മുംബൈ: മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് അപ്രതീക്ഷിത അഴിച്ചുപണിയാണ് അവസാന സീസണിന് മുമ്പ് ടീം മാനേജ്‌മെന്റ് നടത്തിയത്. ടീമിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനായിരുന്നിട്ടും രോഹിത് ശര്‍മയോട് വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് നീക്കുകയും തല്‍സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടുവരികയും ചെയ്തത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കുന്ന മാറ്റമായിരുന്നു ഇത്.
രോഹിത്തിന്റെ ഭാര്യയടക്കം പ്രതിഷേധം തുറന്ന് പറഞ്ഞു. ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. ഹാര്‍ദിക്കിന് കീഴില്‍ കിരീടത്തോടെ വമ്പന്‍ തിരിച്ചുവരവ് സ്വപ്‌നം കണ്ട മുംബൈക്ക് പിഴച്ചു. സ്വന്തം ആരാധകര്‍ മുംബൈയില്‍ ഹാര്‍ദിക്കിനെ കൂവുന്ന സാഹചര്യം പോലുമുണ്ടായി. ഇപ്പോഴിതാ രോഹിത്തിന്റെ നായക മാറ്റത്തെക്കുറിച്ചും ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് നേരിട്ട അപമാനത്തെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് ജസ്പ്രീത് ബുംറ.
ടീമെന്ന നിലയില്‍ ഇത്തരം മാറ്റങ്ങളെ അംഗീകരിക്കുമെന്നും പ്രതിസന്ധിയില്‍ ഹാര്‍ദിക്കിനെ പിന്തുണക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നുമാണ് ബുംറ വെളിപ്പെടുത്തിയത്. 'ആരാധകരുടെ വൈകാരികമായ പ്രതികരണങ്ങള്‍ ഒരു പരിധിവരെ മനസിലാക്കാന്‍ സാധിക്കും. കാരണം നമ്മള്‍ ജീവിക്കുന്നത് വൈകാരികതയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്ന ഒരു രാജ്യത്താണ്. താരങ്ങളും ആരാധകരുമെല്ലാം വൈകാരികമായി പെരുമാറുന്നത് നമുക്ക് മനസിലാക്കാന്‍ സാധിക്കും.
സ്വന്തം ആരാധകര്‍ പോലും പിന്തുണക്കാതെ വരുമ്പോഴും പ്രതിഷേധിക്കുമ്പോഴും എങ്ങനെയാണ് അവരെ തടയാനാവുക. നിങ്ങളിലേക്ക് ശ്രദ്ധ നല്‍കണമെന്നും പുറത്തുള്ള ശബ്ദങ്ങളെ അവഗണിക്കണമെന്നുമെല്ലാം പറയാമെങ്കിലും അതൊട്ടും എളുപ്പമല്ല. കാരണം അവര്‍ അലറുന്നത് നിങ്ങളുടെ ചെവിയില്‍ കേള്‍ക്കാനാവും. എന്നാല്‍ ടീം എന്ന നിലയില്‍ ആരാധകരുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ടീമെന്ന നിലയില്‍ അവനോടൊപ്പം നില്‍ക്കാനാണ് ശ്രമിച്ചത്.

അവനോട് സംസാരിച്ച് ആശ്വസിപ്പിക്കാനാണ് ശ്രമിച്ചത്. അവന്റെ കുടുംബവും അവിടെയുണ്ടായിരുന്നു. എന്നാല്‍ ചില കാര്യങ്ങളെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ മനോഭാവം മാറിയത് ലോകകപ്പ് കിരീടത്തോടെയാണ്. ഇപ്പോള്‍ അവര്‍ ഹാര്‍ദിക്കിനെ പ്രശംസിച്ച് പാട്ടുകള്‍ പാടുന്നു. ഒന്നും ഒന്നിന്റേയും അവസാനമല്ല. ഒരു മത്സരം തോറ്റാല്‍ വീണ്ടും വിമര്‍ശനം ഉയരും. കാരണം ഞങ്ങള്‍ കളിക്കുന്നത് അത്രത്തോളം പ്രശസ്തമായ കായിക മത്സരമാണ്.
ഒരു മികച്ച താരം ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ജീവിതത്തില്‍ നേരിടേണ്ടതായി വരും. ഫുട്‌ബോളിലും ആരാധകര്‍ കൂവുന്നതും കുപ്പി വലിച്ചെറിയുന്നതുമെല്ലാം നമ്മള്‍ കാണാറുള്ളതാണ്. ഹാര്‍ദിക്കിനെ ചെറുപ്പം മുതലേ അറിയാം. ഒരുപാട് ക്രിക്കറ്റ് ഒരുമിച്ച് കളിച്ചിട്ടുണ്ട്. അവനെ എതിര്‍ത്ത് നില്‍ക്കുകയല്ല ആവശ്യ സമയത്ത് പിന്തുണച്ച് സഹായിക്കാനാണ് ശ്രമിച്ചത്' ബുംറ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ പറഞ്ഞു.
എന്നാല്‍ ഹാര്‍ദിക് ക്യാപ്റ്റനായതിലും കൂടുതല്‍ ആരാധകരെ ചൊടിപ്പിച്ചത് രോഹിത് ശര്‍മയോടും ബുംറയോടും പെരുമാറിയതാണ്. മുന്‍ നായകനായ രോഹിത് ശര്‍മയെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യിച്ച ഹാര്‍ദിക്കിന്റെ നടപടി വിമര്‍ശനത്തിന് കാരണമായി. സര്‍ക്കിളിനുള്ളില്‍ നിര്‍ദേശങ്ങള്‍ നല്‍കി രോഹിത് ശര്‍മ ഉണ്ടാവേണ്ടത് അത്യാവശ്യമായിരുന്നിട്ടും ഹാര്‍ദിക് രോഹിത്തിനെ ഒതുക്കാന്‍ ശ്രമിച്ചു. കൂടാതെ ബുംറക്ക് ആദ്യ ഓവര്‍ നല്‍കിയില്ല.
മിക്ക മത്സരങ്ങളിലും നാലാം ഓവറാണ് ബുംറക്ക് ലഭിച്ചത്. അപ്പോഴേക്കും മികച്ച തുടക്കം എതിര്‍ ടീമിന് ലഭിക്കും. ഹാര്‍ദിക് ആദ്യ ഓവറില്‍ പന്തെറിയുകയും ചെയ്തു. ഈ പരിഷ്‌കാരങ്ങളെല്ലാമാണ് അദ്ദേഹത്തെ മുംബൈയിലെ ആരാധകര്‍ കൂവാനുള്ള കാരണമായതെന്ന് പറയാം. അടുത്ത സീസണില്‍ മുംബൈ വലിയ പൊളിച്ചെഴുത്തിലേക്ക് നീങ്ങുകയാണ്. രോഹിത്തും സൂര്യയും മുംബൈ വിടുമെന്നാണ് വിവരം. അടുത്ത സീസണ്‍ ഹാര്‍ദിക്കിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.