രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ റാഞ്ചാനുള്ള ആദ്യ നീക്കം പാളിയ ശേഷം നിരാശയിലായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാന്‍സിന് ഇതാ സന്തോഷ വാര്‍ത്ത. അടുത്ത ഐപിഎല്‍ സീസണില്‍ അദ്ദേഹത്തെ മഞ്ഞക്കുപ്പായത്തില്‍ തന്നെ കളിപ്പിക്കാന്‍ ഇപ്പോള്‍ ചെന്നൈക്കു മുന്നില്‍ പുതിയ വഴി തെളിഞ്ഞിരിക്കുകയാണ്.
ഇതിനു സഹായിച്ചതാവട്ടെ വെറ്ററന്‍ സ്റ്റാര്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനുമാണ്. അദ്ദേഹത്തിന്റെ അടുത്തിടെയുള്ള ഐപിഎല്‍ വിരമിക്കലാണ് ചെന്നൈയ്ക്കു തുണയായിരിക്കുന്നത്. നേരത്തേ ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജുവിന്റെ കൈമാറ്റം സംബന്ധിച്ച് ചെന്നൈയും റോയല്‍സും തമ്മിലുള്ള ആദ്യ ചര്‍ച്ച പരാജമയമായെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
റോയല്‍സിന്റെ ഡിമാന്റ് ചെന്നൈ തള്ളിയതോടെയാണിത്. സഞ്ജുവിനെ വിട്ടുനല്‍കണമെങ്കില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, വമ്പനടിക്കാരനും ഓള്‍റൗണ്ടറുമായ ശിവം ദുബെ എന്നിവരിലൊരാളെ പകരം നല്‍കണമെന്നു റോയല്‍സ് ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ഇതു അംഗീകരിക്കാന്‍ ചെന്നൈ തയ്യാറായതുമില്ല.

അശ്വിന്റെ സഹായം
ഐപിഎല്ലില്‍ നിന്നും ആര്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഇപ്പോള്‍ കോളടിച്ചിരിക്കുന്നത്. സഞ്ജു സാംസണിനെ റാഞ്ചാന്‍ ചെന്നൈ ടീം മാനേജ്‌മെന്റിനെ ഇതു തീര്‍ച്ചയായും സഹായിക്കും.
ഡിസംബറില്‍ നടക്കാനിരിക്കുന്ന താരലേലത്തിനു മുമ്പ് കഴിഞ്ഞ സീസണില്‍ ഫ്‌ളോപ്പാമായി മാറിയ ചില കളിക്കാരെ ഒഴിവാക്കാനൊരുങ്ങുകയാണ് ചെന്നൈ. ന്യൂസിലാന്‍ഡ് താരം ഡെവന്‍ കോണ്‍വേ, ഇന്ത്യന്‍ താരങങളായ ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരെയെല്ലാം കൈവിട്ടാല്‍ 10 കോടിക്കു മുകളില്‍ ചെന്നൈക്കു പഴ്‌സില്‍ ലാഭിക്കാം.
ഇതുകൂടാതെയാണ് അശ്വിന്റെ വിരമിക്കലൂടെ മാത്രം 10 കോടിയോളം (9.75 കോടി) ഇപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ചെന്നൈയുടെ പഴ്‌സിലേക്കു വരുന്നത്. ഇതു വരാനിരിക്കുന്ന ലേലത്തില്‍ സഞ്്ജുവിനെ എന്തു വില കൊടുത്തും വാങ്ങാനുള്ള സാമ്പത്തികശേഷി ചെന്നൈക്കു നല്‍കുകയും ചെയ്യും.
നിലവില്‍ 18 കോടി രൂപയാണ് റോയല്‍സില്‍ അദ്ദേഹത്തിന്റെ ശമ്പളം. ലേലത്തില്‍ ഉള്‍പ്പെടുകയണെങ്കില്‍ 20 കോടിക്കു മുകളില്‍ സഞ്ജുവിനു ലഭിക്കുമെന്നതില്‍ സംശയവുമില്ല. പഴ്‌സില്‍ മതിയായ പണമുണ്ടെങ്കില്‍ മലയാളി വിക്കറ്റ് കീപ്പര്‍ക്കു വേണ്ടി ഏതറ്റം വരെയും പോവാന്‍ ചെന്നൈക്കു സാധിക്കുകയും ചെയ്യും.
സഞ്ജുവിന്റെ ഭാവി
രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന്റെ ഭാവിയെക്കുറിച്ച് വലിയ അനിശ്ചിതത്വമാണുള്ളത്. ടീമുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെ ഫ്രാഞ്ചൈസി വിടാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം അധികൃതരെ അറിയിച്ചു കഴിഞ്ഞു. പക്ഷെ ട്രേഡിങ് വിന്‍ഡോയില്‍ റോയല്‍സിനു കൂടി സ്വീകാര്യമായ ഓഫറുമായി ആരെങ്കിലും സമീപിക്കുമോയെന്നു ഇപ്പോഴും ഉറപ്പില്ല.
ചെന്നൈ സൂപ്പര്‍ കിങ്സിനെ കൂടാതെ മൂന്നു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സഞ്ജുവിനെ നോട്ടമിടുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ അതില്‍ നിന്നും പിന്‍മാറിയെന്നാണ് വ്യക്തമാവുന്നത്.
സഞ്ജുവിനു പകരം ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും ഇന്ത്യയുടെ മറ്റൊരു സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിനെയാണ് കെകെആര്‍ ഇപ്പോള്‍ നോട്ടമിടുന്നത്. ട്രേഡിങ് വിന്‍ഡോയില്‍ ഇനി മറ്റേതെങ്കിലും ഫ്രാഞ്ചൈസികള്‍ സഞ്ജുവിനായി രംഗത്തിറങ്ങുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പില്ല.
ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജുവിനെ ഒരു ഫ്രാഞ്ചൈസിക്കും കൈമാറാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ലേലത്തിനു മുമ്പ് റിലീസ് ചെയ്യുകയെന്നതാണ് റോയല്‍സിനു മുന്നിലുള്ള രണ്ടാമത്തെ ഓപ്ഷന്‍. അങ്ങനെ വന്നാല്‍ അടുത്ത മിനി താരലേലത്തില്‍ പൂളില്‍ അദ്ദേഹത്തെ ഉറപ്പായും കാണാം. ഇതു സംഭവിക്കുകയാണെങ്കില്‍ വലിയൊരു പഴ്‌സുമായി ചെന്നൈ മുന്‍പന്തിയില്‍ തന്നെയുണ്ടാവും.