മുംബൈ: ഐപിഎല്‍ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് നേരിടുന്നത്. പിന്നാലെ വമ്പന്‍ പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. മെഗാ ലേലം കഴിഞ്ഞതിന് ശേഷം നടക്കുന്ന സീസണായതിനാല്‍ വലിയ പൊളിച്ചെഴുത്ത് എല്ലാ ടീമിലും നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടങ്ങള്‍ കൂടുതല്‍ ആവേശകരമാവുമെന്നുറപ്പാണ്.
10 ടീമുകള്‍ കിരീടത്തിനായി പോരടിക്കുമ്പോള്‍ ഭാഗ്യം ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് കണ്ടറിയേണ്ടത്. ആര്‍സിബി കന്നി കിരീടം മോഹിക്കുമ്പോള്‍ സിഎസ്‌കെയ്ക്കും മുംബൈ ഇന്ത്യന്‍സിനും ഈ സീസണിലൂടെ തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഇത്തവണ മിന്നിക്കാന്‍ പല വമ്പന്മാരും കാത്തിരിക്കുകയാണ്. എന്നാല്‍ അധികം ആരും ശ്രദ്ധിക്കാത്ത ഇതുവരെ ഇന്ത്യക്കായി അരങ്ങേറാത്ത ചിലര്‍ മികവ് കാട്ടാന്‍ കാത്തിരിക്കുന്നുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

റാസിഖ് സലാം
ഇത്തവണ മിന്നിക്കാന്‍ സാധ്യതയുള്ള യുവതാരമാണ് റാസിഖ് സലാം. ആര്‍സിബി ആറ് കോടി രൂപക്കാണ് താരത്തെ ടീമിലേക്കെത്തിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നാണ് മീഡിയം പേസ് ഓള്‍റൗണ്ടറെ ആര്‍സിബി സ്വന്തമാക്കിയത്. ജമ്മു കാശ്മീര്‍ താരമായ റാസിഖ് ഇന്ത്യ എ ടീമിനൊപ്പവും ഇതിനോടകം മികവ് കാട്ടിയിട്ടുണ്ട്.
ഇത്തവണ ആര്‍സിബിയുടെ വജ്രായുധമായി മാറാന്‍ സാധ്യതയുള്ള താരമാണ് റാസിഖ്. നിര്‍ണ്ണായക സാഹചര്യങ്ങളില്‍ വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിന് മികവുണ്ട്. ഇത് ഇത്തവണ ആര്‍സിബിക്ക് ഗുണകരമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
സുയാഷ് ശര്‍മ
ഇതിനോടകം ഐപിഎല്ലിലൂടെത്തന്നെ മികവ് തെളിയിച്ചിട്ടുള്ള സ്പിന്നറാണ് സുയാഷ് ശര്‍മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന സുയാഷ് 2023ലെ സീസണില്‍ 10 വിക്കറ്റുകളുമായി ശോഭിച്ചു. എന്നാല്‍ അവസാന സീസണില്‍ കളിച്ചത് രണ്ട് മത്സരങ്ങള്‍ മാത്രമാണ്.
കെകെആര്‍ ഒഴിവാക്കിയ താരത്തെ ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് സ്വന്തമാക്കിയത്. ആര്‍സിബിയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറാവും സുയാഷെന്ന് ഉറപ്പാണ്. മികവ് കാട്ടി മിന്നിക്കാന്‍ സുയാഷിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
നിഹാല്‍ വദേര
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ ശ്രദ്ധ നേടിയെടുത്ത താരമാണ് നിഹാല്‍ വദേര. മധ്യനിരയില്‍ ഭയമില്ലാതെ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ഓള്‍റൗണ്ടറാണ് വദേര. മുംബൈക്കൊപ്പം 20 ഇന്നിങ്‌സില്‍ നിന്ന് 350 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതില്‍ 140 സ്‌ട്രൈക്ക് റേറ്റിലാണ് പ്രകടനം.
എന്നാല്‍ താരസമ്പന്നമായ മുംബൈക്ക് വദേരയെ ഒഴിവാക്കേണ്ടി വന്നിരിക്കുകയാണ്. ഇതോടെ 4.2 കോടിക്ക് പഞ്ചാബ് കിങ്‌സ് വദേരയെ വാങ്ങി. വൈകാതെ ഇന്ത്യയുടെ ടി20 ടീമിലേക്കെത്താന്‍ സാധ്യതയുള്ള താരമാണ് വദേര. സ്ഥിരതയോടെ കളിക്കാന്‍ കഴിവുള്ളവനാണ് വദേരയെന്നതാണ് എടുത്തു പറയേണ്ടത്.
പ്രിയന്‍ഷ് ആര്യ
ആരാധകര്‍ക്ക് അധികം സുപരിചിതമല്ലാത്ത താരമാണ് പ്രിയന്‍ഷ് ആര്യ. എന്നിട്ടും ലേലത്തില്‍ 3.8 കോടിക്കാണ് താരം പഞ്ചാബ് കിങ്‌സിലേക്കെത്തിയത്. ഇടം കൈയന്‍ ഓപ്പണറായ താരം വെടിക്കെട്ട് നടത്താന്‍ കഴിവുള്ളവനാണ്.
24കാരനായ പ്രിയന്‍ഷ് ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തിയ താരമാണ്. ഇതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കൊപ്പം 325 റണ്‍സുമായി താരം തിളങ്ങിയിരുന്നു. ഇത്തവണ അപ്രതീക്ഷിതമായി ശോഭിക്കാന്‍ കഴിവുള്ളവനാണ് പ്രിയന്‍ഷ് എന്ന് നിസംശയം പറയാം.
സൂര്യന്‍ഷ് ഷെഡ്ജ്
ഇത്തവണ എല്ലാവരുടേയും കൈയടി നേടാന്‍ സാധ്യതയുള്ള മറ്റൊരു താരമാണ് സൂര്യന്‍ഷ് ഷെഡ്ജ്. പഞ്ചാബ് കിങ്‌സ് താരമായ സൂര്യന്‍ഷ് വലിയ മത്സരങ്ങളില്‍ ശോഭിക്കാന്‍ കഴിവുള്ളവനാണ്. കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സൂര്യന്‍ഷ്.
22കാരനായ താരം മധ്യ നിരയില്‍ തല്ലിത്തകര്‍ത്ത് കളിക്കുന്നവനാണ്. ചെറിയ പന്തുകള്‍ക്കൊണ്ട് മത്സരഫലത്തെ മാറ്റാന്‍ സൂര്യന്‍ഷിന് ശേഷിയുണ്ട്. 251 സ്‌ട്രൈക്ക് റേറ്റിലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ താരം നേടിയത്.
ശശാങ്ക് സിങ്
അവസാന സീസണിലൂടെ എല്ലാവരുടേയും ശ്രദ്ധ നേടിയ കളിക്കാരനാണ് ശശാങ്ക് സിങ്. ആളുമാറി പഞ്ചാബ് ടീമിലെത്തിച്ച ശശാങ്ക് ഇന്ന് ടീമിന്റെ തുറുപ്പുചീട്ടാണ്. 33കാരനായ താരം 14 മത്സരത്തില്‍ നിന്ന് 354 റണ്‍സാണ് അവസാന സീസണില്‍ നേടിയത്.
ഇത്തവണ 5.5 കോടി പ്രതിഫലത്തില്‍ ഇറങ്ങുന്ന താരത്തില്‍ പ്രതീക്ഷകളേറെയാണ്. വണ്‍ സീസണ്‍ വണ്ടറല്ല താനെന്ന് തെളിയിക്കാന്‍ ശശാങ്കിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വരുമെന്നുറപ്പാണ്.
അന്‍ഷുല്‍ കാംബോജ്
ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ അന്‍ഷുല്‍ കാംബോജ് ഇത്തവണ ശ്രദ്ധേയ പ്രകടനം നടത്താന്‍ സാധ്യതകളേറെയാണ്. 3.4 കോടിക്കാണ് താരത്തെ സിഎസ്‌കെ സ്വന്തമാക്കിയത്. ഓള്‍റൗണ്ടറായ താരം മുംബൈ ഇന്ത്യന്‍സിനായും കളിച്ചിട്ടുണ്ട്.
ദുലീപ് ട്രോഫിയിലും രഞ്ജി ട്രോഫിയിലും തിളങ്ങിയ ആത്മവിശ്വാസത്തിലാണ് അന്‍ഷുലിന്റെ വരവ്. സിഎസ്‌കെയുടെ പ്ലേയിങ് 11ല്‍ താരത്തിന് ഇടം ലഭിക്കാനും സാധ്യത കൂടുതലാണെന്ന് പറയാം.
റോബിന്‍ മിന്‍സ്
മുംബൈ ഇന്ത്യന്‍സിനൊപ്പം അടിച്ചുതകര്‍ക്കാനിറങ്ങുന്ന താരമാണ് റോബിന്‍ മിന്‍സ്. ജാര്‍ഖണ്ഡ് താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റിങ് ശൈലികൊണ്ടാണ് റോബിന്‍ എല്ലാവരുടേയും ശ്രദ്ധേ നേടിയെടുത്തത്.
ഗുജറാത്ത് ടൈറ്റന്‍സ് ഒപ്പം കൂട്ടിയിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് കളിക്കാനായില്ല. ഇത്തവണ മുംബൈ ഇന്ത്യന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനം റോബിന്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം. മിന്നും പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ റോബിന് സാധിക്കുമെന്ന് തന്നെ കരുതാം.
നമാന്‍ ദിര്‍
മുംബൈ ഇന്ത്യന്‍സിലൂടെ ശ്രദ്ധ നേടിയ താരമാണ് നമാന്‍ ദിര്‍. 5.25 കോടിക്കാണ് താരത്തെ മുംബൈ ഒപ്പം ചേര്‍ത്തിരിക്കുന്നത്. കടന്നാക്രമിക്കുന്ന ബാറ്റിങ്ങിനോടൊപ്പം സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ്. അവസാന സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് 140 റണ്‍സാണ് ദിര്‍ നേടിയത്. സ്ഥിരതയോടെ മിന്നിക്കാന്‍ കഴിവുള്ളവനാണ് ദിര്‍ എന്ന് നിസംശയം പറയാം.
അഷുതോഷ് ശര്‍മ
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 11 പന്തില്‍ ഫിഫ്റ്റിയടിച്ച് ഞെട്ടിച്ച താരമാണ് അഷുതോഷ് ശര്‍മ. പഞ്ചാബ് കിങ്‌സ് താരമായിരുന്ന അഷുതോഷ് ഡെത്തോവറുകളില്‍ മികവ് കാട്ടാന്‍ ശേഷിയുള്ളവനാണ്. പേസിനേയും സ്പിന്നിനേയും ഒരുപോലെ കടന്നാക്രമിക്കുന്ന അഷുതോഷ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. 3.8 കോടിക്കാണ് ഡല്‍ഹി താരത്തെ ഒപ്പം കൂട്ടിയത്.

വൈഭവ് സൂര്യവന്‍ഷി
രാജസ്ഥാന്‍ റോയല്‍സ് ഒപ്പം കൂട്ടിയ 13കാരനായ താരമാണ് വൈഭവ്. ഇതിനോടകം ഇന്ത്യ എ ടീമിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്താന്‍ വൈഭവിന് സാധിച്ചിട്ടുണ്ട്. 1.1 കോടി പ്രതിഫലത്തിലാണ് വൈഭവ് രാജസ്ഥാനായി കളിക്കാന്‍ പോവുന്നത്.
ഇടം കൈയന്‍ യുവതാരം നെറ്റ്‌സില്‍ കിടിലന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. രാജസ്ഥാന്‍ കളിക്കാന്‍ അവസരം നല്‍കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും വലിയ പ്രതീക്ഷ നല്‍കാന്‍ വൈഭവിന് സാധിക്കുന്നുണ്ട്.