ആറാം ഐപിഎല്‍ കിരീടമെന്ന സ്വപ്‌നം ഇത്തവണ യാഥാര്‍ഥ്യമാക്കെന്ന ആത്മവിശ്വാസത്തിലാണ് ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സ്. അവസാന സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണ മുംബൈയ്ക്കു വലിയ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇത്തവണ അത്തരമൊരു ദുരന്തം ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് മുംബൈയുടെ സൂപ്പര്‍ ടീം.
അടുത്ത ഞായറാഴ്ച (മാര്‍ച്ച് 23) ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടാണ് സീസണില്‍ മുംബൈയുടെ ആദ്യ പോരാട്ടം. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഐപിഎല്ലിലെ ഈ എല്‍ ക്ലാസിക്കോ പോരാട്ടം.
സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിര തന്നെ ഇത്തവണ മുംബൈയ്ക്കുണ്ടെന്നു കാണാം. ഇവര്‍ക്കു വമ്പന്‍ ശമ്പളമാണ് ഈ സീസണില്‍ മുംബൈ വാഗ്ദാനം ചെയ്തിരിക്കുന്നത്. ടീമില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരം ആരാണെന്നു നമുക്കു നോക്കാം.

ഹാര്‍ദിക്കും രോഹിത്തുമില്ല
മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്നത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയോ, മുന്‍ ഇതിഹാസ നായകന്‍ രോഹിത് ശര്‍മയോ ആണെന്നു കരുതിയവര്‍ക്കു തെറ്റി. ഇവരേക്കാള്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന മറ്റൊരാള്‍ മുംബൈയിലുണ്ട്. അതു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ മുംബൈ ടീമിലെ യഥാര്‍ഥ കിങെന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.
മെഗാ ലേലത്തിനു മുമ്പ് 18 കോടി രൂപയ്ക്കാണ് ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ബുംറയെ മുംബൈ നിലനിര്‍ത്തിയത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ അദ്ദഹത്തിനു താഴെ മാത്രമേ ഹാര്‍ദിക്, രോഹിത്, 360 ബാറ്ററായ സൂര്യകുമാര്‍ യാദവ് തുടങ്ങിയവരെല്ലാം വരികയുള്ളൂ.
16.35 കോടി രൂപ വീതം മുടക്കിയാണ് ഹാര്‍ദിക്കിനെയും സൂര്യയെയും മുംബൈ തങ്ങളോടൊപ്പം നിലനിര്‍ത്തിയത്. ശമ്പളത്തിന്റെ കാര്യത്തില്‍ ഇവര്‍ക്കും താഴെയാണ് രോഹിത്തുള്ളത്. അദ്ദേഹത്തിന്റെ ഈ സീസണിലെ ശമ്പളം 16.30 കോടി രൂപയാണ്. കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് തന്നെ ഇവരെയെല്ലാം മുംബൈ നിലനിര്‍ത്തിയിരുന്നു. അവസാന സീസണില്‍ നിന്നും മുംബൈ നിലനിര്‍ത്തിയ അഞ്ചാമന്‍ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയാണ്. എട്ടു കോടി രൂപയാണ് ഇതിനായി മുംബ മുടക്കിയത്.
മെഗാലേലത്തില്‍ മുംബൈ ഏറ്റവുമധികം പണം മുടക്കിയക് ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനു വേണ്ടിയാണ്. രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട അദ്ദേഹത്തെ ടീമിലേക്കു തിരികെത്തെിക്കാന്‍ 12.50 കോടിയാണ് മുംബൈയ്ക്കു ചെലവായത്. ബുംറയും ബോള്‍ട്ടും ചേരുന്ന മുംബൈയുടെ പേസാക്രമണം ഇതിനകം എതിര്‍ ടീമുകളുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു.
ബുംറയുടെ വരവ് വൈകും
മുംബൈ ഇന്ത്യന്‍സിനു ഐപിഎല്ലിന്റെ പുതിയ സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ ജസ്പ്രീത് ബുംറയുടെ സേവനം ലഭിക്കില്ല. ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ പുറംഭാഗത്തിനേറ്റ പരിക്കു കാരണം അദ്ദേഹം വിശ്രമത്തിലാണ്. ഇതിനിടെ ഐസിസി ചാംപ്യന്‍സ് ട്രോഫിയടക്കം ബുംറയ്ക്കു നഷ്ടമാവുകയും ചെയ്തു.

ഇപ്പോഴും പൂര്‍ണ ഫിറ്റ്‌നസിലേക്കു അദ്ദേഹം മടങ്ങിയെത്തിയിട്ടില്ല. ഏപ്രില്‍ ആദ്യ വാരത്തോടെ മുംബൈ ടീമിലേക്കു ബുംറ മടങ്ങിയെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ അഭാവത്തില്‍ ട്രെന്റ് ബോള്‍ട്ടായിരിക്കും ആദ്യത്തെ കുറച്ചു മല്‍സരങ്ങൡ മുംബൈയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.
അതേസമയം, 2013ലെ ഐപിഎല്‍ സീസണിലൂടെയാണ് ബുംറയുടെ അരങ്ങേറ്റം. ഇതിനകം മുംബൈയ്ക്കായി 133 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 7.30 ഇക്കോണമി റേറ്റില്‍ 165 വിക്കറ്റുകള്‍ ബുംറ പോക്കറ്റിലാക്കുകയും ചെയ്തു. 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു പേരെ പുറത്താക്കിയതാണ് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.