ഐപിഎല്ലിന്റെ 19ാം സീസണിനു ഇനിയും മാസങ്ങള്‍ ശേഷിക്കുകയാണെങ്കിലും ഡിസംബറിലെ മിനി താരലേലത്തിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ കരുനീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സമാപിച്ച സീസണിലെ കുറവുകള്‍ വിലയിരുത്തിയ ശേഷം അതു മെച്ചപ്പെടുത്താനുള്ള നീക്കങ്ങളാണ് ലേലത്തില്‍ ടീമുകള്‍ പ്ലാന്‍ ചെയ്യുക.
അതോടൊപ്പം കഴിഞ്ഞ തവണ തങ്ങള്‍ക്കൊമുണ്ടായിരുന്നവരില്‍ ആരെയൊക്കെ നിലനിര്‍ത്തണം, ഒഴിവാക്കണം എന്നതിനെക്കുറിച്ച് അന്തിമ തീരുമാനവും ഇനിയുള്ള മാസങ്ങളില്‍ സ്വീകരിക്കുകയും വേണം. മെഗാലേലം അല്ലെന്നതിനാല്‍ തന്നെ ഒരുപാട് ഓപ്ഷനുകള്‍ അടുത്ത ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കുകയുമില്ല. അതുകൊണ്ടു തന്നെ സ്വന്തം പഴ്‌സിലുള്ള തുക ബുദ്ധിപരമായി ചെലവഴിക്കേണ്ടതും ഏറെ പ്രധാനമാണ്.
രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുള്‍പ്പെടെയുള്ളവര്‍ ഈ ലേലത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. അതിനിടെ ലേലത്തില്‍ ഇത്തവണ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാനിടയുള്ള താരത്തെ പ്രവചിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവും ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നറുമായ ആര്‍ അശ്വിന്‍.

ഡിമാന്റ് വിദേശ കളിക്കാര്‍ക്ക്
സഞ്ജു സാംസണിനെ ട്രേഡിങ് വിന്‍ഡോയില്‍ ഏതെങ്കിലും ടീം വാങ്ങുമോ, അല്ലെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്ത ശേഷം ലേലത്തിന്റെ പൂളില്‍ വരുമോയെന്നതു ഇപ്പോഴും അവ്യക്തമാണ്. അതുകൊണ്ടു തന്നെ അടുത്ത ലേലത്തെ കുറിച്ച്് പരാമര്‍ശിക്കനവെ സഞ്ജുവിനെ പറ്റി ആര്‍ അശ്വിന്‍ ഒന്നും പറഞ്ഞതുമില്ല.
ആഷ് കി ബാത്തെന്ന സ്വന്തം ഹിന്ദി യൂട്യൂബ് ചാനലിലൂടെയാണ് ഐപിഎല്ലിലെ വില കൂടിയ താരത്തെക്കുറിച്ച് അശ്വിന്‍ പ്രവചിച്ചത്. ലേലത്തില്‍ മികച്ച ഇന്ത്യന്‍ താരങ്ങളെ ലഭിക്കുക ടീമുകള്‍ക്കു കടുപ്പമായിരിക്കുമെന്നും അതിനാല്‍ വിദേശ കളിക്കാര്‍ക്കാണ് ഉയര്‍ന്ന തുക ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മിനി ലേലമാണ് ഇത്തവണ വരാന്‍ പോവുന്നത്. അവിടെ നിങ്ങള്‍ക്കു ഇന്ത്യന്‍ കളിക്കാരെ ലഭിക്കുക കടുപ്പമായിരിക്കും. ചിലപ്പോള്‍ പുതിയ ഇന്ത്യന്‍ താരങ്ങള്‍ മാത്രമേ ലേലത്തില്‍ വന്നേക്കുകയുള്ള. വിദേശ കളിക്കാര്‍ക്കായിരിക്കും ഉയര്‍ന്ന വില കിട്ടുക. ഒരു വലിയ ഇന്ത്യന്‍ താരത്തെ ഒരു ഫ്രാഞ്ചൈസി റിലീസ് ചെയ്യുകയെന്നത് വളരെ റിസ്‌കുള്ള ഫോര്‍മുലയാണ്. അതുകൊണ്ടു തന്നെ ഒരുപാട് ഓസ്ട്രലേിയന്‍ താരങ്ങള്‍ ലേലത്തിലേക്കു വരികയും ചെയ്യുമെന്നും അശ്വിന്‍ വിലയിരുത്തി.

രണ്ടു പേര്‍ക്കു സാധ്യത
അടുത്ത മിനി താരലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാന്‍ സാധ്യതയുള്ളവരായി രണ്ടു കളിക്കാരെയാണ് ആര്‍ അശ്വിന്‍ പ്രവചിച്ചത്. ഇവര്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുമാണ്. ഒരാള്‍ ഐപിഎല്ലില്‍ ഇതിനകം മികവ് തെളിയിച്ചു കഴിഞ്ഞെങ്കില്‍ രണ്ടാമത്തെയാള്‍ ഒരേയൊരു മല്‍സം മാത്രമേ കളിച്ചിട്ടുള്ളൂ. ഓള്‍റൗണ്ടര്‍മാരായ കാമറൂണ്‍ ഗ്രീന്‍, മിച്ചെല്‍ ഓവന്‍ എന്നിവരാണ് അശ്വിന്‍ തിരഞ്ഞെടുത്ത ഈ രണ്ടു ഓസീസുകാര്‍.
ലേലത്തില്‍ നിങ്ങള്‍ക്കു മിച്ചെല്‍ ഓവനുണ്ട്. കഴിഞ്ഞ സീസണില്‍ റീപ്ലേസ്‌മെന്റ് പ്ലെയറായി അവസാന മൂന്നു മല്‍സരങ്ങളില്‍ അദ്ദേഹം പഞ്ചാബ് കിങ്‌സിലുണ്ടായിരുന്നു. ലേലത്തിലെ മറ്റൊരു ആകര്‍ഷണം കാമറൂണ്‍ ഗ്രീനായിരിക്കും. വിദേശ ഓള്‍റൗണ്ടര്‍മാരായതിനാല്‍ രണ്ടു പേര്‍ക്കും ലേലത്തില്‍ വലിയ തുക തന്നെ ലഭിക്കും. മിനി ലേലമെന്നത് എല്ലാ ടീമുകള്‍ക്കും 25-30 കോടി വരെ ചെലവഴിക്കാനുള്ള ഇടമായിരിക്കുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
നാട്ടുകാരനും സൂപ്പര്‍ താരവുമായ ഗ്ലെന്‍ മാക്‌സ്വെല്ലിനു പകരാണ് കഴിഞ്ഞ സീസണില്‍ പഞ്ചാബിനൊപ്പം ഓവന്‍ ചേര്‍ന്നത്. എന്നാല്‍ മുന്‍ റോയല്‍ ചാലഞ്ചേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് താരമായ ഗ്രീനിനു പരിക്കു കാരണം കഴിഞ്ഞ ഐപിഎല്‍ സീസണ്‍ നഷ്ടമായിരുന്നു.