മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സീനിയര്‍ താരവും സൂപ്പര്‍ ഓള്‍റൗണ്ടറുമായ താരമാണ് ആര്‍ അശ്വിന്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് അശ്വിന്‍. വരുന്ന സീസണില്‍ അശ്വിനെ രാജസ്ഥാന്‍ നിലനിര്‍ത്തില്ലെന്നും താരം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് തിരികെ പോകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അശ്വിന്‍ രാജസ്ഥാന്‍ വിടുമെന്ന് ഉറപ്പായെങ്കിലും എങ്ങോട്ട് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആയിരുന്നില്ല. അനുഭവസമ്പന്നനായ അശ്വിന്‍ നേരത്തെ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്നു.
എന്നാല്‍ രാജസ്ഥാന്‍ റോയല്‍സില്‍ നായകസ്ഥാനമോ വൈസ് ക്യാപ്റ്റന്‍ സ്ഥാനമോ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്തുള്ള അശ്വിന്‍ ഇപ്പോള്‍ ഐപിഎല്‍ നായകസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ടീമുകള്‍ അശ്വിനെ നോട്ടമിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അശ്വിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ ടീം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ്. കെ എല്‍ രാഹുലാണ് നിലവില്‍ ലഖ്‌നൗവിന്റെ നായകന്‍. അവസാന സീസണില്‍ ലഖ്‌നൗ ഉടമയും രാഹുലും തമ്മില്‍ മൈതാനത്ത് വെച്ച് തന്നെ തര്‍ക്കത്തിലായിരുന്നു. രാഹുലിനെ പരസ്യമായി ഉടമ ശകാരിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് രാഹുല്‍ ടീം വിടുമെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. രാഹുല്‍ ആര്‍സിബിയിലേക്ക് കൂടുമാറെന്നാണ് നിലവില്‍ വരുന്ന വിവരം.
ദിനേഷ് കാര്‍ത്തിക് വിരമിച്ചതിനാല്‍ ആര്‍സിബിയില്‍ വിക്കറ്റ് കീപ്പറുടെ ആവശ്യമുണ്ട്. കര്‍ണാടക്കാരനായ രാഹുലിനെ ആര്‍സിബി ടീമിലേക്കെത്തിക്കാന്‍ സാധ്യത കൂടുതലാണ്. ഇതോടെ ലഖ്‌നൗവിന് പുതിയ നായകനെ കണ്ടെത്തേണ്ടതായുണ്ട്. ക്രുണാല്‍ പാണ്ഡ്യ, നിക്കോളാസ് പുരാന്‍ എന്നിവര്‍ ലഖ്‌നൗവിലുണ്ടെങ്കിലും വിശ്വസ്തരല്ല. അതുകൊണ്ടുതന്നെ അശ്വിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ലഖ്‌നൗ ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം.

നിലവില്‍ രവി ബിഷ്‌നോയിയും ക്രുണാല്‍ പാണ്ഡ്യയും ലഖ്‌നൗവിന്റെ സ്പിന്‍ നിരയിലുണ്ട്. അശ്വിന്‍ കൂടി വരുന്നത് ടീമിന് ഗുണം ചെയ്‌തേക്കും. രണ്ടാമത്തെ ടീം ഡല്‍ഹി ക്യാപിറ്റല്‍സാണ്. നിലവില്‍ റിഷഭ് പന്താണ് ഡല്‍ഹിയുടെ നായകന്‍. ധോണി അടുത്ത സീസണില്‍ കളിക്കാതിരുന്നാല്‍ സിഎസ്‌കെയില്‍ ധോണിക്ക് പകരക്കാരനായി റിഷഭ് പോയേക്കും. അങ്ങനെ വന്നാല്‍ പുതിയ നായകനെ ഡല്‍ഹിക്ക് കണ്ടെത്തേണ്ടതായുണ്ട്. ഈ സ്ഥാനത്തേക്ക് അശ്വിനെ പരിഗണിച്ചാലും തെറ്റാകില്ല.
ഡേവിഡ് വാര്‍ണര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് നിലവിലെ ഡല്‍ഹി ടീമിലെ ക്യാപ്റ്റനാക്കാന്‍ പറ്റുന്ന മറ്റ് താരങ്ങള്‍. എന്നാല്‍ ഇവരില്‍ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിച്ചേക്കില്ല. മുഖ്യ പരിശീലകനായിരുന്ന റിക്കി പോണ്ടിങ് സ്ഥാനമൊഴിയുകയും ചെയ്തു. പുതിയ പരിശീലകന്‍ വരുമ്പോള്‍ ഡല്‍ഹിയുടെ നായകസ്ഥാനത്തേക്ക് അശ്വിനെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് മറ്റൊരു ടീം.
എന്നാല്‍ ഇതിനുള്ള സാധ്യത വരളെ വിരളമാണ്. വിരാട് കോലി ഉള്‍പ്പെടെ കളിക്കുന്ന ആര്‍സിബിയുടെ നായകസ്ഥാനത്ത് ഇനി ഫഫ് ഡുപ്ലെസിസ് ഉണ്ടായേക്കില്ല. ആ സ്ഥാനത്തേക്ക് പുതിയ ആളെ ആര്‍സിബിക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ അശ്വിനെ പരിഗണിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കാണ് ആര്‍സിബി പ്രധാന പരിഗണന നല്‍കുന്നത്. അതുകൊണ്ടുതന്നെ അശ്വിനെത്താന്‍ സാധ്യത കുറവാണ്.
പഞ്ചാബ് കിങ്‌സിനും പുതിയ നായകനെ ആവശ്യമാണ്. എന്നാല്‍ പഞ്ചാബ് അശ്വിനെ വീണ്ടും പരിഗണിക്കാന്‍ സാധ്യതയില്ല. നേരത്തെ പഞ്ചാബിനെ നയിച്ച അശ്വിന് ടീമിനൊപ്പം വലിയ പ്രകടനം നടത്താനായിരുന്നില്ല. നിലവില്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ നായകന്‍. പരിക്കും ഫോമും ധവാനെ തളര്‍ത്തുന്നതിനാല്‍ അടുത്ത സീസണില്‍ നായകസ്ഥാനം ലഭിക്കില്ല. എന്നാല്‍ ഈ സ്ഥാനത്തേക്ക് അശ്വിനെ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല.