ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലും തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുകയാണ് സായ് സുദര്‍ശന്‍. ഗുജറാത്ത് ടൈറ്റന്‍സ് ഇത്തവണ നിലനിര്‍ത്തിയ സായ് സുദര്‍ശന്‍ ഓപ്പണര്‍ റോളില്‍ തന്റെ ജോലി ഭംഗിയാക്കുകയാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പ്രതിരോധിച്ചും മോശം പന്തുകളെ കടന്നാക്രമിച്ചും മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് ശോഭിക്കാന്‍ സായ് സുദര്‍ശന് സാധിക്കുന്നുണ്ട്. സ്ഥിരതയോടെ കളിക്കാന്‍ സായ് സുദര്‍ശന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.
ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നോട്ടമിടുന്ന താരങ്ങളിലൊരാളാണ് സായ് സുദര്‍ശന്‍. കഴിഞ്ഞ സീസണുകളിലൂടെത്തന്നെ സായ് സുദര്‍ശനെ ഇന്ത്യ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത്തവണയും സ്ഥിരതയോടെ മിന്നിക്കുന്ന സായ് സുദര്‍ശനെ ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിക്കാന്‍ തയ്യാറാവുമോ?. ഓപ്പണിങ്ങില്‍ ആരെ പരിഗണിക്കുമെന്ന് ഇതിനോടകം തല പുകയ്ക്കുന്ന പരിശീലകന്‍ ഗൗതം ഗംഭീറിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുകയാണ് സായ്. സഞ്ജു സാംസണേയും യശ്വസി ജയ്‌സ്വാളിനേയും അഭിഷേക് ശര്‍മയേയും മറികടന്ന് സായ് സുദര്‍ശനെ ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിക്കണോ?
സുദര്‍ശന്റെ കളി ഇന്ത്യന്‍ ടീമില്‍ ചേരില്ല
ഇന്ത്യ നിലവിലെ ടി20 ലോകകപ്പ് ജേതാക്കളാണ്. പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച് കളിക്കുകയെന്നതാണ് ഇന്ത്യയുടെ പദ്ധതി. അതുകൊണ്ടാണ് ഇതിന് അനുയോജ്യരായ താരങ്ങളെ ഇന്ത്യ ഇപ്പോള്‍ ടീമിലേക്ക് കൊണ്ടുവരുന്നത്. സഞ്ജു സാംസണും അഭിഷേക് ശര്‍മയും യശ്വസി ജയ്‌സ്വാളുമെല്ലാം ഇത്തരത്തില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ പ്രാപ്തിയുള്ളവരാണ്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തില്‍ സായ് സുദര്‍ശന്റെ ശൈലികൊണ്ട് ഇന്ത്യന്‍ ടീമിലേക്കെത്താനായേക്കില്ല.
എന്നാല്‍ സായ് സുദര്‍ശന്‍ പ്രകടനംകൊണ്ട് മികവ് കാട്ടുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് കണ്ണടക്കാനുമാവില്ല. ആംഗര്‍ റോളില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സായ് സുദര്‍ശന് കഴിവുണ്ട്. വിരാട് കോലി കളമൊഴിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യക്ക് ആംഗര്‍ റോളിലേക്ക് പരിഗണിക്കാവുന്ന താരമാണ് സായ് സുദര്‍ശന്‍. സ്ഥിരതയോടെ കളിക്കുന്ന താരം ടീമില്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്ന് തന്നെ പറയാം.

സായ് സുദര്‍ശന്റെ സ്‌ട്രൈക്ക് റേറ്റ് പ്രശ്‌നം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്ഥിരതയോടെ മികവ് കാട്ടുന്ന താരമാണ് സായ് സുദര്‍ശന്‍. ഈ സീസണില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് ഫിഫ്റ്റിയും ഇന്ന് ആര്‍സിബിക്കെതിരേ 49 റണ്‍സും നേടാന്‍ സായ് സുദര്‍ശന് സാധിച്ചിട്ടുണ്ട്. സ്ഥിരതയോടെ കളിക്കാന്‍ സായ് മിടുക്കനാണ്. ഗുജറാത്തിന്റെ തന്ത്രങ്ങള്‍ക്കനുസരിച്ച് കളിക്കാന്‍ സായ്ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഗുജറാത്തിനൊപ്പം നടത്തുന്ന ഈ പ്രകടനം വിലയിരുത്തി താരത്തെ ഇന്ത്യയുടെ ടി20 ടീമിലേക്ക് വിളിക്കാനാവില്ല.
ഇതിന് കാരണം ഇന്ത്യ ആവശ്യപ്പെടുന്നത് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ കഴിവുള്ള ഓപ്പണറെയാണ്. 65, 84*, 6, 103, 74, 63, 49 എന്നിങ്ങനെയാണ് അവസാന ഏഴ്് ഐപിഎല്‍ ഇന്നിങ്‌സിലെ സായ് സുദര്‍ശന്റെ സ്‌കോര്‍. എന്നാല്‍ ഈ പ്രകടനങ്ങളിലെയെല്ലാം സ്‌ട്രൈക്ക് റേറ്റ് അത്ര മികച്ചതല്ല. ഇന്ത്യ ഓപ്പണിങ്ങില്‍ 170ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ പവര്‍പ്ലേയില്‍ മിന്നിക്കാന്‍ സാധിക്കുന്ന താരത്തെയാണ് ആഗ്രഹിക്കുന്നത്. ഈ റോളില്‍ സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ എന്നിവരെല്ലാമുണ്ട്. അതുകൊണ്ടുതന്നെ സായ് സുദര്‍ശന് ടി20യില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുക പ്രയാസമാണെന്ന് തന്നെ പറയാം.
സായിക്ക് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയേക്കും
ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് സായ് സുദര്‍ശന്‍ കാഴ്ചവെക്കുന്നത്. ക്ലാസിക് ശൈലിയില്‍ കളിക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ സായ് സുദര്‍ശനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചേക്കും. വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സായിക്ക് ഇടം ലഭിക്കാന്‍ സാധ്യതകളേറെയാണ്. ഇന്ത്യ എ ടീമിനൊപ്പം ശോഭിക്കുന്ന ചില താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയുണ്ടെന്ന കാര്യം പരിശീലകന്‍ ഗൗതം ഗംഭീര്‍ തന്നെയാണ് തുറന്ന് പറഞ്ഞത്. അതുകൊണ്ടുതന്നെ സായിക്ക് ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് വിളി പ്രതീക്ഷിക്കാം.