ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ഇതുവരെയുള്ള 17 സീസണുകളെടുത്താല്‍ ഒരിക്കല്‍ മാത്രമേ കിരീടം നേടിയിട്ടുള്ളൂവെങ്കിലും ആരാധകരുടെ കാര്യത്തില്‍ അഞ്ചു തവണ വീതം ചാംപ്യന്‍മാരായ മുംബൈയ്ക്കും ചെന്നൈക്കുമരികിലാണ് റോയല്‍സ്.
ഇതിനു പ്രധാന കാരണങ്ങളിലൊന്ന് നായകസ്ഥാനത്തു സഞ്ജുവാണന്നതാണ്. ലോകമെമ്പാടുമുള്ള മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികളുടെയെല്ലാം പ്രിയങ്കരനാണ് അദ്ദേഹം. 2021ല്‍ റോയല്‍സ് നായകനായി സഞ്ജു വന്നതോടെയാണ് റോയല്‍സിന്റെ ഗ്രാഫ് ഒരുപടി കൂടി മുകളിലേക്കു കയറുന്നത്. തൊട്ടടുത്ത വര്‍ഷം റോയല്‍സിനെ ഫൈനലിലെത്തിച്ചതോടെ അദ്ദേഹത്തിന്റെ ആരാധകപിന്തുണ ഏറെ വര്‍ധിക്കുകയും ചെയ്തു.
2022 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ സഞ്ജുവിനു കീഴില്‍ റോയല്‍സ് കസറുക തന്നെ ചെയ്തു. പക്ഷെ ഈ സീസണില്‍ ടീമിന്റെ തുടക്കം ഒട്ടും തന്നെ മികച്ചതല്ല. ആദ്യത്തെ രണ്ടു കളിയിലും തോറ്റ അവര്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
ഫിറ്റ്‌നസ് പ്രശ്‌നം കാരണം ആദ്യ മൂന്നു കളിയിലും സഞ്ജു മാറിനിന്നതോടെ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത് റിയാന്‍ പരാഗാണ്. പക്ഷെ മുന്‍ സീസണുകളിലേതു പോലെ സഞ്ജു അത്ര സന്തോഷവാനും ആത്മവിശ്വാസത്തിലുമല്ല കാണപ്പെടുന്നത്. എന്തായിരിക്കും ഇതിനു കാരണം?

സഞ്ജുവിനെ ഒതുക്കിയോ?
മുന്‍ ഐപിഎല്‍ സീസണുകള്‍ നോക്കിയാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വളരെയധികം പോസിറ്റീവായി എല്ലാത്തിനെയും സമീപിച്ചിരുന്ന ഒരു സഞ്ജു സാംസണിനെ നമുക്കു കാണാന്‍ കഴിയും. പക്ഷെ ഈ സീസണില്‍ അദ്ദേഹത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമാണ്. ഒന്നിലും കാര്യമായി ഇടപെടാതെ സഞ്ജു മാറി നില്‍ക്കുന്നതു പോലെയാണ് കാണപ്പെടുന്നത്.
ഇതോടെ റോയല്‍സ് ടീമില്‍ അദ്ദേഹം ഒതുക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയങ്ങളാണ് ഉയരുന്നത്. സോഷ്യല്‍ മീഡയയിലും പലരും ഇതേക്കുറിച്ച് സംശയങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സീസണില്‍ പുതിയ കോച്ചായി വന്നിട്ടുള്ള മുന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡാണോ ഇതിനു പിന്നിലെന്നു സംശയിക്കേണ്ടിയിരുക്കുന്നു.
സഞ്ജുവിനെ സംബന്ധിച്ച് ഗുരുതുല്യനായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. റോയല്‍സ് ടീമിലേക്കു മലയാള താരത്തെ കൊണ്ടുവരുന്നതും ദ്രാവിഡ് തന്നെയാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ സഞ്ജു നായകസ്ഥാനത്തു വരെ എത്തി നില്‍ക്കുമ്പോള്‍ ഇതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനുണ്ട്. പക്ഷം 2021 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ദ്രാവിഡ് ഇന്ത്യന്‍ കോച്ചായിരുന്നപ്പോള്‍ മലയാളി താരത്തിനു വേണ്ടത്ര അവസരം നല്‍കിയിട്ടില്ലെന്നു കാണാം.
ദ്രാവിഡിനു പകരം ഇപ്പോള്‍ മുഖ്യ കോച്ചായി ഗൗതം ഗംഭീര്‍ വന്നതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന്റെ സമയം തെളിഞ്ഞത്. ടി20യില്‍ അദ്ദേഹത്തിനപു തുടരെ അവസരങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ ദ്രാവിഡിന്റെ കാലത്തു കാര്യങ്ങള്‍ ഇത്രത്തോളം സുഖകരമായിരുന്നില്ല. തന്റെ പ്രിയപ്പെട്ട ശിഷ്യന്‍മാരില്‍ ഒരാളായിട്ടും സഞ്ജുവിനെ അദ്ദേഹം പലപ്പോഴും തഴഞ്ഞു കൊണ്ടിരുന്നു.

2023ലെ ഏകദിന ലോകകപ്പില്‍ സഞ്ജുവിനു ഉറപ്പായും ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് റെക്കോര്‍ഡും ഗംഭീരമായിരുന്നു. എന്നിട്ടും സഞ്ജുവിനെ ടീമിലേക്കു കൊണ്ടുവരാന്‍ ദ്രാവിഡ് മുന്‍കൈയെടുത്തില്ല. പകരം ടി20 സ്‌പെഷ്യലിസ്റ്റായ സൂര്യകുമാര്‍ യാദവിനെയാണ് അദ്ദേഹം ടീമിലെടുത്തത്. ഈ നീക്കം വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു.
അതിനു ശേഷം കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ സഞ്ജു ടീമിലെത്തിയെങ്കിലും ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇതിവു പിന്നിലും ദ്രാവിഡ് തന്നെയാണെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ചായി അദ്ദേഹം വരുമെന്നു അറിഞ്ഞപ്പോള്‍ തന്നെ ആരാധകര്‍ക്കു ആശങ്കകളുമുണ്ടായിരുന്നു.
ദേശീയ ടീമിലേതു പോലെ റോയല്‍സിലും സഞ്ജു ഒതുക്കപ്പെടുമോയെന്നതായിരുന്നു സംശയം. പുതിയ സീസണില്‍ ടീമിന്റെ പ്രകടനവും സഞ്ജുവിന്റെ സമീപനവും കാണുമ്പോള്‍ ഈ സംശയങ്ങള്‍ ബലപ്പെടുകയും ചെയ്യുന്നു. നിലവില്‍ ഗ്രൗണ്ടില്‍ ക്യാപ്റ്റനല്ലെങ്കിലും പുറത്ത് നായകന്‍ അദ്ദേഹം തന്നെയാണ്. അതുകൊണ്ടു തന്നെ ദ്രാവിഡിനൊപ്പം അദ്ദേഹം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതും വളരെ പ്രധാനമാണ്.
ആ കോംബോ മിസ് ചെയ്യുന്നു
മുന്‍ ഐപിഎല്‍ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ വിജയരഹസ്യം സഞ്ജു സാംസണും ടീം ഡയറക്ടറുമായ കുമാര്‍ സങ്കക്കാരയും തമ്മിലുള്ള മികച്ച ഒത്തിണക്കമായിരുന്നു. ഇവര്‍ക്കിടയിലുള്ള മികച്ച കെമിസ്ട്രി ടീമിനു ഏറെ ഗുണം ചെയ്തിരുന്നു. സമാനമായ രീതിയില്‍ ചിന്തിച്ചിരുന്നവരായിരുന്നു രണ്ടപേരും. അതുകൊണ്ടു തന്നെ ഇവര്‍ക്കു തീരുമാനങ്ങളെടുക്കുന്നതും എളുപ്പമായിരുന്നു.
2022ലെ സീസണിനു മുമ്പുള്ള മെഗാലേലത്തില്‍ വളരെ സന്തുലിതമായ. കെട്ടുറപ്പുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കാനായതും സങ്കക്കാര- സഞ്ജു ജോടിയുടെ വിജയമായിരുന്നു. ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയ മാച്ച് വിന്നര്‍മാരായെലെല്ലാം ലേലത്തില്‍ അവര്‍ക്കു സ്വന്തമാക്കാനും സാധിച്ചിരുന്നു.
പക്ഷെ കഴിഞ്ഞ സീസണിനു ശേഷം റോയല്‍സിന്റെ കോച്ച് സ്ഥാനത്തു നിന്നും മാറിയ സങ്കക്കാര ടീം ഡയറക്ടറുടെ റോള്‍ മാത്രം ഏറ്റെടുക്കുകയും ചെയ്തു. ഇതോടെയാണ് കോച്ച് സ്ഥാനത്തേക്കു തങ്ങളുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍ ദ്രാവിഡിനെ റോയല്‍സ് കൊണ്ടുവന്നത്. ഇതു ടീമിനെ സാരമായി ബാധിക്കുകയും ചെയ്തു.

സീസണിനു ശേഷം ടീമിലെ ഏറ്റവും നിര്‍ണായക താരങ്ങളായ ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നിവരെയടക്കം റോയല്‍സ് കൈവിട്ടത് വലിയ ഷോക്ക് തന്നെയായിരുന്നു. ഈ തീരുമാനങ്ങള്‍ക്കു പിന്നില്‍ തീര്‍ച്ചയായും ദ്രാവിഡിനു വലിയ റോള്‍ തന്നെയുണ്ടാലും. അദ്ദേഹത്തിനു പകരം പരിശീലക സ്ഥാനത്തു സങ്കക്കാര ആയിരുന്നെങ്കില്‍ റോയല്‍സ് ഈ മണ്ടത്തരം കാണിക്കില്ലായിരുന്നു.
കാരണം ഈ നാലു പേരും റോയല്‍സിനെ സംബന്ധിച്ച് എത്ര മാത്രം പ്രധാനപ്പെട്ടവരാണെന്നു മുന്‍ സീസണുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ സങ്കക്കാരയ്ക്കു കൃത്യമായി അറിയാം. പക്ഷെ ദ്രാവിഡിനു ടീമിന്റെ ഘടനയെക്കുറിച്ച് അത്രത്തോളം ധാരണയും കാണില്ല. ലേലത്തിനു മുമ്പ് വരുത്തിയ ഈ മണ്ടത്തരമാണ് ഈ ഐപിഎല്ലില്‍ റോയല്‍സ് ഇപ്പോള്‍ തപ്പിത്തടയാനുളള പ്രധാന കാരണം. ഈ നാലു പേരുടെയും അഭാവം നികത്താവന്‍ ശേഷിയുള്ള കളിക്കാരെ ലേലത്തില്‍ റോയല്‍സിനു സ്വന്തമാക്കാനും കഴിഞ്ഞിട്ടില്ല.