ഐപിഎല്‍ ട്രോഫിയില്ലാതെ വീണ്ടുമൊരു സീസണ്‍ കൂടി അവസാനിപ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. 2020ലെ അവസാന കിരീടനേട്ടത്തിനു ശേഷം പിന്നീടൊരിക്കലും ട്രോഫിയുയര്‍ത്താന്‍ അവര്‍ക്കു ഭാഗ്യമുണ്ടായിട്ടില്ല. അന്നു രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ചാണ് മുംബൈ അഞ്ചാം കിരീടമുയര്‍ത്തിയത്. ഇത്തവണ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയ ശേഷം രണ്ടാം ക്വാളിഫയറില്‍ അവര്‍ വീഴുകയായിരുന്നു.
കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായ ടീമിനെ ഇറക്കിയിട്ടും കിരീടം നേടാനായില്ലെന്നതു തീര്‍ച്ചയായും മുംബൈയെ നിരാശപ്പെടുത്തും. ക്യാപ്റ്റന്‍ ഹാര്‍ദിക്കിനും ഇതു വലിയ ക്ഷീണം തന്നെയാണ്. അടുത്ത ഐപിഎല്‍ സീസണില്‍ ഇനി അദ്ദേഹത്തിന്റെ നായകസ്ഥാനം തെറിച്ചാലും അദ്ഭുതപ്പെടാനില്ല. ക്യാപ്റ്റന്‍സിയില്‍ നിന്നും ഹാര്‍ദിക്കിനെ മാറ്റുകയാണെങ്കില്‍ പകരം ഈ റോള്‍ ലഭിക്കാനിടയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

സൂര്യകുമാര്‍ യാദവ്
മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ വൈസ് ക്യാപ്റ്റനും ടി20യില്‍ ഇന്ത്യയുടെ നായകനുമായ സൂര്യകുമാര്‍ യാദവാണ് ഈ റോളിലേക്കു ഫേവറിറ്റൈന്നു നിസംശയം പറയാം. നേരത്തേ ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഫേവറിറ്റായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ പിന്തള്ളി സ്‌കൈ ഈ റോളിനു അവകാശിയായത്. ഇനി ഐപിഎല്ലില്‍ മുംബൈ ടീമിലും ഹാര്‍ദിക്കിനെ തെറിപ്പിച്ച് ഈ റോള്‍ ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായിക്കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കിയതിനു പിന്നാലെ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് പകരം സൂര്യക്കു നറുക്കുവീണത്. ഇതുവരെ തന്റെ റോള്‍ വളരെ നന്നായി നിര്‍വഹിക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. അതിനാല്‍ ക്യാപ്റ്റന്‍സി ഏറ്റവും വിശ്വസിച്ച് മുംബൈക്കു ഏല്‍പ്പിക്കാവുന്നയാളുമാണ് സൂര്യ. നേരത്തേ സ്ഥിരം നായകരുടെ അഭാവത്തില്‍ ടീമിനെ രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹം നയിക്കുകയും ചെയ്തിരുന്നു.
രോഹിത് ശര്‍മ
മുന്‍ നായകനും ഇതിഹാസ താരവുമായ രോഹിത് ശര്‍മയിലേക്കു വീണ്ടും ക്യാപ്റ്റന്‍സി എത്താനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല. ഒരുപക്ഷെ ഒന്നോ, രണ്ടോ സീസണുകളിലേക്കു അദ്ദേഹത്തെ ടീമിന്റെ നായകസ്ഥാനം മുംബൈ ഏല്‍പ്പിച്ചേക്കും.
കാരണം ഇതു താല്‍ക്കാലികമായി ഏല്‍പ്പിക്കാന്‍ രോഹിത്തിനേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ മുംബൈയ്ക്കു ഇല്ലെന്നു തന്നെ പറയാം. ഐപിഎല്ലില്‍ മുംബൈ ഇതിനകം നേടിയിട്ടുള്ള അഞ്ചു ട്രോഫികളും അദ്ദേഹത്തിനു കീഴിലാണ്.
രോഹിത്ത് യഥാര്‍ഥത്തില്‍ നായകസ്ഥാനം സ്വയം വേണ്ടെന്നു വന്നച്ചതല്ല. മറിച്ച് 2024ലെ സീസണിനു മുമ്പ് അദ്ദേഹത്തെ മുംബൈ പുറത്താക്കുകയായിരുന്നു. പകരം ട്രേഡ് വിന്‍ഡോയില്‍ തിരികെ കൊണ്ടുവന്ന ഹാര്‍ദിക് പാണ്ഡ്യയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. ഈ തീരുമാനത്തിനെതിരേ അന്നു വലിയ ആരാധകരോഷവും ഉയര്‍ന്നിരുന്നു.
സീസണില്‍ അതു ടീമിന്റെ പ്രകടനത്തെയും ബാധിക്കുകയും അവര്‍ പത്താംസ്ഥാനത്തേക്കു കൂപ്പുകുത്തുകയും ചെയ്തു. പക്ഷെ തന്നെ നേരത്തേ പുറത്താക്കിയ മുംബൈ വീണ്ടും നായകസ്ഥാനം ഓഫര്‍ ചെയ്താല്‍ രോഹിത് അതു സ്വീകരിക്കുമോയെന്നതു സംശയമാണ്. അദ്ദേഹം അതു നിരസിക്കാനുള്ള സാധ്യതയാണ് കൂടുതലെന്നു പറയേണ്ടിവരും.

ജസ്പ്രീത് ബുംറ
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരാന്‍ ആഗ്രഹിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു നല്ല നായകന്‍മാരായി മാറാന്‍ കഴിയുമെന്നു നേരത്തേ ഓസ്ട്രലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ ഉദാഹരണമായി ബുംറ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ക്യാപ്റ്റന്‍സി മുംബൈ ഓഫര്‍ ചെയ്താല്‍ അദ്ദേഹം അതു ഏറ്റെടുക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ ടി20യിലും ടെസ്്റ്റിലുമെല്ലാം കുറച്ചു മല്‍സരങ്ങളില്‍ നയിച്ചതിന്റെ അനുഭവസമ്പത്തും ബുംറയ്ക്കുണ്ട്. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് തികച്ചും അപ്രതീക്ഷിതമായാണ് രോഹിത് ശര്‍മയെ പുതിയ ക്യാപ്റ്റനായി മുംബൈ പ്രഖ്യാപിച്ചത്. ഇനി ബുംറയെ നായകനാക്കി മംബൈ വീണ്ടുമൊരു സര്‍പ്രൈസ് പ്രഖ്യാപനം നടത്തിയാലും അദ്ഭുതപ്പെടേണ്ട കാര്യമില്ല.