ടി20 ക്രിക്കറ്റില്‍ ഏതൊരു ടീമിനെ സംബന്ധിച്ചും മികച്ച ഫിനിഷര്‍മാര്‍ ഒഴിച്ചുകൂടാനാവാത്ത കാര്യം തന്നെയാണ്. 16-17 ഓവറുകളില്‍ ക്രീസിലെത്തിയ ശേഷം വളരെ പെട്ടെന്നു തന്നെ മല്‍സരഗതി മാറ്റാന്‍ സാധിക്കുന്ന ഫിനിഷര്‍മാര്‍ ഏതൊരു ടീമിന്റെയും സ്വപ്‌നം തന്നെയാണ്. ഇന്ത്യന്‍ ടീമിന്റെ കാര്യത്തിലേക്കു വന്നാല്‍ സമീപകാലത്തു ടി20യില്‍ ഈ റോള്‍ പ്രധാനമായും വഹിച്ചിട്ടുള്ള രണ്ടു താരങ്ങളാണ് റിങ്കു സിങും ശിവം ദുബെയും.
അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യാനും പേസ്-സ്പിന്‍ ബൗളിങിനെ അനായാസം കൈകാര്യം ചെയ്യാനും സാധിക്കുമെന്നതായിരുന്നു ഇവരെ സ്‌പെഷ്യലാക്കി മാറ്റിയത്. എന്നാല്‍ ഈ സീസണിലെ ഐപിഎല്ലില്‍ രണ്ടു പേരും നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ്. ബാറ്റിങില്‍ മുമ്പത്തേതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ റിങ്കുവിനും ദുബെയ്ക്കുമായിട്ടില്ല.

അതുകൊണ്ടു തന്നെ ടി20 ടീമിലേക്കു ഇവര്‍ക്കു പകരം പുതിയ ഫിനിഷര്‍മാരെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില അണ്‍ക്യാപ്ഡ് താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കു വിളി കാത്തിരിക്കുകയാണ്. ഐപിഎല്ലിലെ സ്റ്റാറുകളായി മാറിയ ഈ ഫിനിഷര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
ശശാങ്ക് സിങ്
ഐപിഎല്ലിന്റെ കഴിഞ്ഞ എഡിഷനിലൂടെ അരങ്ങേറിയ ശേഷം അരങ്ങേറ്റ സീസണില്‍ തന്നെ ഹീറോയായി മാറിയ താരമാണ് പഞ്ചാബ് കിങ്‌സ് ഫിനിഷറായ ശശാങ്ക് സിങ്. പഞ്ചാബിന്റെ കഴിഞ്ഞ സീസണിലെ പ്രധാന പോസിറ്റീവുകളിലൊന്നും അദ്ദേഹത്തിന്റെ കണ്ടെത്തലായിരുന്നു. ഈ കാരണത്താല്‍ തന്നെയാണ് ഈ സീസണിലും ശശാങ്കിനെ പഞ്ചാബ് നിലനിര്‍ത്തിയത്.
ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം ഈ സീസണില്‍ കാക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. പഞ്ചാബ് ഇതിനകം കൡച്ച 12 മല്‍സരങ്ങളില്‍ 10 ഇന്നിങ്‌സുകളിലാണ് ശശാങ്ക് ബാറ്റ് ചെയ്തത്. 68.25 എന്ന കിടിലന്‍ ശരാശരിയോടെ 151.66 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 273 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. രണ്ടു ഫിഫിറ്റി പ്ലസ് സ്‌കോറുകളടക്കമാണിത്.
സാഹചര്യം മനസിലാക്കി വളരെ പെട്ടെന്നു അതിനു അനുസരിച്ച് തന്റെ ശൈലിയെ മാറ്റിയെടുക്കാന്‍ സാധിക്കുന്ന ബാറ്ററാണ് ശശാങ്ക്. പലപ്പോഴും ഇന്നിങ്‌സുകളുടെ അവസാനത്തോടെയാണ് ബൗളര്‍മാരെ അദ്ദേഹം കടന്നക്രമിക്കാറുള്ളത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിനു തീര്‍ച്ചയായും മുതല്‍കൂട്ടായി മാറുന്ന താരം തന്നെയാണ് ശശാങ്ക്.
ആയുഷ് ബഡോണി
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ യുവതാരം ആയിഷ് ബഡോണിയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. അഗ്രസീവായി ബാറ്റ് ചെയ്യുന്ന താരം മാത്രമല്ല, വിക്കറ്റുകളെടുക്കാന്‍ സാധിക്കുന്ന ബൗളറും കൂടിയാണ് അദ്ദേഹം. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ കഴിഞ്ഞ ദിവസം എല്‍എസ്ജി തകര്‍ത്തുവിട്ട കളിയില്‍ അവസാന ഓവറില്‍ പന്തെറിഞ്ഞ ബഡോണി രണ്ടു വിക്കറ്റുകളാണ് നേടിയത്.
ഈ സീസണില്‍ എല്‍എസ്ജിക്കായി 11 ഇന്നിങ്‌സുകളില്‍ നിന്നും 148.19 സ്‌ട്രൈക്ക് റേറ്റില്‍ താരം സ്‌കോര്‍ ചെയ്തത് 329 റണ്‍സാണ്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. പലപ്പോഴും ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ക്രീസിലെത്തിയ ശേഷമാണ് മികച്ച ഇന്നിങ്‌സുകളുമായി ബഡോണി ടീമിന്റെ രക്ഷകനായി മാറിയിട്ടുള്ളത്.

അശുതോഷ് ശര്‍മ
ഇന്ത്യക്കുവേണ്ടി ഫിനിഷിങില്‍ കസറാന്‍ സാധിക്കുന്ന മറ്റൊരു താരമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അശുതോഷ് ശര്‍മ. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ശശാങ്ക് സിങിനോടൊപ്പം പഞ്ചാബ് കിങ്‌സിലൂടെ തന്നെ വരവറിയിച്ച താരമാണ് അദ്ദേഹം. ഈ ജോടി പഞ്ചാബിന്റെ തുറുപ്പുചീട്ടുകളായി മാറുകയും ചെയ്തു.
സീസണിനു ശേഷം പഞ്ചാബ് കൈവിട്ടെങ്കിലും ലേലത്തില്‍ അശുതോഷിനെ ഡിസി വാങ്ങുകയായിരുന്നു. മികച്ച ചില പ്രകടനങ്ങള്‍ ഇതിനകം കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. ഡിസിക്കായി ഒമ്പതു ഇന്നിങ്‌സുകളിലാണ് അഷുതോഷ് ബാറ്റ് ചെയ്തത്.
160.62 സ്‌ട്രൈക്ക് റേറ്റില്‍ 204 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ആദ്യ കളിയില്‍ തോല്‍വിയുടെ വക്കില്‍ നിന്നും വണ്‍മാന്‍ ഷോയിലൂടെ പുറത്താവാതെ 66 റണ്‍സുമായി ടീമിനെ അശുതോഷ് ജയത്തിലെത്തിച്ചിരുന്നു.