മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം ഇന്നു രാത്രി നടക്കിനിക്കെ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവാണ്.
പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായി ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷം അദ്ദേഹം അദ്ദേഹം മുംബൈ ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടക്കാനിരിക്കുന്ന കളിയില്‍ ആര്‍സിബിക്കെതിരേ ബുംറ കൡക്കാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതിനിടെ ആര്‍സിബിയിലെ തന്റെ ടീമംഗങ്ങളും ഓപ്പണിങ് ജോടികളുമായ വിരാട് കോലി- ഫില്‍ സാള്‍ട്ട് എന്നിവര്‍ക്കു ബുംറയ്‌ക്കെതിരേ വലിയൊരു ചാലഞ്ച് നല്‍കിയിരിക്കുകയാണ് ടീമംഗവും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്ററുമായ ടിം ഡേവിഡ്. മുംബൈയുമായുള്ള മല്‍സരത്തിനു മുന്നോടിയായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബുംറയ്‌ക്കെക്കെതിരേ ചെയ്യേണ്ടതെന്ത്?
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറയെ തുടക്കത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കേണ്ടത് പ്രധാനമാണെന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഫിനിഷര്‍ കൂടിയായ ടിം ഡേവിഡിന്റെ അഭിപ്രായം. നേരത്തേ ബുംറയ്‌ക്കൊപ്പം മുംബൈ ഇന്ത്യന്‍സില്‍ കളിച്ചിട്ടുള്ള അദ്ദേഹം ഈ സീസണിലാണ് ആര്‍സിബിക്കൊപ്പം ചേര്‍ന്നത്.
നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാരുടെ നിരയിലാണ് ജസ്പ്രീത് ബുംറ പരിഗണിക്കപ്പെടുന്നത്. ആര്‍സിബിയില്‍ ഞങ്ങള്‍ ആഗ്രഹിച്ച ചാലഞ്ചുകളിലൊന്നും ഇതാണ്. ഈ ടൂര്‍ണമെന്റില്‍ കൂടുതല്‍ ആഴത്തിലേക്കു ആര്‍സിബി ടീമിനു പോവണമെങ്കില്‍ മികച്ച ടീമുകളെ തോല്‍പ്പിക്കുകയും മികച്ച താരങ്ങളെ തുരത്തുകയും വേണം.
ബുംറ അടുത്ത കളിയില്‍ ആദ്യ ഓവറില്‍ തന്നെ മുംബൈക്കായി ബൗള്‍ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്കു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത് ആരു തന്നെ ആയാലും ആദ്യത്തെ ബോളില്‍ ബുംറയ്‌ക്കെകിരേ ഫോറോ, സിക്‌സറോ അടിക്കണം. അതൊരു പ്രസ്താവന കൂടിയാണ്. ഈ ടൂര്‍ണമെന്റിലേക്കു ബുംറ തിരിച്ചെത്തിയത് വളരെ നല്ല കാര്യം തന്നെയാണ്. കാരണം അദ്ദേഹമെത്തുമ്പോള്‍ ഗെയിം കൂടുതല്‍ മെച്ചപ്പട്ടതായി മാറുമെന്നും ഡേവിഡ് വിശദമാക്കി.

ബുംറയ്‌ക്കെതിരായ തന്ത്രം
ജസ്പ്രീത് ബുംറയ്‌ക്കെതിരേ പരീക്ഷിക്കേണ്ട തന്ത്രം എന്തായിരിക്കണമെന്നതിനെക്കുറിച്ചും ടിം ഡേവിഡ് ചൂണ്ടിക്കാട്ടി. ബുംറയെ നേരിടുമ്പോള്‍ ഞാന്‍ എന്റെ ഷൂവിന്റെ മുന്‍ഭാഗം മാറ്റി വയ്ക്കാനായിരിക്കും ശ്രമിക്കുക. കാരണം അദ്ദേഹത്തിന്റെ യോര്‍ക്കറുകള്‍ വളരെ മാരകമാണ്. വളരെ ബ്രില്ല്യന്റായിട്ടുള്ള ബൗളര്‍ തന്നെയാണ് ബുംറ.
നിങ്ങള്‍ ശക്തരായ ടീമുകള്‍ക്കെതിരേ, മികച്ച താരങ്ങള്‍ക്കെതിരേ പെര്‍ഫോം ചെയ്യുമ്പോഴാണ് ഒരു കളിക്കാരനെന്ന നിലയില്‍ അതു ഏറെ സന്തോഷം നല്‍കുക. ബെസ്റ്റിനെതിരേ ചാലഞ്ച് ചെയ്യപ്പെടാനായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുക. ഞാന്‍ വലിയ പ്രതീക്ഷയോടെയാണ് ഈ മല്‍സരത്തെ കാത്തിരിക്കുന്നതെന്നും ഡേവിഡ് കൂട്ടിച്ചേര്‍ത്തു.
ഇരുടീമുകളുടെയും സാധ്യതാ 11
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, വില്‍ ജാക്ക്സ്, റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, രാജ് ബവ, മിച്ചെല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, വിഘ്‌നേഷ് പുത്തൂര്‍.
റോയല്‍ ചാഞ്ചേഴ്‌സ് ബെംഗളൂരു- ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പതിദാര്‍ (ക്യാ്പ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസ്ല്‍വുഡ്, യാഷ് ദയാല്‍, സുയാഷ് ശര്‍മ.