മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ടീമുകളെല്ലാം ഇനി പടയൊരുക്കത്തിലേക്ക് കടക്കുന്ന സമയമാണ്. അവസാന സീസണിലെ പിഴവുകള്‍ നോക്കി മെഗാ ലേലത്തിലൂടെ പരിഹാരം കണ്ടെത്തി ടീമുകള്‍ ഇറങ്ങുമ്പോള്‍ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണ വലിയ കൂടുമാറ്റങ്ങള്‍ നടന്നതിനാല്‍ത്തന്നെ റെക്കോഡ് പ്രതിഫലങ്ങളും കാണാനായി.
റിഷഭ് പന്തും ശ്രേയസ് അയ്യരും വെങ്കടേഷ് അയ്യരുമെല്ലാം സ്വപ്‌ന തുല്യമായ പ്രതിഫലമാണ് നേടിയെടുത്തത്. 27 കോടിയോടെ റിഷഭാണ് പ്രതിഫലത്തില്‍ ഒന്നാമനായത്. ഇത്തവണ നിരവധി യുവതാരങ്ങളെ ടീമുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഭാവി മുന്നില്‍ക്കണ്ട് ഇപ്പോഴേ യുവ പ്രതിഭകളെ വളര്‍ത്തുകയെന്ന ലക്ഷ്യമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലുള്ളത്. ഇതില്‍ പലരും വരുന്ന സീസണില്‍ത്തന്നെ ഞെട്ടിക്കാന്‍ കഴിവുള്ളവരാണ്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഷെയ്ക്ക് റഷീദ്
ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെടുത്ത യുവതാരങ്ങളിലൊരാളാണ് ഷെയ്ക്ക് റഷീദ്. 20 വയസുകാരനായ താരത്തെ 30 ലക്ഷത്തിനാണ് സിഎസ്‌കെ വാങ്ങിയത്. 2022മ മുതല്‍ സിഎസ്‌കെയുടെ ഭാഗമാണ് താരം. വമ്പനടി കാഴ്ചവെക്കാന്‍ ശേഷിയുള്ള താരം ഇക്കഴിഞ്ഞ ആന്ധ്രാ പ്രീമിയര്‍ ലീഗില്‍ മിന്നിച്ചിരുന്നു. മുന്‍ അണ്ടര്‍ 19 ലോകകപ്പ് വൈസ് ക്യാപ്റ്റന്‍ കൂടിയായ ഷെയ്ഖ് റഷീദിന് ഇത്തവണ സിഎസ്‌കെയില്‍ നിര്‍ണ്ണായക റോളുണ്ടാവും. വലിയ പ്രകടനം നടത്താന്‍ കഴിവുള്ളവനാണ് ഷെയ്ഖ് റഷീദെന്ന് നിസംശയം പറയാം.
കുമാര്‍ കുശാഗ്ര
20കാരനായ താരത്തെ ഗുജറാത്ത് ടൈറ്റന്‍സാണ് ഒപ്പം കൂട്ടിയത്. സിഎസ്‌കെയും ഡല്‍ഹിയും യുവതാരത്തിനായി രംഗത്തെത്തിയെങ്കിലും 65 ലക്ഷത്തിന് ഗുജറാത്ത് കുശാഗ്രയെ ഒപ്പം കൂട്ടി. വലിയ സ്‌കോര്‍ നേടാന്‍ ശേഷിയുള്ള താരമാണ് കുശാഗ്ര. ആഭ്യന്തര ക്രിക്കറ്റില്‍ 250 ലധികം റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ താരമാണ് അദ്ദേഹം. ഗുജറാത്ത് വേണ്ടവിധം ഉപയോഗിച്ചാല്‍ ടീമിന് മുതല്‍ക്കൂട്ടായി മാറാന്‍ പ്രാപ്തിയുള്ളവനാണ് കുശാഗ്രയെന്ന് നിസംശയം പറയാം.

നൂര്‍ അഹമ്മദ്
ഇതിനോടകം ഐപിഎല്ലിലും അഫ്ഗാന്‍ ടീമിലുമായി കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് നൂര്‍ അഹമ്മദ്. റാഷിദ് ഖാനെപ്പോലെ തന്നെ സ്പിന്‍ മികവുകൊണ്ട് എല്ലാവരേയും ഞെട്ടിപ്പിക്കുകയാണ് 19കാരനായ താരം. നേരത്തെ ഗുജറാത്തിനായി കളിച്ചിട്ടുള്ള നൂറിനെ 10 കോടിക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. വട്ടം കറക്കുന്ന സ്പിന്‍ മികവ് കൈമുതലായുള്ള താരമാണ് നൂര്‍ അഹമ്മദ്. സിഎസ്‌കെ പോലൊരു സൂപ്പര്‍ ടീമിലേക്കെത്തുമ്പോള്‍ നൂര്‍ എല്ലാവരേയും വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെ കാഴ്ചവെക്കുമെന്ന് കരുതാം.
മുഷീര്‍ ഖാന്‍
സര്‍ഫറാസ് ഖാന്റെ സഹോദരനായ മുഷീര്‍ ഖാന്‍ ആഭ്യന്തര ക്രിക്കറ്റിലൂടെ ഇതിനോടകം തന്റെ കരുത്ത് തെളിയിച്ചതാണ്. മുഷീറിനെ ഇത്തവണ പഞ്ചാബ് കിങ്‌സാണ് സ്വന്തമാക്കിയത്. മധ്യനിരയില്‍ മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരം ഇടം കൈയന്‍ സ്പിന്നറെന്ന നിലയിലും ടീമിന് മുതല്‍ക്കൂട്ടാണ്. സര്‍ഫറാസ് ഖാന്റെ ഫിറ്റ്‌നസ് പലപ്പോഴും ചോദ്യം ഉയര്‍ത്താറുണ്ട്. എന്നാല്‍ മുഷീര്‍ ഖാന്‍ മികച്ച ഫിറ്റ്‌നസുള്ളവനാണ്. പഞ്ചാബ് താരസമ്പന്നമാണ്. എന്നാല്‍ മധ്യനിരയിലേക്ക് പരിഗണിക്കപ്പെട്ടാല്‍ വലിയ പ്രകടനം നടത്താനുള്ള പ്രാപ്തിയുണ്ട്.
അല്ലാ ഗസന്‍ഫാര്‍
അഫ്ഗാനിസ്ഥാന്റെ 18 വയസുകാരന്‍ അല്ലാ ഗസന്‍ഫാറിനെ മുംബൈ ഇന്ത്യന്‍സാണ് ടീമിലെടുത്തത്. അധികം കേട്ടുപരിചയമില്ലാത്ത താരത്തിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമടക്കം രംഗത്തെത്തി. ഒടുവില്‍ മുംബൈയാണ് താരത്തെ ടീമിലേക്കെത്തിച്ചത്. വലം കൈയന്‍ ഓഫ് ബ്രേക്ക് ബൗളറായ അല്ലാ ഗസന്‍ ഫാര്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ളവനാണ്. മുംബൈ ഇംപാക്ട് ബൗളറായി കളിപ്പിക്കാന്‍ സാധ്യതയുള്ള യുവതാരമാണ് ഗസന്‍ഫാര്‍.
വൈഭവ് സൂര്യവന്‍ഷി
ഇത്തവണ എല്ലാവരേയും വിസ്മയിപ്പിച്ച താരമാണ് വൈഭവ് സൂര്യവന്‍ഷി. 13 വയസ് മാത്രം പ്രായമുള്ള വൈഭവിനെ 1.10 കോടിക്ക് രാജസ്ഥാന്‍ റോയല്‍സാണ് ടീമിലേക്കെത്തിച്ചത്. അനായാസം റണ്‍സുയര്‍ത്തുന്ന ക്ലാസിക് ബാറ്റ്‌സ്മാനാണ് വൈഭവ്. പ്രായം 13 മാത്രമേ ഉള്ളോ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ വൈഭവിന് സാധിക്കുന്നു. ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മികവ് കാട്ടിയ വൈഭവ് രാജസ്ഥാന്റെ തുറുപ്പുചീട്ടായി അടുത്ത സീസണില്‍ മാറിയേക്കും.