അഹമ്മദാബാദ്: ഐപിഎല്ലില്‍ ആറാം കിരീടമെന്ന സ്വപ്‌നം വെറും രണ്ടു ജയമകലെ കൈവിടേണ്ടി വന്നതിന്റെ ഞെട്ടലിലും നിരാശയിലുമാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനോടു ഇങ്ങനെയൊരു തോല്‍വി അദ്ദേഹം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. 203 റണ്‍സെന്ന മികച്ച ടോട്ടല്‍ തന്റെ ശക്തമായ ബൗളിങ് നിരയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാവും ഹാര്‍ദിക്കിനുണ്ടായിരുന്നു.
എന്നാല്‍ ശ്രേയസ് അയ്യര്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി അഴിഞ്ഞാടിയപ്പോള്‍ മുംബൈയ്ക്കു മറുപടിയില്ലായിരുന്നു. ഒരോവറും അഞ്ചു വിക്കറ്റുകളും ബാക്കിനില്‍ക്കെ ഗംഭീര വിജയത്തോടെ പഞ്ചാബ് ഫൈനലിലേക്കു മുന്നേറുകയും ചെയ്തു.
ഈ പരാജയത്തിനു പിന്നാലെ ഗ്രൗണ്ടില്‍ വച്ചുള്ള ഹാര്‍ദിക്കിന്റെ പ്രതികരണവും അതു കണ്ട് ജസ്പ്രീത് ബുംറ സഹായത്തിനെത്തിയതുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഹാര്‍ദിക് വിതുമ്പി
കളിക്കളത്തില്‍ സാധാരണയായി വിജയത്തിലും തോല്‍വിയിലും ഒരുപോലെ കാണപ്പെടാറുള്ള താരമാണ് ഹാര്‍ദിക് പാണ്ഡ്യ. പക്ഷെ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനോടു രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വി അദ്ദേഹത്തെ ശരിക്കും ഉലച്ചതായി പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. അശ്വനി കുമാര്‍ എറിഞ്ഞ 19ാം ഓവറിലെ അവസാന ബോളില്‍ സിക്‌സര്‍ പറത്തിയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പഞ്ചാബിന്റെ വിജയറണ്‍സ് കുറിച്ചത്.
ഇതു കണ്ടു തളര്‍ന്ന ഹാര്‍ദിക് ഗ്രൗണ്ടില്‍ കാല്‍മുട്ടിലൂന്നി തല കുനിച്ചിരുന്ന് വിതുമ്പുകയായിരുന്നു. ശ്രേയസിനൊപ്പം നോണ്‍ സ്‌ടൈക്കറുടെ എന്‍ഡിലുണ്ടായിരുന്ന മാര്‍ക്കസ് സ്‌റ്റോയ്‌നിസ് അരികിലേക്കു വന്ന് തോളില്‍ തട്ടി ആശ്വസിപ്പിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഹാര്‍ദിക് അതേ രീതിയില്‍ അവിടെ ഇരിക്കുകയായിരുന്നു. ഇതിനിടെ മുംബൈയുടെയും പഞ്ചാബിന്റെ താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതും കാണാം.
ഹാര്‍ദിക് പാണ്ഡ്യയെ ആശ്വസിപ്പിക്കുന്ന ജസ്പ്രീത് ബുംറ. വീഡിയോ കാണാം
ആരാലും ശ്രദ്ധിക്കപ്പെടാതെ ഹാര്‍ദിക് ഒറ്റപ്പെട്ട് തലതാഴ്ത്തി ഇരിപ്പ് തുടര്‍ന്നപ്പോള്‍ സഹായത്തിനെത്തിയത് ടീമംഗവും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറയാണ്. കൈപിടിച്ച് ഹാര്‍ദിക്കിനെ എഴുന്നേല്‍പ്പിച്ച അദ്ദേഹം പുറത്തു തട്ടി ആശ്വസിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് ഹാര്‍ദിക് നിരാശ മറന്ന് നടന്നുനീങ്ങിയത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

തോല്‍വിയെക്കുറിച്ച് ഹാര്‍ദിക്
പഞ്ചാബ് കിങ്‌സിനെതിരേ ബൗളിങില്‍ തങ്ങളുടെ പ്ലാന്‍ കുറേക്കൂടി ഫലപ്രദമായി നടപ്പാക്കിയിരുന്നെങ്കില്‍ മുംബൈ ഇന്ത്യന്‍സിനു ജയിക്കാന്‍ സാധിക്കുമെന്നാണ് മല്‍സരശേഷം ഹാര്‍ദിക് പാണ്ഡ്യ നിരാശയോടെ പറഞ്ഞത്. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരുടെ മാച്ച് വിന്നിങ് ഇന്നിങ്‌സിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
ശ്രേയസ് വളരെ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. തനിക്കു ലഭിച്ച ചാന്‍സുകള്‍ നന്നായി മുതലെടുക്കുക മാത്രമല്ല അദ്ദേഹത്തിന്റെ ചില ഷോട്ടുകള്‍ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. പഞ്ചാബ് വളരെ നന്നായിട്ടു തന്നെ ബാറ്റ് ചെയ്തുവെന്നു എനിക്കു തോന്നുന്നു. ഞങ്ങള്‍ നേടിയത് മോശമല്ലാത്ത ടോട്ടല്‍ തന്നെയാണ്.
പക്ഷെ ബൗളിങ് യൂണിറ്റെന്ന നിലയില്‍ വളരെ നന്നായി അതു കൈകാര്യം ചെയ്യണ്ടത് ആവശ്യമായിരുന്നു. ഇതു പോലെയുള്ള വലിയ മല്‍സസരങ്ങളില്‍ അതിനു വലിയ പ്രാധാന്യമുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. അവര്‍ (പഞ്ചാബ്) വളരെ ശാന്തരായാണ് കാണപ്പെട്ടത്. ഞങ്ങളെ അവര്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഞങ്ങള്‍ ആഗ്രഹിച്ചതു പോലെ പ്ലാനുകള്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്നും കരുതുന്നതായി ഹാര്‍ദിക് വിശദമാക്കി.