മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ താരലേലം ഈ മാസം 24, 25 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ഇത്തവണത്തെ മെഗാ ലേലം വമ്പന്‍ റെക്കോഡ് സൃഷ്ടിക്കാന്‍ സാധ്യതയുള്ളതാണ്. സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര ഇത്തവണത്തെ മെഗാ ലേലത്തിലുണ്ട്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെല്ലാം ഇത്തവണ ലേലത്തില്‍ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മെഗാ ലേലത്തിന്റെ ആവേശം ഇത്തവണ വാനോളമാണ്.
ഇത്തവണ ആരാവും കോടികള്‍ പ്രതിഫലം വാങ്ങി തലപ്പത്തേക്കെത്തുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പലരും റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍ എന്നിവരിലൊരാള്‍ ഏറ്റവും പ്രതിഫലം വാങ്ങുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ ഇത്തവണ ഒഴിവാക്കപ്പെട്ടവരില്‍ ലേലത്തില്‍ എല്ലാവരേയും ഞെട്ടിക്കാന്‍ കെല്‍പ്പുള്ള ചില അണ്ടര്‍ റേറ്റഡ് താരങ്ങളുണ്ട്. ഇത്തരത്തില്‍ വലിയ പ്രതിഫലം വാങ്ങാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം.
വെങ്കടേഷ് അയ്യര്‍
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പിലേക്കെത്തിയപ്പോള്‍ ഏറ്റവും നിര്‍ണ്ണായക പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് വെങ്കടേഷ് അയ്യര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ കെകെആര്‍ നിലനിര്‍ത്താതിരുന്നത് തീര്‍ത്തും അപ്രതീക്ഷിത തീരുമാനമായിരുന്നു. തന്നെ കെകെആര്‍ നിലനിര്‍ത്താത്തതിന്റെ നിരാശ വെങ്കടേഷ് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ലേലത്തില്‍ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ള താരമാണ് വെങ്കടേഷ്. എല്ലാവരേയും ഞെട്ടിച്ച് വമ്പന്‍ പ്രതിഫലം വെങ്കടേഷ് അയ്യര്‍ നേടുമെന്ന് തന്നെ കരുതാം.
വൈഭവ് അറോറ
അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തിളങ്ങിയ താരമാണ് വൈഭവ് അറോറ. 20 മത്സരത്തില്‍ നിന്ന് 19 വിക്കറ്റോടെ കെകെആറിനെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് വൈഭവ് അറോറ. എന്നാല്‍ ഇത്തവണ കെകെആര്‍ അറോറയെ നിലനിര്‍ത്തിയിട്ടില്ല. അണ്‍ക്യാപ്പ്ഡ് താരമായ അറോറക്കായി പല വമ്പന്‍ ടീമുകളും രംഗത്തുണ്ട്. കോടികള്‍ പ്രതിഫലം വാങ്ങി എല്ലാവരേയും ഞെട്ടിക്കാന്‍ അറോറക്ക് സാധിച്ചേക്കും.

ടി നടരാജന്‍
ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറിയെങ്കിലും പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിലെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനായില്ല. എന്നാല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നടരാജന്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ഹൈദരാബാദ് നടരാജനെ നിലനിര്‍ത്തിയിട്ടില്ല. യോര്‍ക്കറുകളെറിഞ്ഞ് ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തുന്ന നടരാജന്‍ ഡെത്തോവറില്‍ മികവ് കാട്ടുന്ന പേസ് ബൗളറാണ്. അതുകൊണ്ടുതന്നെ വലിയ പ്രതിഫലത്തില്‍ നടരാജനെ സ്വന്തമാക്കാന്‍ സൂപ്പര്‍ ടീമുകള്‍ വാശിയോടെ രംഗത്തെത്തിയേക്കും. 10 കോടിക്ക് മുകളില്‍ നടരാജന്റെ പ്രതിഫലം പോകാനും സാധ്യതകളേറെയാണ്.
മഹേഷ് തീക്ഷണ
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയ ശ്രീലങ്കന്‍ സ്പിന്നറാണ് മഹേഷ് തീക്ഷണ. പവര്‍പ്ലേയിലടക്കം മികവ് കാട്ടാന്‍ കഴിവുള്ള തീക്ഷണയെ സിഎസ്‌കെ ഇത്തവണ കൈവിടുകയായിരുന്നു. ടി20യില്‍ ഇക്കോണമി കാത്ത് പന്തെറിയുന്ന മികച്ച സ്പിന്നര്‍മാരിലൊരാളാണ് തീക്ഷണ. ഇത്തവണ ലേലത്തിലേക്കെത്തുന്ന തീക്ഷണക്കായി ചാമ്പ്യന്‍ ടീമുകളടക്കം രംഗത്തെത്തിയേക്കും. മുംബൈ ഇന്ത്യന്‍സിനും രാജസ്ഥാന്‍ റോയല്‍സിനുമെല്ലാം മികച്ച സ്പിന്നര്‍മാരെ ആവശ്യമാണ്. അതുകൊണ്ടുതന്നെ തീക്ഷണക്കായി പ്രധാന ടീമുകളെല്ലാം രംഗത്തെത്തിയേക്കും.
അര്‍ഷ്ദീപ് സിങ്
ഇത്തവണ പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയ താരങ്ങളിലൊരാളാണ് പേസര്‍ അര്‍ഷ്ദീപ് സിങ്. ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ സമീപകാലത്തെല്ലാം മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ്. എന്നിട്ടും പഞ്ചാബ് ഒഴിവാക്കിയെന്നതാണ് അത്ഭുതം. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ മിടുക്കുള്ള അര്‍ഷ്ദീപ് ഡെത്തോവറിലും കരുത്തുകാട്ടുന്ന ബൗളറാണ്. അതുകൊണ്ടുതന്നെ ലേലത്തില്‍ വലിയ പ്രതിഫലം അര്‍ഷ്ദീപിനെ തേടിയെത്തിയേക്കും. അപ്രതീക്ഷിതമായി വലിയ പ്രതിഫലത്തിലേക്കുയരാന്‍ സാധ്യതയുള്ള താരമാണ് അര്‍ഷ്ദീപ്.