പ്രഥമ എഡിഷനിലെ ഐപിഎല്‍ വിജയികളായ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് വളരെ മോശം സീസണായിരുന്നു ഇത്തവണത്തേത്. പ്ലേഓഫില്‍ എത്താനായില്ലെന്നു മാത്രമല്ല, ടോപ്പ് ഫൈവില്‍ പോലും അവര്‍ക്കു ഫിനിഷ് ചെയ്യാനായില്ല. ഒമ്പതാം സ്ഥാനത്താണ് സഞ്ജു സാംസണവും സംഘവും ഇത്തവണ ഫിനിഷ് ചെയ്തത്.
പരിക്കു കാരണം സഞ്ജുവിനു മുഴുവന്‍ മല്‍സരങ്ങളിലും സാധിക്കാതെ പോയതും ടീമിന്റെ ദൗര്‍ബല്യങ്ങളുമെല്ലാം റോല്‍സിന്റെ പതനത്തിനു വഴിയൊരുക്കി. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ശക്തമായ ഒരു തിരിച്ചുവരവിനായിരിക്കും റോയല്‍സ് ശ്രമിക്കുക. പക്ഷെ ഇത്തവണയുള്ള ടീമിനെ വച്ച് ഇഅതു സാധിക്കില്ല. അടുത്ത മിനി ലേലത്തില്‍ ചില താരങ്ങളെ ടീമിലെത്തിക്കാന്‍ റോയല്‍സ് ശ്രമിക്കേണ്ടതുണ്ട്. ഇതു ആരൊക്കെയാണെന്നു നോക്കാം.

ടീമിലെത്തിക്കേണ്ടത് ആരെയൊക്കെ?
ഈ സീസണിലെ കണ്ടെത്തലായി മാറിയ വണ്ടര്‍കിഡ് വൈഭവ് സൂര്യവംശിയുടെ വരവോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ്പ് ഫോര്‍ സെറ്റായിക്കഴിഞ്ഞു. അടുത്ത സീസണില്‍ അഴിച്ചുപണികളൊന്നും ഇവിടെ ആവശ്യവുമില്ല. എന്നാല്‍ ഫിനിഷിങില്‍ തിളങ്ങാന്‍ സാധിക്കുന്ന ചിലരെ റോയല്‍സ് കൊണ്ടു വന്നേ തീരൂ. ഇത്തവണ ജയിക്കേണ്ടിയിരുന്ന ചില കളികള്‍ പോലും തോറ്റത് ഫിനിഷിങ് പാളിച്ച കൊണ്ടാണ്.
ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് താരവും ഓള്‍റൗണ്ടറുമായ ഗ്ലെന്‍ ഫിലിപ്‌സ് റോയല്‍സിനു നല്ലൊരു ഓപ്ഷനാണ്. നേരത്തേ റോയല്‍സ് ടീമിന്റെ ഭാഗമായിട്ടുള്ള കൂടിയാണ് അദ്ദേഹം. പരിക്കു കാരണം ഫിലിപ്‌സിനു ഈ സീസണ്‍ നഷ്ടമായിരുന്നു. എന്നാല്‍ അടുത്ത ലേലത്തില്‍ ഫിലിപ്‌സിനെ തീര്‍ച്ചയായും പ്രതീക്ഷിക്കാം.
ഫിലിപ്‌സിനെ കൂടാതെ റോയല്‍സിനു ടീമിലെത്തിക്കാവുന്ന മറ്റൊരു ഓള്‍റൗണ്ടര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെങ്കടേഷ് അയ്യരാണ്. വന്‍ ഫ്‌ളോപ്പായ അദ്ദേഹത്തെ കെകെആര്‍ ഒഴിവാക്കുമെന്നുറപ്പായിരിക്കുകയാണ്.
കഴിഞ്ഞ മെഗാലേലത്തില്‍ 24 കോടിയോളം മുടക്കിയാണ് വെങ്കടേഷിനെ കെകെആര്‍ തിരികെ വാങ്ങിയത്. പക്ഷെ താരം തീര്‍ത്തും നിറംമങ്ങി. റോയല്‍സിനു അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഇറക്കാവുന്നയാളാണ് അദ്ദേഹം. ബൗളിങിലും രണ്ടോ, മൂന്നോ ഓവറുകള്‍ ഉപയോഗിക്കുകയും ചെയ്യാം.
സ്പിന്‍ ബൗളിങില്‍ ഒരു ഇന്ത്യന്‍ താരത്തെ റോയല്‍സിനു 2026ല്‍ ആവശ്യമാണ്. തങ്ങളുടെ മുന്‍ താരം കൂടിയായ വെറ്ററന്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിനെ അവര്‍ക്കു നോട്ടമിടാം. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായ അദ്ദേഹത്തെ നിലനിര്‍ത്താന്‍ സാധ്യതയില്ല. വിരമിച്ചില്ലെങ്കില്‍ അശ്വിനെ ലേലത്തില്‍ ഉറപ്പായും കാണാം. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് റോയല്‍സിനു 2026ല്‍ മുതല്‍ക്കൂട്ടായി മാറും.

ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ വാഷിങ്ടണ്‍ സുന്ദറാണ് റോയല്‍സിനു അടുത്ത സീസണില്‍ വാങ്ങിക്കാവുന്ന മറ്റൊരാള്‍. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു അദ്ദേഹം. പക്ഷെ ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ വാഷിങ്ടണിനെ ജിടി കളിപ്പിച്ചുള്ളൂ. അടുത്ത വര്‍ഷം അദ്ദേഹത്തെ അവര്‍ നിലനിര്‍ത്തുമോയെന്നതു സംശയമാണ്. ജിടി ഒഴിവാക്കിയാല്‍ വാഷിങ്ടണിനായി റോയല്‍സ് ഉറപ്പായും രംഗത്തിറങ്ങണം.
റോയല്‍സിന്റെ പേസാക്രമണവും അടുത്ത വര്‍ഷം ശക്തമാക്കിയേ തീരൂ. ജോഫ്ര ആര്‍ച്ചര്‍ തന്നെയാവും പേസ് ബൗളിങിനു തുടര്‍ന്നും ചുക്കാന്‍ പിടിക്കുക,. അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഇടംകൈയന്‍ പേസറും യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റുമായ ടി നടരാജനെ റോയല്‍ റാഞ്ചണം.
ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വേണ്ടത്ര ഉപയോഗിച്ചില്ല. അവസരം ലഭിച്ചില്ല. മല്‍സരങ്ങളിലാവട്ടെ നട്ടു തിളങ്ങിയതുമില്ല. അതിനാല്‍ അദ്ദേഹത്തെ ഡിസി കൈവിട്ടേക്കുകയും ചെയ്യും.
മറ്റൊരു പേസറായി യുവതാരം റാസിഖ് ധര്‍ സലാമിനെയും ലേലത്തില്‍ റോയല്‍സിനു വാങ്ങാന്‍ സാധിക്കും. ഇത്തവണ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത അദ്ദേഹത്തെ ഒഴിവാക്കാനൊരുങ്ങുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു.