മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിന്റെ സമയമാണ്. അരയും തലയും മുറുക്കി 10 ടീമുകളും വാശിയേറിയ പോരാട്ടത്തിനായി ഒരുങ്ങുകയാണ്. ഇത്തവണ റെക്കോഡ് പ്രതിഫലങ്ങള്‍ പിറന്ന മെഗാ ലേലമാണ് നടന്നത്. വലിയ അഴിച്ചുപണികള്‍ ടീമുകളില്‍ ഉണ്ടായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ടീമുകളുടെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയാം.
വരുന്ന സീസണില്‍ തിളങ്ങാന്‍ സാധ്യതയുള്ള ചില യുവതാരങ്ങളുണ്ട്. ആരും വലിയ പ്രാധാന്യം നല്‍കാത്തവരും എന്നാല്‍ ഞെട്ടിക്കുന്ന പ്രകടനത്തോടെ മിന്നിക്കാന്‍ സാധ്യതയുള്ളവരുമായ ചിലരുണ്ട്. ഇത്തരത്തില്‍ സര്‍പ്രൈസ് നല്‍കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
റോബിന്‍ മിന്‍സ്
ഇത്തവണ മുംബൈ ഇന്ത്യന്‍സ് വിളിച്ചെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റോബിന്‍ മിന്‍സ്. വമ്പനടിക്കാരനായ താരം രോഹിത് ശര്‍മക്കൊപ്പം ഓപ്പണര്‍ റോളില്‍ ഇറങ്ങാന്‍ സാധ്യതയുള്ളവനാണ്. അടിച്ചു തകര്‍ക്കുന്ന താരം പവര്‍പ്ലേ മുതലാക്കാന്‍ കെല്‍പ്പുള്ളവനാണ്. തന്റെ ഉയര്‍ന്ന ശാരീരിക ക്ഷമതയെ നന്നായി ഉപയോഗിക്കുന്ന റോബിന്‍ മുംബൈ പ്രതീക്ഷയോടെ കാണുന്ന താരമാണ്. മികച്ച പ്രകടനത്തോടെ എല്ലാവരേയും ഞെട്ടിക്കാന്‍ റോബിന് സാധിച്ചേക്കും.
രചിന്‍ രവീന്ദ്ര
ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയെ സിഎസ്‌കെ വീണ്ടും ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. അവസാന സീസണില്‍ സിഎസ്‌കെയ്ക്കായി കളിച്ചപ്പോള്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ രചിന് സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ എല്ലാവരേയും ഞെട്ടിക്കാന്‍ രചിന് സാധിച്ചേക്കും. ടോപ് ഓഡറില്‍ കളിച്ച് മിന്നിക്കാനും പാര്‍ട്ട് ടൈം ബൗളര്‍ റോളില്‍ കസറാനും രചിന് കഴിവുണ്ട്. സിഎസ്‌കെയുടെ വജ്രായുധമായി മാറാന്‍ കഴിവുള്ളവനാണ് രചിന്‍. അതുകൊണ്ടുതന്നെ രചിന്‍ മിന്നിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
വിജയ് ശങ്കര്‍
മീഡിയം പേസ് ഓള്‍റൗണ്ടറായ വിജയ് ശങ്കറെ ആരും വലിയ പ്രാധാന്യത്തോടെ കാണുന്നില്ല. ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമാണെങ്കിലും വിജയിയെ വിശ്വസ്തനായി ആരും കാണുന്നില്ല. തമിഴ്‌നാട്ടുകാരനായ വിജയിയെ ഇത്തവണ സിഎസ്‌കെ ടീമിലേക്കെത്തിച്ചത് താരത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവാകാന്‍ സാധ്യതയുണ്ട്. ആരും പ്രതീക്ഷിക്കാത്ത തരത്തില്‍ മിന്നും പ്രകടനം നടത്തി മാച്ച് വിന്നറാവാന്‍ കഴിവുള്ളവനായി വിജയ് മാറാന്‍ സാധ്യത കൂടുതല്‍.
സമീര്‍ റിസ്‌വി
അവസാന സീസണില്‍ വലിയ പ്രതീക്ഷയോടെ എല്ലാവരും കണ്ട താരമാണ് സമീര്‍ റിസ്‌വി. എന്നാല്‍ സിഎസ്‌കെയ്‌ക്കൊപ്പം പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സമീറിന് സാധിച്ചില്ല. ഇത്തവണ ഡല്‍ഹിയിലേക്കെത്തിയ റിസ് വി എല്ലാവരേയും ഞെട്ടിക്കാന്‍ സാധ്യതയുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ മികവ് കാട്ടാന്‍ കഴിവുള്ള റിസ് വിയെ മധ്യനിരയില്‍ പവര്‍ ഹിറ്ററായി ഡല്‍ഹി ഉപയോഗിച്ചേക്കും. എല്ലാവരുടേയും കണക്കുകൂട്ടല്‍ തെറ്റിച്ച് മികവ് കാട്ടാന്‍ റിസ് വിക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

മഹിപാല്‍ ലോംറോര്‍
അവസാന സീസണില്‍ ആര്‍സിബിക്കായി കളിച്ച മഹിപാല്‍ ലോംറോറിനെ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയത്. കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള മഹിപാല്‍ ലോംറോറിനെ ഇത്തവണ ഗുജറാത്ത് മധ്യനിരയില്‍ പ്രധാന താരമായി ഉപയോഗിച്ചേക്കും. അനായാസം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമാണ് ലോംറോര്‍. ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്തായി മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഈ മികവ് വരുന്ന സീസണിലും തുടരാന്‍ റോംറോറിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
അന്‍കൃഷ് രഘുവന്‍ഷി
യുവതാരം അന്‍കൃഷ് രഘുവന്‍ഷി ഇതിനോടകം കളിച്ച് മികവ് തെളിയിച്ചിട്ടുള്ള താരമാണ്. എന്നാല്‍ വേണ്ടത്ര അവസരങ്ങള്‍ താരത്തിന് ലഭിച്ചിട്ടില്ല. നിലവിലെ ചാമ്പ്യന്മാരായ കെകെആറിന്റെ ഭാഗമാണ് അന്‍കൃഷ്. വരുന്ന സീസണില്‍ തുടര്‍ അവസരങ്ങള്‍ യുവതാരത്തിന് ലഭിച്ചേക്കും. ഞെട്ടിക്കുന്ന പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവനാണ് രഘുവന്‍ഷിയെന്ന് പറയാം.