രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ ഒരു മാസ് തിരിച്ചുവരവിനൊരുങ്ങുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഐപിഎല്‍ പോരാട്ടങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെ വെടിക്കെട്ടിനു താന്‍ കച്ച മുറുക്കഴിഞ്ഞുവെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഞായറാഴ്ച വൈകീട്ട് 3.30 മുതല്‍ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സാണ് റോയല്‍സിന്റെ എതിരാളികള്‍.
ഈ സീസണിലെ പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേ തന്നെ അവസാനിച്ചു കഴിഞ്ഞതിനാല്‍ ഇനിയൊന്നും നഷ്ടപ്പെടാനില്ലെന്ന ആത്മവിശ്വാസത്തോടെയായിരിക്കും ശേഷിച്ച രണ്ടു മല്‍സരങ്ങളിലും റോയല്‍സ് ഇറങ്ങുക. ഇതു തീര്‍ച്ചയായും പഞ്ചാബ് ഭയപ്പെടുകയും വേണം, അതിനിടെ റോയല്‍സിന്റെ നെറ്റ് സെഷനില്‍ സഞ്ജുവിന്റെ ബാറ്റിങ് വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വളരെ അഗ്രസീവായി, മികച്ച ടൈമിങോടെ അദ്ദേഹം ബാറ്റ് വീശുന്നത് ഇതില്‍ നമുക്കു കാണാം.

പഴയ സഞ്ജുവല്ല?
ഈ ഐപിഎല്‍ സീസണിലെ മുന്‍ മല്‍സരങ്ങളില്‍ കണ്ട സഞ്ജു സാംസണ്‍ തന്നെയാണോ ഇതെന്ന സംശയമാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. ഇതിനു ഒരു കാരണം കൂടിയുണ്ട്. രാഹുല്‍ ദ്രാവിഡ് ഈ സീസണില്‍ മുഖ്യ കോച്ചായി എത്തിയ ശേഷം സ്വതസിദ്ധമായ ശൈലിയില്‍ കൂടുതല്‍ തുറന്നു കളിക്കാന്‍ സഞ്ജു തയ്യാറായിരുന്നില്ല.
IPL 2025: പുതിയ റോളില്‍ സഞ്ജു, 2 വില്ലന്‍മാര്‍ പുറത്ത്!! ചെന്നൈക്കെതിരേ റോയല്‍സ് 11
പകരം കൂടുതല്‍ ഡിഫന്‍സീവായ, ഒപ്പം ശ്രദ്ധയോടെയുള്ള സമീപനമാണ് താരം സ്വീകരിച്ചത്. കോച്ചായി വന്ന ശേഷം ദ്രാവിഡാണ് സഞ്ജുവിനെ ഈ തരത്തില്‍ ഡിഫന്‍സീവായി മാറ്റിയതെന്നും വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുമുയര്‍ന്നു. ദ്രാവിഡിന്റെ നിര്‍ദേശ പ്രകാരം ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തിയ ശേഷം പഴയതു പോലെ ഇംപാക്ടുണ്ടാക്കാനും സഞ്ജുവിനായിട്ടില്ല. ഒരേയൊരു ഫിഫ്റ്റിയാണ് സീസണില്‍ അദ്ദേഹം ആകെ നേടിയത്. ഇതാവട്ടെ ആദ്യ മല്‍സരത്തിലുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ റോയല്‍സ് പങ്കുവച്ചിട്ടുള്ള പുതിയ ബാറ്റിങ് പരിശീലന വീഡിയോയില്‍ പഴയ, യഥാര്‍ഥ സഞ്ജുവിനെ നമുക്കു കാണാം. നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ വളരെ കുറച്ചു ബോളുകള്‍ മാത്രമേ അദ്ദേഹം പ്രതിരോധിച്ചുള്ളൂ. ഭൂരിഭാഗം ബോളുകളെയും റോയല്‍സ് ക്യാപ്റ്റന്‍ അടിച്ചു പറപ്പിക്കുകയായിരുന്നു. സഞ്ജു സാംസണ്‍ നെറ്റ്‌സില്‍, നിങ്ങള്‍ കാത്തിരുന്ന വീഡിയോ എന്ന ക്യാപ്ഷനോടെയാണ് റോയല്‍സ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.
റോയല്‍സിന്റെ നെറ്റ് സെഷനില്‍ സഞ്ജുവിന്റെ ബാറ്റിങ് പരിശീലനം. വീഡിയോ കാണാം
ഇനിയും അരങ്ങേറിയിട്ടില്ലാത്ത സൗത്താഫ്രിക്കന്‍ യുവതാരം ക്വെന മഫാക്ക, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ക്കെതിരേയാണ് നെറ്റ്‌സില്‍ സഞ്ജു ബാറ്റ് വീശിയത്. ആദ്യത്തെ മൂന്നു ബോള്‍ പ്രതിരോധിച്ചെങ്കിലും പിന്നീട് ഗിയര്‍ മാറ്റിയ അദ്ദേഹം തുരുതുരെ വമ്പന്‍ ഷോട്ടുകള്‍ പായിച്ചു. ഇതെല്ലാം കണ്ട് നെറ്റ്‌സിനു പുറത്ത് റോയല്‍സ് കോച്ച് ദ്രാവിഡും ഇരിപ്പുണ്ടായിരുന്നു. മിഡ് ഓണിലൂടെയും മിഡ് ഓഫിലൂടെയുമെല്ലാം സഞ്ജു കണ്ണഞ്ചിക്കുന്ന ഷോട്ടുകള്‍ പറത്തിക്കൊണ്ടിരുന്നു.

കളിച്ചത് 7 മല്‍സരം മാത്രം
രാജസ്ഥാന്‍ റോയല്‍സ് ടീം ഈ സീണില്‍ 12 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെങ്കിലും വെറും ഏഴെണ്ണത്തില്‍ മാത്രമേ സഞ്ജു സാംസണ്‍ കളിച്ചിട്ടുള്ളൂ. ഇതില്‍ ടീമിനെ നയിച്ചതാവട്ടെ വെറും നാലെണ്ണത്തില്‍ മാത്രവുമാണ്. ആദ്യ മൂന്നു കളിയിലും ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രമേ അദ്ദേഹം ഇറങ്ങിയുള്ളൂ.
ഏഴു മല്‍സരങ്ങളില്‍ നിന്നും 37.33 ശരാശരിയില്‍ 143.58 സ്‌ട്രൈക്ക് റേറ്റില്‍ 224 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റിയടക്കമാണിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ കളിയിലെ 66 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.