ഹൈദരാബാദ്: ഐപിഎല്ലിലെ ഏഴാം മാച്ചില്‍ വെറും ആറോവറിനുള്ളില്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തല്ലിപ്പരുവമാക്കി കളി തട്ടിയെടുത്തിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം നിക്കോളാസ് പൂരന്‍. 'കാടനടികള്‍ക്കു' പേരുകേട്ട പൂരന്റെ മറ്റൊരു അഴിഞ്ഞാട്ടമാണ് ഈ മല്‍സരത്തില്‍ കണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ പാറ്റ് കമ്മിന്‍സ് നയിച്ചിട്ടും പൂരന്റെ കടന്നാക്രമണത്തിനു മുന്നില്‍ മറുപടിയില്ലായിരുന്നു.
ഈ സീസണിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി കൂടിയാണ് ഈ മല്‍സരത്തില്‍ പൂരന്‍ കുറിച്ചത്. വെറും 18 ബോളുകളിലായിരുന്നു ഇത്. ഒമ്പതാം ഓവറില്‍ ടീം സകോര്‍ 120ല്‍ നില്‍ക്കെ പൂരന്‍ മടങ്ങുമ്പോഴും കളി എസ്ആര്‍എച്ചില്‍ നിന്നും വഴുതിപ്പോയിരുന്നു. 70 റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. വെറും 26 ബോളുകളിലായിരുന്നു ഇത്. ആറു വീതം സിക്‌സറും ഫോറും പൂരന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

പൂരന്റെ വരവ്
മുഹമ്മദ് ഷമിയെറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ എയ്ഡന്‍ മാര്‍ക്രം (1) പുറത്തായ ശേഷമാണ് മൂന്നാമനായി നിക്കോളാസ് പൂരന്‍ ക്രീസിലത്തിയത്. പിന്നീട് അങ്ങോട്ട് അടിയുടെ പൊടിപൂരമാണ് കണ്ടത്. സിമര്‍ജീത് സിങെറിഞ്ഞ മൂന്നാമത്തെ ഓവറില്‍ തന്നെ പൂരന്റെ കടന്നാക്രമണം തുടങ്ങിയിരുന്നു. ഓവറിലെ ആദ്യ ബൗളില്‍ ബൗണ്ടറി പായിച്ച അദ്ദേഹം പിന്നീട് ടോപ്പ് ഗിയറിലേക്കു അതിവേഗം കയറിക്കൊണ്ടിരുന്നു.
IPL 2025: സങ്ക പോയതോടെ സഞ്ജു ഒറ്റപ്പെട്ടു? എല്ലാം ദ്രാവിഡിന്റെ കൈയില്‍!! ഇത് പഴയ റോയല്‍സല്ല
ഓവറിലെ നാലാമത്തെയും അഞ്ചാമത്തെയും ബോളുകളില്‍ തുടരെ രണ്ടു സിക്‌സറുകളും പൂരന്‍ പറത്തി. ഈ ഓവറില്‍ വന്നത് 17 റണ്‍സ്. ഷമിയുടെ അടുത്ത ഓവറില്‍ എല്‍എസ്ജി 18 റണ്‍സെടുത്തു. ഇതില്‍ ഒരു ഫോറടക്കം അഞ്ചു റണ്‍സാണ് പൂരനെടുത്തത്. മിച്ചെല്‍ മാര്‍ഷ് രണ്ടു സിക്‌സറുകള്‍ നേടി. അടുത്ത ഓവറില്‍ അഭിഷേകിനെ കമ്മിന്‍സ് തിരികെ വിളിച്ചെങ്കിലും ഈ തീരുമാനം പാളി. ഓവറില്‍ പിറന്നത് 17 റണ്‍സാണ്. അവസാന രണ്ടു ബോളിലും പൂരന്‍ സിക്‌സര്‍ പറത്തി.
ആറാം ഓവറില്‍ നായകന്‍ കമ്മിന്‍സ് സ്വയം ബൗള്‍ ചെയ്യാനെത്തി. രണ്ടു ഫോറുകളാണ് പൂരന്‍ ഈ ഓവറില്‍ കണ്ടെത്തിയത്. 11 റണ്‍സ് ടീം ടോട്ടലിലേക്കു എല്‍എസ്ജി ചേര്‍ക്കുകയും ചെയ്തു. പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ ലഖ്‌നൗ ടീം ഒരു വിക്കറ്റിന് 77 റണ്‍സ്. ഐപിഎല്ലില്‍ എല്‍എസ്ജിയുടെ ഏറ്റവും മികച്ച രണ്ടാമത്തെ രണ്ടാമത്തെ പവര്‍പ്ലേ സ്‌കോര്‍ കൂടിയാണിത്. 2023ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഒരു വിക്കറ്റിനു 80 റണ്‍സ് അടിച്ചെടുത്തതാണ് ലഖ്‌നൗവിന്റെ എക്കാലത്തെയും മികച്ച പ്രകടനം.

പവര്‍പ്ലേ കഴിഞ്ഞപ്പോഴും എസ്ആര്‍എച്ചിനെതിരേ പൂരന്റെ കടന്നാക്രമണം തുടര്‍ന്നു. ആദം സാംപയ്ക്കായിരുന്നു ഏഴാമത്തെ ഓവര്‍. 19 റണ്‍സാണ് പൂരന്‍ വാരിക്കൂട്ടിയത്. ഇതിനിടെ 18 ബോളില്‍ തന്റെ ഫിഫ്റ്റിയും താരം പൂര്‍ത്തിയാക്കി. മൂന്നാമത്തെ ബോളിലും സിക്‌സറടിച്ചാണ് അദ്ദേഹം ഫിഫ്റ്റി കണ്ടെത്തിയത്.
അടുത്ത ബോളില്‍ വീണ്ടും സിക്‌സറിച്ച പൂരന്‍ അഞ്ചാമത്തെ ബോളില്‍ ഫോറും നേടി. ഏഴോവര്‍ കഴിഞ്ഞപ്പോള്‍ ലഖ്‌നൗ ഒരു വിക്കറ്റിന് 96 റണ്‍സിലെത്തുകയും ചെയ്തു. ഈ ഘട്ടത്തില്‍ തന്നെ അവര്‍ വിജയവും ഉറപ്പിച്ചിരുന്നു. ഒടുവില്‍ വെറും 16.1 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ എല്‍എസ്ജി വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു.