മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ജസ്പ്രീത് ബുംറ. അതിവേഗ പന്തുകളെക്കാളുപരി യോര്‍ക്കറുകള്‍ക്കൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന ബുംറ മാച്ച് വിന്നറായ താരമാണ്. അതുകൊണ്ടുതന്നെ ഇന്ന് ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരും ബുംറയുടെ മികവിനെ ഭയപ്പെടുന്നുണ്ടെന്നതാണ് വസ്തുത. ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിയതിന് പിന്നില്‍ ബുംറയുടെ മികവ് എടുത്തു പറയേണ്ടതാണ്.
ഇപ്പോള്‍ വിശ്രമത്തിലുള്ള ബുംറ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. ബൗളിങ് മികവുകൊണ്ട് വിറപ്പിക്കുന്ന ബുംറക്ക് ഏതെങ്കിലും ബാറ്റ്‌സ്മാനെതിരേ പന്തെറിയാന്‍ പ്രയാസം തോന്നിയിട്ടുണ്ടോ?. ഇപ്പോഴിതാ തന്നെ ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനെക്കുറിച്ച് ബുംറ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. അങ്ങനെയൊരാളില്ലെന്നാണ് ബുംറ ഒരിക്കല്‍ മാധ്യമ പ്രവര്‍ത്തകന് മറുപടിയായി നല്‍കിയത്.
'നിങ്ങള്‍ക്കൊരു നല്ല ഉത്തരം നല്‍കണമെന്ന് ആഗ്രഹിക്കുന്നു. ശരിയായ വസ്തുത എന്തെന്നാല്‍ എന്റെ തലയില്‍ കയറാന്‍ ഞാന്‍ ആരേയും അനുവദിക്കില്ല. ഞാന്‍ എല്ലാവരേയും ബഹുമാനിക്കുന്നു. എന്നാല്‍ എന്റെ തലച്ചോറിനോട് ഞാന്‍ സ്വയം പറയാറുള്ളത് നീ നിന്റെ ജോലി നന്നായി ചെയ്താല്‍ ലോകത്തില്‍ ആര്‍ക്കും നിന്നെ തോല്‍പ്പിക്കാനോ തടുക്കാനോ ആവില്ലെന്നാണ്. എതിരാളികളെ നിരീക്ഷിക്കുന്നതിനാല്‍ എന്നിലേക്ക് സ്വയം നോക്കുകയാണ് ചെയ്യാറുള്ളത്.
എല്ലാ കാര്യത്തിനും എനിക്ക് നിയന്ത്രണമുണ്ട്. എനിക്ക് ഞാന്‍ മികച്ച അവസരം നല്‍കിയാല്‍ അത് മറ്റെല്ലാ കാര്യങ്ങളും നോക്കിക്കോളും' എന്നാണ് ബുംറ പറഞ്ഞത്. ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ പട്ടികയില്‍ പെടുന്ന സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെയടക്കം ബുംറ തന്റെ മികവിന് മുന്നില്‍ വിറപ്പിച്ചിട്ടുണ്ട്. ഡെത്തോവറിലാണ് ബുംറ കൂടുതല്‍ അപകടകാരി. എതിരാളികളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പന്തുകളെറിയാന്‍ ബുംറ മിടുക്കനാണ്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന ബുംറ ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വജ്രായുധമാണ്. ഡെത്തോവറിലെ ബുംറയുടെ മികവാണ് മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സ്ലോ കട്ടറുകളും യോര്‍ക്കറുകളും ഷോര്‍ട്ട് ബോളുകളുമെല്ലാം ഒരുപോലെ ബുംറയുടെ കൈയില്‍ ഭദ്രമാണ്. ഡെത്തോവറുകളിലെ വളരെ കുറഞ്ഞ ഇക്കോണമിയില്‍ പന്തെറിയാന്‍ ബുംറ മിടുക്കനാണ്. അതുകൊണ്ടുതന്നെ ബുംറയെപ്പോലൊരു ബൗളറെ എല്ലാവരും ആഗ്രഹിക്കുന്നു.
ഇപ്പോള്‍ ഇന്ത്യ പ്രധാന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ബുംറയെ കളിപ്പിക്കുന്നത്. ചെറിയ ടീമുകള്‍ക്കെതിരേ ബുംറക്ക് വിശ്രമം നല്‍കുകയാണ് പതിവ്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ത്യക്ക് ഇനി ബംഗ്ലാദേശ് പരമ്പരയാണ് മുന്നിലുള്ളത്. ഇതില്‍ ബുംറ കളിക്കില്ലെന്നാണ് വിവരം. അതിന് ശേഷം ന്യൂസീലന്‍ഡിനെതിരേ ടെസ്റ്റ് പരമ്പര വരുന്നുണ്ട്. ഇതില്‍ ബുംറ കളിക്കും. ഇന്ത്യ വലിയ പ്രാധാന്യത്തോടെ കാണുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റ് വരാനിരിക്കുകയാണ്.
ഓസ്‌ട്രേലിയ ഇത്തവണ പകരം വീട്ടാന്‍ കാത്ത് നില്‍ക്കുകയാണെന്നുറപ്പ്. ഹാട്രിക് കിരീടം പ്രതീക്ഷിച്ചിറങ്ങുന്ന ഇന്ത്യയെ വീഴ്‌ത്തേണ്ടത് ആതിഥേയരായ ഓസ്‌ട്രേലിയയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ബുംറയുള്‍പ്പെടെയുള്ള പ്രധാന ബൗളര്‍മാരെയെല്ലാം പൂര്‍ണ്ണ ഫിറ്റ്‌നസോടെ നിലനിര്‍ത്താനും മികച്ച പ്രകടനത്തിലേക്കെത്തിക്കാനും ഇവര്‍ക്ക് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. മെഗാ ലേലം നടക്കാനിരിക്കെ ബുംറ മുംബൈ വിടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബുംറ ആര്‍സിബിയിലേക്ക് കൂടുമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോഴെത്തുന്നത്. എന്നാല്‍ മുംബൈ ബുംറയെ കൈവിട്ടേക്കില്ല. അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ മുംബൈ പരമാവധി ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. കാരണം ബുംറയുടെ മികവിന് പകരക്കാരനെ കണ്ടെത്തുക പ്രയാസമാണ്.