ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് മുന്‍ സ്റ്റാര്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടുമായ ആര്‍ അശ്വിന്‍ ദിവസങ്ങള്‍ക്കു മുമ്പ് ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ട് പുതിയൊരു തട്ടകത്തിലേക്കു അദ്ദേഹം മാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ഈ സര്‍പ്രൈസ് തീരുമാനം.
അശ്വിന്റെ പാത പിന്തുടര്‍ന്ന് വേറെയും ചില വമ്പന്‍ വെറ്ററന്‍മാര്‍ അടുത്ത സീസണിനു മുമ്പ് തന്നെ വിരമിച്ചേക്കും അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ കാണാനിടയില്ലാത്ത ഈ താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

ഫാഫ് ഡുപ്ലെസി
സൗത്താഫ്രിക്കയുടെയും റോയല്‍ ചാലഞ്ചേഴ്‌സിന്റെയുമെല്ലാം മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ഫാഫ് ഡുപ്ലെസിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കുറച്ചു സീസണുകള്‍ക്കു മുമ്പ് വരെ ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ബാറ്ററായിരുന്നു അദ്ദേഹം. പക്ഷെ ഇപ്പോള്‍ ഡുപ്ലെസിയുടെ പ്രകടനത്തില്‍ വലിയ രീതിയിലുള്ള ഇടിവ് സംഭിച്ചിരിക്കുകയാണ്.
2024 മുതലെടുത്താല്‍ രണ്ടുസീസണുകൡലായി 26.7 എന്ന മോശം ശരാശരിയില്‍ 640 റണ്‍സ് മാത്രമേ വെറ്ററന്‍ താരം നേടിയിട്ടുള്ളൂ. കഴിഞ്ഞ മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായ വെറും രണ്ടു കോടി രൂപ മാത്രമ ഡുപ്ലെസിക്കായി ഡല്‍ഹി ക്യാപ്പിറ്റല്‍സിനു മുടക്കേണ്ടി വന്നുള്ളൂ. മറ്റൊരു ടീമും അദ്ദേഹത്തിനായി താല്‍പ്പര്യം കാണിച്ചതുമില്ല.
ഡിസിയിലും ഡുപ്ലെസി തികഞ്ഞ പരാജയമായി. 123.93 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തത് വെറും 202 റണ്‍സ് മാത്രം. ഇതു പരിഗണിക്കുമ്പോള്‍ വരും സീസണില്‍ ഡിസി ഒഴിവാക്കുന്നവരുടെ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേര് തീര്‍ച്ചയായും പ്രതീക്ഷിക്കാം. വളരെ മോശം ഫോമും പ്രായവുമെല്ലാം (41 വയസ്സ്) പരിഗണിക്കുമ്പോള്‍ ലേലത്തില്‍ ഡുപ്ലെസിക്കായി ഒരു ടീമും രംഗത്തിറങ്ങാനും സാധ്യതയില്ല. ഇവയെല്ലാം പരിഗണിച്ച് അദ്ദേഹം വിരമിക്കലും പ്രഖ്യാപിച്ചേക്കും.
ഇഷാന്ത് ശര്‍മ
ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും വെറ്ററന്‍ ഫാസ്റ്റ് ബൗളറുമായ ഇഷാന്ത് ശര്‍മയാണ് ഐപിഎല്‍ നിര്‍ത്താനിടയുള്ളവരുടെ ലിസ്റ്റിലെ രണ്ടാമത്തൊള്‍. കഴിഞ്ഞ ലേലത്തില്‍ അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ശുഭ്മന്‍ ഗില്‍ നായകനായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ചേര്‍ന്നത്.
പക്ഷെ യാതൊരു ചലനവും സൃഷ്ടിക്കാന്‍ വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ക്കായില്ല. 11.18 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് നാലു വിക്കറ്റുകള്‍ മാത്രം. മോശം ഫോം മാത്രമല്ല 36 കാരനായ ഫിറ്റ്‌നസ് നിലവാരവും പരിതാപകരമാണെന്നു പറയേണ്ടി വരും. പ്രത്യേകിച്ചും ജിടിയുടെ ഹോം മാച്ചുകളില്‍ ഇഷാന്ത് പലപ്പോഴും തളര്‍ന്ന് അവശനായി കാണപ്പെട്ടിരുന്നു.
അടുത്ത ലേലത്തിനു മുമ്പ് അദ്ദേഹത്തെ ജിടി കൈവിടാന്‍ തന്നെയാണ് സാധ്യത. ഇനി ലേലത്തില്‍ വന്നാലും ഇഷാന്തിനെ ഒരു ടീമും വാങ്ങാനും സാധ്യതയില്ല. അതിനാല്‍ വിരമിക്കലാവും അദ്ദേഹത്തിനു ബെസ്റ്റ് ഓപ്ഷന്‍.

ഗ്ലെന്‍ മാക്‌സ്വെല്‍
ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ഐപിഎല്ലിനു മുമ്പ് വിരമിച്ചേക്കാവുന്നവരുടെ ലിസ്റ്റിലെ മൂന്നാമന്‍. ഒരു സമയത്തു വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഗെയിം ചേഞ്ചര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. പക്ഷെ ഇപ്പോള്‍ ഒട്ടും തന്നെ സ്ഥിരതയില്ലാത്ത, വല്ലപ്പോഴും മാത്രം ഒരു നല്ല ഇന്നിങ്‌സ് കളിച്ചു കാണാറുള്ള വെറും ശരാശരി താരമായി മാക്‌സി മാറിയിരിക്കുകയാണ്.
2024ലെ സീസണ്‍ മുതലാണ് അദ്ദേഹത്തിന്റെ ഐപിഎല്‍ ഗ്രാഫ് കുത്തനെ തേഴേക്കു പോവാന്‍ ആരംഭിച്ചത്. രണ്ടു സീസണികളിലായി 15 ഇന്നിങ്‌സുകളില്‍ നിന്നും 6.67 എന്ന അതിദയനീയ ശരാശരിയില്‍ നേടിയത് വെറും 100 റണ്‍സ് മാത്രമാണ്. മോശം ഫോം മാത്രമല്ല, പരിക്കുകളും ഇടയ്ക്കു മാക്‌സിക്കു വില്ലനായെത്തുകയും ചെയ്തു.
അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. ബാറ്റിങില്‍ വന്‍ ശോകമായ മാക്‌സി പിന്നീട് പരിക്കു കാരണം സീസണിന്റെ പകുതിയോടെ പിന്‍മാറുകയും ചെയ്തു. ഒരുപക്ഷെ പഞ്ചാബ് ആഗ്രഹിച്ചതും ഇതു തന്നെയായിരിക്കും. വീണ്ടുമൊരു സീസണില്‍ പഞ്ചാബിലോ, ഐപിഎല്ലിലോ അദ്ദേഹത്തെ ഇനി കാണാനും സാധ്യതയില്ല.