ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മിന്നിക്കുകയാണ് വൈഭവ് സൂര്യവന്‍ഷി. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ സിക്‌സര്‍ പറത്തി വരവറിയിച്ച വൈഭവ് ഇപ്പോള്‍ ഐപിഎല്ലിലെ പ്രായം കുറഞ്ഞ സെഞ്ച്വറിക്കാരനായിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 35 പന്തില്‍ സെഞ്ച്വറി നേടിയ വൈഭവ് ഐപിഎല്ലിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറിയാണ് സ്വന്തം പേരിലാക്കിയത്. കൂടാതെ ഐപിഎല്ലിലെ വേഗ സെഞ്ച്വറിക്കാരനില്‍ ക്രിസ് ഗെയ്‌ലിന് താഴെ രണ്ടാം സ്ഥാനക്കാരനാവാനും വൈഭവിനായി.
ഗുജറാത്തിന്റെ സീനിയര്‍ ബൗളര്‍മാരെയടക്കം അനായാസമായി വൈഭവ് നേരിട്ടു. മുഹമ്മദ് സിറാജിനെ പറത്തിയ സിക്‌സറില്‍ നിന്ന് തുടങ്ങിയ വൈഭവ് ഇഷാന്ത് ശര്‍മയെ ഒന്നുമല്ലാതെയാക്കി കളഞ്ഞുവെന്ന് പറയാം. ഇഷാന്ത് ഇന്ത്യക്കായി കളിച്ച് തുടങ്ങുമ്പോള്‍ വൈഭവ് ജനിച്ചിട്ട് പോലുമില്ലെന്ന് പറയാം. എന്നിട്ടാണ് ഇഷാന്തിനെ കണ്ണീരണയിക്കുന്ന ബാറ്റിങ് വെടിക്കെട്ട് വൈഭവ് പുറത്തെടുത്തത്. 14ാം വയസില്‍ ഇത്തരമൊരു ബാറ്റിങ് വെടിക്കെട്ട് നടത്തുകയെന്നത് അവിശ്വസനീയമാണെന്ന് പറയാം. ഇത്രയും മികച്ച ഷോട്ടുകളുമായി മിന്നിക്കാന്‍ ഇത്ര ചെറുപ്പത്തിലേ സാധിക്കുമോയെന്നത് പലര്‍ക്കുമുള്ള സംശയമാണ്.
വൈഭവ് വെടിക്കെട്ട് പ്രകടനത്തോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തവെ പ്രായത്തട്ടിപ്പ് ആരോപണം ഉയര്‍ത്തുകയാണ് മുന്‍ പാകിസ്താന്‍ പേസറായ ജുനൈദ് ഖാന്‍. 14ാം വയസില്‍ ഇത്രയും പവര്‍ ആര്‍ക്കാണ് ഉണ്ടാവുകയെന്നാണ് ജുനൈദ് ചോദിക്കുന്നത്. 90 മീറ്റര്‍ സിക്‌സറടക്കം വൈഭവ് നേടി. 14ാം വയസില്‍ ഒരു കുട്ടിക്കുണ്ടാവുന്ന ഫിറ്റ്‌നസല്ല ഇതെന്നും പ്രായത്തില്‍ തട്ടിപ്പുണ്ടെന്നുമാണ് ജുനൈദ് ഖാന്‍ ആരോപിക്കുന്നത്.
14ാം വയസില്‍ ഇങ്ങനെ കളിക്കാന്‍ ആര്‍ക്കുമാവില്ല
വൈഭവ് സൂര്യവന്‍ഷിയുടെ പ്രായം 14 ആണെന്നാണ് ഔദ്യോഗികമായി പറയുന്നത്. എന്നാല്‍ ഈ പ്രായത്തിലുള്ള താരത്തിന് ഇത്തരമൊരു പ്രകടനം നടത്താനാവില്ലെന്നാണ് ജുനൈദ് ഖാന്‍ വാദിക്കുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കേണ്ട പ്രായത്തില്‍ ഒരു കുട്ടിക്ക് ഉണ്ടാവേണ്ട ഫിറ്റ്‌നസല്ല വൈഭവിനുള്ളത്. പ്രായത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഉറപ്പാണെന്നും വൈഭവിന് പ്രായം 14 അല്ലെന്നുമാണ് ജുനൈദ് ഖാന്‍ പറയുന്നത്. അണ്ടര്‍ 19 ഏഷ്യാ കപ്പിലെ പ്രകടനം മുതല്‍ വൈഭവിന്റെ ബാറ്റിങ് കാണുന്നതാണ്. അതൊരു 14കാരന്റെ അല്ലെന്നാണ് ജുനൈദ് പറയുന്നത്.

എന്നാല്‍ വൈഭവിന്റെ പിതാവ് തന്നെ ഈ ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. തന്റെ മകന്റെ പ്രായം 14 ആണെന്നും എട്ടാം വയസില്‍ പ്രായം തെളിയിക്കുന്ന ബോണ്‍ ടെസ്റ്റ് വൈഭവിന് നടത്തിയതാണെന്നുമാണ് പിതാവ് ചൂണ്ടിക്കാട്ടുന്നത്. നേരത്തെ തന്നെ വൈഭവിനെതിരേ പ്രായത്തട്ടിപ്പ് ആരോപണം ഉയര്‍ന്നതാണ്. നാലാം വയസ് മുതല്‍ ക്രിക്കറ്റ് കളിച്ചിരുന്ന വൈഭവ് എട്ടാം വയസിലൊക്കെ ക്രിക്കറ്റ് ടൂര്‍ണമെന്റുകളടക്കം കളിച്ചിരുന്നു. ഇതോടെ താരത്തിനെതിരേ പ്രായത്തട്ടിപ്പ് ആരോപണങ്ങളും ഉയര്‍ന്നു. ആ സമയത്ത് നടത്തിയ പരിശോധനാ ഫലം ബിസിസി ഐ അംഗീകരിച്ചതാണ്.
അതുകൊണ്ടുതന്നെ ഇപ്പോള്‍ ഉയരുന്ന പ്രായത്തട്ടിപ്പ് ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് പിതാവ് പറയുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 16ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച താരമാണ്. ഓരോ താരങ്ങളുടേയും കഴിവ് അനുസരിച്ച് അവര്‍ ടീമിലേക്കെത്തുന്ന സമയത്തിലും മാറ്റമുണ്ടാവും. അത് പ്രായത്തട്ടിപ്പല്ല. പാകിസ്താന്‍ മുന്‍ താരം ഷാഹിദ് അഫ്രീദി പ്രായത്തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. അതിനെക്കുറിച്ച് ആദ്യം അന്വേഷിച്ചിട്ട് ഇന്ത്യന്‍ താരങ്ങളുടെ പ്രായം നോക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
2017ല്‍ വൈഭവ് ഐപിഎല്‍ കാണുന്ന ചിത്രം വൈറല്‍
വൈഭവ് ജയ്പൂരില്‍ റെക്കോഡ് പ്രകടനത്തോടെ കൈയടി നേടുമ്പോള്‍ ആറാം വയസിലുള്ള താരത്തിന്റെ ചിത്രം വൈറലായിരിക്കുകയാണ്. അന്ന് റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിന് പിന്തുണ അറിയിച്ച് അച്ഛന്റെ തോളിലേന്തി ഗ്യാലറയില്‍ മത്സരം കാണുന്ന വൈഭവിന്റെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. താരത്തിന്റെ പ്രായം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഇപ്പോള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബിസിസി ഐക്ക് ഇക്കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ മറ്റ് പരിശോധനകള്‍ക്ക് ഇപ്പോള്‍ അദ്ദേഹം തയ്യാറാവേണ്ടതായില്ല.
വൈഭവ് കഠിനാധ്വാനത്തിലൂടെ വളര്‍ന്ന താരമാണ്. ദിവസവും 400 പന്തുകളാണ് താരം നെറ്റ്‌സില്‍ നേരിടുന്നത്. അത്തരത്തില്‍ വളര്‍ന്നുവന്ന വൈഭവിനെ പ്രായത്തിന്റെ പേരില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കുന്നത് അസൂയകൊണ്ടാണെന്നാണ് ആരോധകര്‍ പറയുന്നത്.