മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് എട്ടിന്റെ പണി. ടീമിലെ സ്റ്റാര്‍ സ്പിന്നര്‍ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ഇത്തവണത്തെ ലേലത്തില്‍ മുംബൈ വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച അള്ളാഹ് ഗസന്‍ഫാറാണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. യുവ സ്പിന്നറെ അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലും ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഐപിഎല്ലിലും ചാമ്പ്യന്‍സ് ട്രോഫിയിലും താരം ഉണ്ടാവില്ലെന്ന കാര്യം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ സിംബാബ് വെ പര്യടനത്തിനിടെ താരത്തിനേറ്റ പരിക്കാണ് ഗസന്‍ഫാറിന് തിരിച്ചടിയായത്. കുറഞ്ഞത് നാല് മാസത്തെ വിശ്രമമെങ്കിലും ഗസന്‍ഫാറിന് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ മാര്‍ച്ച് 21ന് ആരംഭിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. എന്നാല്‍ പരിക്കേറ്റതോടെ താരത്തിന് ടൂര്‍ണമെന്റ് നഷ്ടമാവുമെന്നുറപ്പായിരിക്കുകയാണ്. ആദ്യ ഐപിഎല്‍ സീസണ്‍ മുംബൈ പോലൊരു വലിയ ടീമിനൊപ്പം ലഭിച്ചിട്ടും താരത്തെ പരിക്ക് വേട്ടയാടിയെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
മുംബൈ വലിയ പ്രതീക്ഷവെച്ച താരം
റാഷിദ് ഖാന് ശേഷം അഫ്ഗാന്‍ ക്രിക്കറ്റില്‍ നിന്ന് അസാമാന്യ സ്പിന്‍ പ്രതിഭയെന്ന് പേരെടുത്തവനാണ് ഗസന്‍ഫാര്‍. 75 ലക്ഷം അടിസ്ഥാന വിലക്ക് മെഗാ ലേലത്തിലെത്തിയ താരത്തെ 4.8 കോടിക്കാണ് മുംബൈ ടീമിലെത്തിച്ചത്. പല ടീമുകളും നോട്ടമിട്ട സ്പിന്നറായിരുന്നു ഗസന്‍ഫാര്‍. മുംബൈയുടെ പ്ലേയിങ് 11 തീര്‍ച്ചയായും സീറ്റ് ലഭിക്കേണ്ടിയിരുന്ന താരമായിരുന്നു അഫ്ഗാന്‍ സ്പിന്നര്‍. ഇതിനോടകം ടി20 ലീഗുകളില്‍ കൈയടി നേടുന്ന പ്രകടനം കാഴ്ചവെക്കാന്‍ ഗസന്‍ഫാറിന് സാധിച്ചിരുന്നു.
അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറാന്‍ ഗസന്‍ഫാറിസ് സാധിച്ചിട്ടില്ല. എന്നാല്‍ 11 ഏകദിനത്തില്‍ നിന്ന് 21 വിക്കറ്റുകള്‍ യുവതാരം വീഴ്ത്തിയിട്ടുണ്ട്. മുംബൈ എമിറേറ്റ്‌സ് ടീമിനായി കളിച്ചിട്ടുള്ള താരമാണ് ഗസന്‍ഫാര്‍. ഈ മികവാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലും താരത്തെ നോട്ടമിടാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ പരിക്കേറ്റതോടെ മുംബൈയുടെ കണക്കുകൂട്ടലുകളും പിഴച്ചിരിക്കുകയാണ്. സൂപ്പര്‍ താരങ്ങള്‍ക്ക് നേരിട്ട് വലിയ അനുഭവസമ്പത്തില്ലാത്ത സ്പിന്നറായതിനാല്‍ ഗസന്‍ഫാര്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധ്യതയുണ്ടായിരുന്നു.

മുംബൈയുടെ സ്പിന്‍ നിര അതി ശക്തമല്ല
മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്‍ നിരയിലേക്ക് വരുമ്പോള്‍ ഗസന്‍ഫാറിന്റെ അഭാവം വലിയ തിരിച്ചടിയാണെന്ന് പറയാം. ഗസന്‍ഫാര്‍ പുറത്താവുമ്പോള്‍ വില്‍ ജാക്‌സ്, മിച്ചല്‍ സാന്റ്‌നര്‍, കരണ്‍ ശര്‍മ, വിഗ്നേഷ് പുത്തൂര്‍ എന്നിവരാണ് ടീമിലെ ശേഷിക്കുന്ന സ്പിന്നര്‍മാര്‍. ഗസന്‍ഫാറിന്റെ അഭാവത്തില്‍ മിച്ചല്‍ സാന്റ്‌നറിലാവും ഇനി മുംബൈ പ്രതീക്ഷവെക്കുക. ന്യൂസീലന്‍ഡ് സ്പിന്നര്‍ സിഎസ്‌കെയില്‍ നിന്ന് പുറത്തായതോടെയാണ് മുംബൈയിലേക്കെത്തിയത്.
നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കും ഗസന്‍ഫാറിന്റെ അഭാവം തലവേദനയാണ്. സാന്റ്‌നര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഉത്തമ പകരക്കാരനില്ലാത്തതും മുംബൈയെ കാര്യമായി ബാധിക്കുന്ന കാര്യമാണ്. എന്നാല്‍ മുംബൈയുടെ പേസ് നിര ശക്തമാണ്. ദീപക് ചഹാറിനേയും ട്രന്റ് ബോള്‍ട്ടിനേയും ടീമിലേക്കെത്തിക്കാന്‍ മുംബൈക്കായി. ജസ്പ്രീത് ബുംറ നിലവില്‍ പരിക്കിന്റെ പിടിയിലാണ് ഐപിഎല്ലിന് മുമ്പായി ബുംറക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
മുംബൈ ആരെ പകരക്കാരനാക്കും?
ഗസന്‍ഫാറിന്റെ അഭാവത്തില്‍ മുംബൈ ആരെ പകരക്കാരനാക്കുമെന്നതാണ് കണ്ടറിയേണ്ടത്. അഫ്ഗാന്‍ സ്പിന്നറായ മുജീബുര്‍ റഹ്‌മാനെ മുംബൈക്ക് പരിഗണിക്കാവുന്നതാണ്. 19 ഐപിഎല്ലില്‍ നിന്ന് 19 വിക്കറ്റാണ് താരം നേടിയത്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിനേയും പരിഗണിക്കാം. കേശവ് അനുഭവസമ്പന്നനായ ബൗളറാണ്. കൂടാതെ ബാറ്റിങ്ങിലും തിളങ്ങാന്‍ ശേഷിയുണ്ട്. അതുകൊണ്ടുതന്നെ കേശവ് മുംബൈക്ക് പരിഗണിക്കാവുന്ന താരങ്ങളിലൊരാളാണ്. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദിനേയും മുംബൈക്ക് പരിഗണിക്കാവുന്നതാണ്.