മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. 10 ടീമുകളും വമ്പന്‍ മാറ്റങ്ങളാണ് ടീമുകളില്‍ വരുത്തിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ആറ് താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ജോസ് ബട്‌ലറേയും ട്രന്റ് ബോള്‍ട്ടിനേയും ഒഴിവാക്കി. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് കെ എല്‍ രാഹുലിനെ തഴഞ്ഞപ്പോള്‍ റിഷഭ് പന്തിനെ ഡല്‍ഹി നായകസ്ഥാനത്ത് നിന്നും ടീമില്‍ നിന്നും ഒഴിവാക്കി.
ഇത്തവണ അപ്രതീക്ഷിതമായ ചില നിലനിര്‍ത്തലുകളും ടീമുകള്‍ നടത്തിയിട്ടുണ്ട്. ആരും പ്രതീക്ഷിക്കാത്ത താരങ്ങള്‍ പോലും ടീമുകളില്‍ നിലനിര്‍ത്തപ്പെട്ടു. ഇത്തരത്തില്‍ നിലനിര്‍ത്തലില്‍ അപ്രതീക്ഷിതമായി വമ്പന്‍ പ്രതിഫലം നേടിയ താരങ്ങളുണ്ട്. ടീമുകള്‍ കാട്ടിയ മണ്ടത്തരത്തമെന്ന് പറയാവുന്ന ഇത്തവണത്തെ നിലനിര്‍ത്തലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ജുറേലും ഹെറ്റ്‌മെയറും
രാജസ്ഥാന്‍ റോയല്‍സ് ദ്രുവ് ജുറേല്‍, റിയാന്‍ പരാഗ് എന്നിവരെ 14 കോടി വീതം നല്‍കിയാണ് നിലനിര്‍ത്തിയത്. ഇത് മണ്ടന്‍ തീരുമാനമാണെന്ന് പറയാം. രണ്ട് പേരേയും ലേലത്തിലേക്ക് വിട്ടിരുന്നെങ്കില്‍ 10 കോടിക്കുള്ളില്‍ തിരികെ എത്തിക്കാന്‍ രാജസ്ഥാന് സാധിക്കുമായിരുന്നു. ഇത്രയും ഉയര്‍ന്ന തുക ഇവര്‍ക്ക് നല്‍കിയത് രാജസ്ഥാനെ സംബന്ധിച്ച് നഷ്ടകച്ചവടമാണെന്ന് തന്നെ പറയാം. ജുറേലിനെ ടി20യിലെ നിര്‍ണ്ണായക താരമെന്ന് വിളിക്കാനാവില്ല. ഷിംറോന്‍ ഹെറ്റ്‌മെയറെ 11 കോടിക്കാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ഇതും വലിയ തിരിച്ചടിയാണ്.
ശിവം ദുബെക്ക് 12 കോടി
സിഎസ്‌കെയ്‌ക്കൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള താരമാണ് ശിവം ദുബെ. ഫിനിഷര്‍ റോളിലും മധ്യനിരയിലും കടന്നാക്രമിച്ച് കളിക്കാന്‍ ദുബെക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പുള്ള താരമല്ല ദുബെ. മീഡിയം പേസ് ഓള്‍റൗണ്ടറെന്ന് പറയുമ്പോഴും ബൗളിങ്ങില്‍ താരം തല്ലുകൊള്ളിയാണ്. ബാറ്റിങ്ങില്‍ വിശ്വസ്തനെന്ന് പറയുകയും പ്രയാസമാണ്. തന്റേതായ ദിവസം ചില വെടിക്കെട്ട് പ്രകടനം നടത്താന്‍ കഴിവുണ്ട്.
ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള താരമാണ് ദുബെ. എന്നാല്‍ 12 കോടിക്ക് താരത്തെ നിലനിര്‍ത്തിയത് ടീമിന് ഗുണം ചെയ്‌തേക്കില്ല. ലേലത്തിലേക്ക് പോയിരുന്നെങ്കില്‍ 10 കോടിക്ക് താഴെ തുകയ്ക്ക് ടീമിലെത്തിക്കാന്‍ സാധ്യതയുള്ള താരമായിരുന്നു ദുബെയെന്ന് പറയാം. അതുകൊണ്ടുതന്നെ 12 കോടി ദുബെയ്ക്ക് അല്‍പ്പം കൂടുതലാണെന്ന് പറയാം.

നിക്കോളാസ് പുരാന് 21 കോടി
ടി20യില്‍ കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള താരമാണ് നിക്കോളാസ് പുരാന്‍. എന്നാല്‍ സ്ഥിരതയോടെ കളിക്കുമെന്ന് പറയാനാവില്ല. പുരാനെ വിശ്വസിക്കുക പ്രയാസം. നായകസ്ഥാനം ഏല്‍പ്പിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് വെസ്റ്റ് ഇന്‍ഡീസിനൊപ്പമുള്ള പ്രകടനം വിലയിരുത്തിയാല്‍ മനസിലാവും. ഇത്തരമൊരു താരത്തെ 21 കോടിക്ക് നിലനിര്‍ത്തുകയെന്നത് ലഖ്‌നൗ കാട്ടിയ വലിയ മണ്ടത്തരമാണ്. കെ എല്‍ രാഹുലിനെ ഒഴിവാക്കിയ ലഖ്‌നൗ ഇത്രയും വമ്പന്‍ തുക പുരാന് നല്‍കിയത് മണ്ടത്തരമാണെന്ന് തന്നെ പറയാം.
സ്റ്റബ്‌സിന് 10 കോടി അധികം
ഐപിഎല്ലില്‍ വലിയ റെക്കോഡ് അവകാശപ്പെടാനാവാത്ത താരമാണ് ട്രിസ്റ്റന്‍ സ്റ്റബ്‌സ്. എന്നാല്‍ 10 കോടി രൂപക്കാണ് സ്റ്റബ്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയത്. ഇത് ടീമിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. വമ്പനടി നടത്തുന്ന താരമാണെങ്കിലും സ്ഥിരതയോടെ മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കില്ല. ഈ സാഹചര്യത്തില്‍ സ്റ്റംബ്‌സിന് 10 കോടി അധികമാണ്. ഈ തുക മിച്ചല്‍ മാര്‍ഷലിനെ നിലനിര്‍ത്തിയിരുന്നെങ്കില്‍ ഡല്‍ഹിക്കത് കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു.
റിഷഭ് പന്തിനെ ഡല്‍ഹി ഒഴിവാക്കിയതോടെ പുതിയ നായകനേയും ടീമിന് കണ്ടെത്തേണ്ടതായുണ്ട്. നാല് കോടിക്കാണ് അഭിഷേക് പോറലിനെ ഡല്‍ഹി നിലനിര്‍ത്തിയത്. താരത്തെ എന്തിനാണ് ടീമില്‍ നിലനിര്‍ത്തിയതെന്നതും പ്രസക്തമായ ചോദ്യമാണ്.