മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ടീമുകളെല്ലാം അവസാന സീസണിലെ പിഴവുകള്‍ നികത്തി ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള മാറ്റങ്ങളാണ് ടീമുകള്‍ മെഗാ ലേലത്തിലൂടെ വരുത്തിയത്. ഇനി പടയൊരുക്കി കപ്പടിക്കാനുള്ള നീക്കത്തിലാണ് ടീമുകള്‍. 10 ടീമുകളും ശക്തരായതിനാല്‍ വരുന്ന സീസണ്‍ കൂടുതല്‍ ആവേശകരമാകുമെന്ന കാര്യം ഉറപ്പാണ്.
എല്ലാവരും ഉറ്റുനോക്കുന്നത് വെടിക്കെട്ട് ബാറ്റിങ് നിരയിലേക്കാണ്. എല്ലാ ടീമുകളുടേയും ടോപ് ഫൈവില്‍ കരുത്തുറ്റ താരങ്ങളുണ്ട്. എന്നാല്‍ ഏറ്റവും വെടിക്കെട്ട് ടോപ് ഫൈവ് ഏത് ടീമിനാളുള്ളത്. 10 ടീമുകളില്‍ ഏറ്റവും ശക്തം മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കാണ്. ഇവരില്‍ കൂടുതല്‍ ശക്തമായ ടോപ് ഫൈവ് ബാറ്റിങ് നിര ഏത് ടീമാണ്? പരിശോധിക്കാം.
ടോപ് ഹൈദരാബാദ്
ഇത്തവണത്തെ ഏറ്റവും മികച്ച ടോപ് ഫൈവ് ബാറ്റ്‌സ്മാന്‍മാരുള്ള ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണെന്ന് പറയാം. ഓപ്പണിങ്ങില്‍ വെടിക്കെട്ട് തുടക്കം നല്‍കാന്‍ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയുമാണുള്ളത്. രണ്ട് പേരും അപകടകാരികളായ ബാറ്റ്‌സ്മാന്‍മാരാണ്. തല്ലിത്തകര്‍ക്കുന്ന ഇരുവരും അവസാന സീസണില്‍ത്തന്നെ എല്ലാവരേയും ഞെട്ടിച്ചതാണ്. രണ്ട് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരും ചേര്‍ന്ന് നന്നായി തുടങ്ങിവെക്കുമ്പോള്‍ മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനെത്തും.
മുംബൈ വിട്ട് ഹൈദരാബാദിലേക്കെത്തിയ ഇഷാന്‍ പോക്കറ്റ് ഡൈനാമോ പോലെ പൊട്ടിത്തെറിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്. ഫോമിലേക്കെത്തിയാല്‍ അനായാസം റണ്‍സുയര്‍ത്താന്‍ ഇഷാന് കഴിവുണ്ട്. നാലാം നമ്പറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് എത്തുക. ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന യുവ ഓള്‍റൗണ്ടര്‍ കടന്നാക്രമിച്ച് കളിക്കാനുള്ള കഴിവ് ഇന്ത്യന്‍ ടീമിനൊപ്പം തെളിയിച്ചതാണ്.
അഞ്ചാം നമ്പറില്‍ ഹെന്‍ റിച്ച് ക്ലാസനെത്തും. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. മധ്യനിരയിലിറങ്ങി കടന്നാക്രമിച്ച് കളിക്കാനും മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാനും ശേഷിയുള്ള താരമാണ് ക്ലാസന്‍.

മുംബൈ ഇന്ത്യന്‍സും കിടിലന്‍
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ടോപ് ഫൈവ് ബാറ്റിങ് നിര എല്ലാവരേയും വിറപ്പിക്കുന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കപ്പ് നേടാന്‍ സാധിച്ചിട്ടില്ലാത്ത മുംബൈ വരുന്ന സീസണില്‍ കരുത്തുയര്‍ത്തിയാണ് കളത്തിലിറങ്ങുന്നത്. രോഹിത് ശര്‍മ ഓപ്പണറായി ഇറങ്ങുമ്പോള്‍ ഇത്തവണ റോബിന്‍ മിന്‍സാവും പങ്കാളി. കടന്നാക്രമിച്ച് കളിക്കാന്‍ യുവ താരത്തിന് കഴിവുണ്ട്. മൂന്നാം നമ്പറില്‍ യുവ പ്രതിഭ തിലക് വര്‍മയാവും.
ഇന്ത്യക്കായി ടി20യില്‍ രണ്ട് തുടര്‍ സെഞ്ച്വറികളോടെ ഞെട്ടിച്ച തിലകില്‍ ഇത്തവണ മുംബൈക്ക് പ്രതീക്ഷകളേറെ. നാലാം നമ്പറില്‍ നായകന്‍ സൂര്യകുമാര്‍ യാദവാകും ഇറങ്ങുക. നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സൂര്യ. ഇത്തവണയും സൂര്യയുടെ വെടിക്കെട്ട് കാണാം. അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ കൂടി കളിക്കുമ്പോള്‍ മുംബൈയുടെ ടോപ് ഫൈവ് അതി ശക്തം. ഞെട്ടിക്കാന്‍ കെല്‍പ്പുള്ള ബാറ്റിങ് നിരയാണ് മുംബൈയുടേതെന്ന് നിസംശയം പറയാം.
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും കിടിലന്‍
ഇത്തവണ വലിയ പൊളിച്ചെഴുത്തുമായാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് വരുന്നത്. ഓപ്പണറായി റിഷഭ് പന്തും മിച്ചല്‍ മാര്‍ഷും ഇറങ്ങാനാണ് സാധ്യത. രണ്ട് പേരും മികച്ച റെക്കോഡുള്ള ആക്രമണകാരികളായ താരങ്ങളാണ്. മൂന്നാം നമ്പറില്‍ എയ്ഡന്‍ മാര്‍ക്രത്തെ കളിപ്പിക്കാം. ക്ലാസിക് ശൈലിയില്‍ താരം റണ്‍സുയര്‍ത്തും. നാലാം നമ്പറില്‍ വെടിക്കെട്ട് വീരന്‍ നിക്കോളാസ് പുരാനെത്തുമ്പോള്‍ അഞ്ചാം നമ്പറില്‍ ഡേവിഡ് മില്ലര്‍ കളിക്കും. അനുഭവസമ്പത്തും യുവത്വവും ചേര്‍ന്ന കിടിലന്‍ ടോപ് 5 ആണ് ലഖ്‌നൗവിന്റേത്.