക്കെതിരേ ഈ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുമെന്നും അതിനുള്ള പ്ലാനുമുണ്ടെന്നാണ് ജിതേഷ് പറയുന്നത്. ജസ്പ്രീത് ബുംറ വളരെ സ്മാര്‍ട്ട് ബൗളറാണ്. അദ്ദേഹം കൂടുതലായും ബൗണ്‍സറുകളെയാണ് ആശ്രയിക്കുക. അദ്ദേഹം നിങ്ങളെ എല്ലായ്‌പ്പോഴും കബളിപ്പിച്ചു കൊണ്ടിരിക്കും. ബുംറയ്‌ക്കെതിരേ ഫീല്‍ഡ് സെറ്റ് ചെയ്തതിനു അനുസരിച്ച് കളിക്കുകയാണ് ഏറ്റവും നല്ല ഓപ്ഷന്‍.
രണ്ടു ബോളുകള്‍ക്കു തയ്യാറായി ഇരിക്കുകയും വേണം. ഒരു ബോളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാടില്ല, അതു യോര്‍ക്കറായിരിക്കും. ഫീല്‍ഡിന് അനുസരിച്ച് ക്രീസ് പരാമവധി ഉപയോഗിച്ച് കളിക്കുകയാണ് പ്രധാനമെന്നും ജിതേഷ് വ്യക്തമാക്കി.

ബുംറയുടെ ആദ്യത്തെ ബോളായിരിക്കും ഏറ്റവും ബെസ്റ്റ്. ഞാനൊരു യോര്‍ക്കറിന് തയ്യാറായി ഇരിക്കുകയും ചെയ്യും. സ്‌ക്വയര്‍ ലെഗിലെ ഫീല്‍ഡര്‍ അല്‍പ്പം മുന്നോട്ടാണ് നില്‍ക്കുന്നതെങ്കില്‍ ഞാന്‍ എന്റെ ലെഗ് സ്റ്റംപ് കാണിച്ചുകൊടുക്കുന്ന തരത്തിലായിരിക്കും ബുംറയെ നേരിടുക.
തുടര്‍ന്ന് സ്‌ക്വര്‍ ഗെലിന്റെയോ, ഫൈന്‍ ലെഗിന്റെയോ മുകളിലൂടെ ഷോട്ട് കളിക്കുകയും ചെയ്യും. ഞാന്‍ എല്ലായ്‌പ്പോഴും ചിന്തിക്കുന്നതും അതാണ്. അടുത്തത് ഒരു യോര്‍ക്കര്‍ ലെങ്ത്ത് ബോളാണെങ്കില്‍ ഞാനെന്ത് ചെയ്യും? ഞാന്‍ അതിനു തയ്യാറായി തന്നെയാവും നില്‍ക്കുക. ഞാന്‍ ബുംറയേക്കാള്‍ മുന്നിലേക്കും ചിന്തിക്കും. ആ രീതിയിലാവും താന്‍ ചിന്തിക്കുകയെന്നും ജിതേഷ് വിശദമാക്കി.

കഴിഞ്ഞ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവസാന നിമിഷം സ്ഥാനം നഷ്ടമായെങ്കിലും വളരെ മികച്ച ഫോമിലാണ ഈ ഐപിഎല്ലില്‍ ജിതേഷ് ശര്‍മ കളിക്കാനിറങ്ങുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആദ്യ ഇന്‍ട്രാ സ്‌ക്വാഡ് പ്രാക്ടീസ് മാച്ചില്‍ അദ്ദേഹം മിന്നിക്കുകയും ചെയ്തിരുന്നു. 37 ബോളില്‍ 81 റണ്‍സ് അടിച്ചെടുത്താണ് ജിതേഷ് പുറത്തായത്.

2025ലെ സീസണിനു മുന്നോടിയായാണ് പഞ്ചാബ് കിങ്‌സില്‍ നിന്നും അദ്ദേഹം റിലീസ് ചെയ്യപ്പെട്ടത്. മെഗാ ലേലത്തില്‍ ജിതേഷിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു വാങ്ങിയത്.
അദ്ദേഹത്തിന്റെ വരവ് അവരുടെ ഫിനിഷിങിന് കൂടുതല്‍ മൂര്‍ച്ചയും നല്‍കി. 15 ഇന്നിങ്‌സുകളില്‍ നിന്നും 176.35 സ്‌ട്രൈക്ക് റേറ്റോടെ ജിതേഷ് നേടിയത് 261 റണ്‍സാണ്. ഒരു ഫിഫറ്റി പ്ലസ് സ്‌കോറും ഇതിലുള്‍പ്പെടും.