ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ പ്ലേ ഓഫിനോടടുക്കുകയാണ്. ഇത്തവണ കപ്പ് നേടാത്ത പല ടീമുകളും ഗംഭീര മുന്നേറ്റം നടത്തുന്നതിനാല്‍ പോരാട്ടം ആവേശകരമാവുകയാണ്. എന്നാല്‍ ആരാധകര്‍ വലിയ പ്രതീക്ഷവെച്ച പല ടീമുകള്‍ക്കും ഇത്തവണ പ്രതീക്ഷിച്ച നിലവാരം കാട്ടാനാവുന്നില്ല. ഇത്തരത്തില്‍ പിന്നോട്ട് പോയ പ്രധാന ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ ഇത്തവണ അവസാന സ്ഥാനത്താണ്. ടെസ്റ്റ് താരങ്ങളെ ഉപയോഗിച്ച് കപ്പടിക്കാനുള്ള സിഎസ്‌കെയുടെ തന്ത്രമാണ് ഇത്തവണ തകര്‍ന്ന് തരിപ്പണമായത്.
ഇത്തവണ മെഗാ ലേലത്തില്‍ സിഎസ്‌കെ നടത്തിയ നീക്കങ്ങളെല്ലാം പാളിയെന്ന് മത്സരഫലങ്ങളില്‍ നിന്ന് വ്യക്തം. യുവതാരങ്ങളെ പരിഗണിക്കുന്നതിലും കണ്ടെത്തി വളര്‍ത്താനും സിഎസ്‌കെ ഇപ്പോള്‍ പിന്നോട്ട് പോയിരിക്കുകയാണ്. എന്നാല്‍ ഇത്തവണ സിഎസ്‌കെയിലെത്തേണ്ട താരമായിരുന്നു പ്രിയന്‍ഷ് ആര്യയെന്നാണ് റിപ്പോര്‍ട്ടുകളെത്തുന്നത്. എല്ലാ ടീമുകള്‍ക്കും യുവതാരങ്ങളെ കണ്ടെത്താന്‍ പ്രത്യേക സംഘമുണ്ട്. സിഎസ്‌കെയുടെ ഇത്തരത്തിലുള്ള ടാലറ്റ് സ്‌കൗട്ട് ടീം കണ്ടെത്തിയ താരമാണ് പ്രിയന്‍ഷ് ആര്യ.
ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ മിന്നിച്ച പ്രിയന്‍ഷിനെ സിഎസ്‌കെ ടീമിലെത്തിക്കണമെന്ന് ടാലറ്റ് സ്‌കൗട്ട് ടീം ആവശ്യപ്പെട്ടിരുന്നെങ്കിലും എംഎസ് ധോണിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങും ഈ നിര്‍ദേശം അവഗണിക്കുകയായിരുന്നു. 3.8 കോടിക്കാണ് പ്രിയന്‍ഷിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിക്കുകയാണ് പ്രിയന്‍ഷ്. ഇപ്പോള്‍ പ്രിയന്‍ഷ് സിഎസ്‌കെയില്‍ എത്തേണ്ടതായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ധോണിക്കെതിരേ വിമര്‍ശനം ശക്തമാവുകയാണ്.
പ്രിയന്‍ഷ് ഉണ്ടായിരുന്നെങ്കില്‍ സിഎസ്‌കെയ്ക്ക് കരുത്തായേനെ
ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് പ്രിയന്‍ഷ് ആര്യ കാഴ്ചവെക്കുന്നത്. പഞ്ചാബിന്റെ ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് പ്രകടനമാണ് പ്രിയന്‍ഷ് കാഴ്ചവെക്കുന്നത്. 10 മത്സരത്തില്‍ നിന്ന് 34 ശരാശരിയില്‍ 346 റണ്‍സാണ് പ്രിയന്‍ഷ് നേടിയത്. ഒരു തകര്‍പ്പന്‍ സെഞ്ച്വറിയും ഫിഫ്റ്റിയും പ്രിയന്‍ഷ് നേടി. 37 ഫോറും 22 സിക്‌സും പറത്താന്‍ പ്രിയന്‍ഷിന് സാധിച്ചിരിക്കുകയാണ്. ഇത്തവണ പ്രിയന്‍ഷ് സിഎസ്‌കെയില്‍ ഉണ്ടായിരുന്നെങ്കില്‍ ടീമിനത് കരുത്താവുമായിരുന്നു.

എന്നാല്‍ സിഎസ്‌കെ പ്രിയന്‍ഷിനെ വിട്ടുകളഞ്ഞു. യുവ പ്രതിഭകളെ മനസിലാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നില്ല. നേരത്തെ മികച്ച യുവതാരങ്ങളെ കണ്ടെത്താനും വളര്‍ത്താനും സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതാരങ്ങളെ തിരിഞ്ഞുനോക്കാത്ത ടീമായി സിഎസ്‌കെ മാറുകയാണ്. ആരാധകരടക്കം സീനിയര്‍ താരങ്ങളെ മാത്രം പരിഗണിക്കുന്ന സിഎസ്‌കെയുടെ തന്ത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നിട്ടും സിഎസ്‌കെ ഇത് വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
ഇത്തവണ സിഎസ്‌കെ ടീമിലെത്തിച്ച താരങ്ങളാണ് ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍ എന്നിവരെല്ലാം. ടി20യില്‍ യാതൊരു മികവുമില്ലാത്ത ഈ താരങ്ങളെ സിഎസ്‌കെ ടീമിലേക്ക് കൊണ്ടുവന്നത് ലോക മണ്ടത്തരമായെന്ന് ടീമിന്റെ പ്രകടനത്തില്‍ നിന്ന് വ്യക്തം. എന്തായാലും സിഎസ്‌കെയുടെ നിലവിലെ മോശം പ്രകടനത്തിന് കാരണം യുവതാരങ്ങളെ തഴയുന്ന പദ്ധതികളാണെന്ന് പറയാം.
സിഎസ്‌കെയ്ക്ക് തിരിച്ചുവരവ് പ്രയാസം
സിഎസ്‌കെ ഈ സീസണില്‍ അവസാനക്കാരായി തീരാനുള്ള സാധ്യതയാണ് കൂടുതല്‍. നിലവിലെ ടീം കരുത്ത് നോക്കുമ്പോള്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ജയിക്കാനും യാതൊരു സാധ്യതയുമില്ല. അടുത്ത സീസണില്‍ വലിയൊരു പൊളിച്ചെഴുത്ത് നടത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കില്ല. അടുത്ത ലേലംവരെ ഈ ടീമില്‍ ചെറിയ മാറ്റങ്ങളോടെ മുന്നോട്ട് പോകാന്‍ ടീം നിര്‍ബന്ധിതരാവുകയാണ്. എന്തായാലും സിഎസ്‌കെയുടെ നിലവിലെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് തന്നെ പറയാം. അടുത്ത സീസണില്‍ ഗംഭീരമായി ടീം തിരിച്ചെത്തുമോയെന്നത് കാത്തിരുന്ന് കാണാം.