ഐപിഎല്ലിന്റെ ഈ സീസണില്‍ തുടക്കം പാളിയെങ്കിലും പിന്നീട് ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയ ടീമാണ് അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ മുംബൈ ജയിച്ചിരുന്നുള്ളൂ. ശേഷിച്ച നാലും അവര്‍ തോല്‍ക്കുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടിയില്‍ ഒമ്പതാം സ്ഥാനത്തുമായിരുന്നു മുംബൈ.
എന്നാല്‍ പിന്നീട് മുംബൈയുടെ പടയോട്ടത്തിനാണ് ടൂര്‍ണമെന്റ് സാക്ഷിയായത്. തുടര്‍ച്ചയായി ആറു വിജയങ്ങളുമായി കുതിച്ച അവര്‍ തലപ്പത്തു വരെയെത്തുകയും ചെയ്തു. അവസാന കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് അവരുടെ വിജയക്കുതിപ്പിനു ബ്രേക്കിട്ടത്. നിലവില്‍ 12 കളിയില്‍ നിന്നും 14 പോയിന്റുമായി നാലാമതാണ് മുംബൈ.
രണ്ടു കളികള്‍ ബാക്കിനില്‍ക്കെ മുംബൈയ്ക്കു ഇപ്പോഴും പ്ലേഓഫ് ഉറപ്പില്ലെന്നതാണ് യാഥാര്‍ഥ്യം. അവസാന രണ്ടു കളിയും തോറ്റാല്‍ അവര്‍ കുഴപ്പത്തിലായേക്കും. നിലവില്‍ മികച്ച ഫോമിലാണെങ്കിലും മുംബൈ ചിലപ്പോള്‍ പ്ലേഓഫ് കാണാതെ പുറത്തായേക്കുകയും ചെയ്യും. ഇതിന്റെ കാരണങ്ങളറിയാം.

ബുംറയുടെ അമിതഭാരം
മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങെടുത്താല്‍ പതിവുപോല ഇ്ത്തവണയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു മേല്‍ പ്രതീക്ഷകളുടെ അമിത ഭാരമുണ്ടെന്നു കാണാം. പതിവുപോലെ ഇത്തവണയും പ്രതിസന്ധി ഘട്ടങ്ങില്‍ മുംബൈയ്ക്കു വിശ്വസിച്ച് പന്തേല്‍പ്പിക്കാവുന്നയാള്‍ അദ്ദേഹമാണ്. എട്ടു കളിയില്‍ 6.68 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകള്‍ ബുംറ നേടിക്കഴിഞ്ഞു.
എതിര്‍ ടീം ബാറ്റര്‍മാര്‍ ഈ സീസണിലും ബുംറയുടെ നാലോവറുകള്‍ എങ്ങെയെയങ്കിലും തീര്‍ന്നു കിട്ടാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ഓവറുകള്‍ അതിജീവിക്കാനായാല്‍ മറ്റു ബൗളര്‍മാരെ വലിയ ഹബുദ്ധിമുട്ടില്ലാതെ നേരിടാമെന്നു അവര്‍ക്കറിയാം. മുംബൈയുടെ മറ്റൊരു പേസറായ ദീപക് ചാഹര്‍ 12 കളിയില്‍ 10 വിക്കറ്റെടുത്തെങ്കിലും 9.31 എന്ന മോശം ഇക്കോണമി റേറ്റാണിത്.
ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാന കളിയില്‍ മുംബൈയെ തോല്‍പ്പിച്ചത് ചാഹറാണ്. അവസാന ഓവറില്‍ 15 റണ്‍സ് പോലും പ്രതിരോധിക്കാനായില്ല. നോ ബോളുള്‍പ്പെടെ ഈ ഓവറില്‍ എറിഞ്ഞാണ് ചാഹര്‍ വില്ലനായി മാറിയത്.
ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യമെടുത്താല്‍ 11 കളിയില്‍ 13 വിക്കറെടുത്തെങ്കിലും ഇക്കോണമി റേറ്റ് 9.17 ആണ്. ബൗളിങില്‍ ബുംറ തന്റെ റോള്‍ ഭംഗിയായി ചെയ്യുമ്പോള്‍ ബൗളിങില്‍ മറ്റുള്ളവരില്‍ നിന്നും അത്രത്തോളം പിന്തുണ കിട്ടുന്നില്ലെന്നത് ഒരു പ്രശ്‌നമാണ്.
ഫിനിഷിങിലെ അസ്ഥിരത
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍നിര വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍ നായകന്‍ രോഹിത് ശര്‍മ, ഓപ്പണിങ് പങ്കാളി റയാന്‍ റിക്കെല്‍റ്റണ്‍, വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ് എന്നിവരുടെയെല്ലാം പ്രകടനങ്ങളാണ് മുംബൈയുടെ കുതിപ്പിന് പ്രധാന കാരണം.
പക്ഷെ ബാറ്റിങില്‍ ബാക്കിയുള്ളവരില്‍ നിന്നും കാര്യമായ സംഭാവന മുംബൈയ്ക്കു ലഭിക്കുന്നില്ല. തിലക് വര്‍മ, നമാന്‍ ധിര്‍, ക്യാപ്റ്റന്‍ ഹാദിക് പാണ്ഡ്യ എന്നിവര്‍ക്കൊന്നും ബാറ്റിങില്‍ സ്ഥിരയതാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കുന്നില്ല.
ചില കളിയില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിക്കാനായത് മാത്രമേ ഇവര്‍ക്കു എടുത്തു കാണിക്കാനുള്ളൂ. തിലക് 12 കളിയില്‍ 246ഉം ഹാര്‍ദിക് 11 കളിയില്‍ 158ഉം ധിര്‍ 12 കളിയില്‍ 162ഉം റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ വരുത്തുന്ന ചില പിഴവുകളാണ് മൂന്നാമത്തെ കാരണം. വളരെ ധൈര്യശാലിയും ചില സമയങ്ങളില്‍ കാര്യങ്ങളെക്കുറിച്ച് നല്ല വ്യക്തതയുമുള്ള നായകനാണ് ഹാര്‍ദിക്. പക്ഷെ മറ്റു ചില സമയങ്ങളിലാവട്ടെ അദ്ദേഹം ചില അബദ്ധങ്ങളും കാണിക്കുന്നു. ഹാര്‍ദിക്കിന്റെ ചില ബൗളിങ് മാറ്റങ്ങളും ഫീല്‍ഡിങ് ക്രമീകരണവുമെല്ലാം ഇതിനകം ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ജിടിയുമായുള്ള അവസാന കളിയില്‍ ഹാര്‍ദിക്കിന്റെ ഒരു തീരുമാനം ഇതിനു ഉദാഹരണമാണ്. 19ാം ഓവറില്‍ 15 റണ്‍സ് പ്രതിപരോധിക്കാന്‍ അദ്ദേഹം ദീപക് ചാഹറിനെ പന്തേല്‍പ്പിച്ചത് ഒരു മോശം തീരുമാനയിരുന്നു. ഈ തരത്തിലുള്ള അബദ്ധങ്ങള്‍ ആവര്‍ത്തിച്ചാല്‍ മുംബൈ ടീം കിരീടമില്ലാതെ സീസണ്‍ അവസാനിപ്പിച്ചേക്കും.