ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തി പ്ലേ ഓഫ് ടിക്കറ്റെടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. നിര്‍ണ്ണായക മത്സരത്തില്‍ പ്ലേ ഓഫ് സീറ്റ് നേടാന്‍ 18 റണ്‍സിന്റെ ജയം ആര്‍സിബിക്ക് വേണമായിരുന്നു. 27 റണ്‍സിന്റെ ജയത്തോടെയാണ് ആര്‍സിബി പ്ലേ ഓഫിലേക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 5 വിക്കറ്റിന് 218 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് 7 വിക്കറ്റിന് 191 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആര്‍സിബിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 3 ഓവറില്‍ വിക്കറ്റ് പോവാതെ 31 റണ്‍സില്‍ നില്‍ക്കവെ മഴ വില്ലനായെത്തി. അല്‍പ്പനേരം കളി തടസപ്പെട്ടെങ്കിലും പിന്നീട് മത്സരം പുനരാരംഭിച്ചു. വിരാട് കോലി തകര്‍ത്തടിച്ചതോടെ റണ്‍സുയര്‍ന്നു. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 78ല്‍ നില്‍ക്കവെ കോലിയെ ആര്‍സിബിക്ക് നഷ്ടമായി. 29 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 47 റണ്‍സില്‍ നില്‍ക്കവെ മിച്ചല്‍ സാന്റ്‌നറാണ് കോലിയെ മടക്കിയത്.
സിക്‌സറിന് ശ്രമിച്ച കോലിയെ ബൗണ്ടറി ലൈനില്‍ ഡാരില്‍ മിച്ചലാണ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. കോലി മടങ്ങിയതോടെ ആക്രമണത്തിന്റെ ചുമതല ഫഫ് ഡുപ്ലെസിസ് ഏറ്റെടുത്തു. രജത് പാട്ടീധാറും ഒപ്പം കൂടിയതോടെ അതിവേഗം റണ്‍സുയര്‍ന്നു. എന്നാല്‍ ഡുപ്ലെസിസ് ദൗര്‍ഭാര്യകരമായി പുറത്തായി. മിച്ചല്‍ സാന്റ്‌നറിന്റെ ഓവറില്‍ രജത് പാട്ടീധാര്‍ കളിച്ച സ്‌ട്രെയ്റ്റ് ഷോട്ട് സാന്റ്‌നറുടെ വിരലില്‍ തട്ടി സ്റ്റംപില്‍ കൊണ്ടു. ഈ സമയം നേരിയ വ്യത്യാസത്തില്‍ ഡുപ്ലെസിസ് പുറത്തായിരുന്നു.
ഇതോടെ 39 പന്തില്‍ 3 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 54 റണ്‍സോടെ ഡുപ്ലെസിസ് മടങ്ങി. പിന്നാലെ ഒത്തുചേര്‍ന്ന രജത് പാട്ടീധാറും കാമറൂണ്‍ ഗ്രീനും അതിവേഗം റണ്‍സുയര്‍ത്തി. 71 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം മൂന്നാമനായി രജത് പാട്ടീധാര്‍ മടങ്ങി. 23 പന്തില്‍ 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 41 റണ്‍സ് നേടിയ രജത്തിനെ ശാര്‍ദ്ദുല്‍ ടാക്കൂര്‍ സ്ലോ ഫുള്‍ട്ടോസില്‍ കുടുക്കുകയായിരുന്നു. ഡാരില്‍ മിച്ചലിന്റെ മികച്ച ക്യാച്ചിലാണ് രജത്തിന്റെ മടക്കം.

ദിനേഷ് കാര്‍ത്തിക് 6 പന്തില്‍ 14 റണ്‍സുമായി കാമിയോ കാഴ്ചവെച്ച് മടങ്ങി. തുഷാര്‍ ദെശപാണ്ഡെയുടെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കിയാണ് കാര്‍ത്തിക് മടങ്ങിയത്. ഗ്ലെന്‍ മാക്‌സ് വെല്ലും നിര്‍ണ്ണായക റണ്‍സ് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തു. 5 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 16 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. കാമറൂണ്‍ ഗ്രീന്‍ 17 പന്തില്‍ 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 38 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ 5 വിക്കറ്റിന് 218 എന്ന മികച്ച ടോട്ടലിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചു.
മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് ആദ്യ പന്തില്‍ത്തന്നെ പ്രഹരമേറ്റു. നായകന്‍ റുതുരാജ് ഗെയ്ക് വാദ് ഗോള്‍ഡന്‍ ഡെക്കായി. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ആദ്യ ഓവര്‍ ഏല്‍പ്പിച്ച ഡുപ്ലെസിസിന്റെ തന്ത്രം ഫലിക്കുകയായിരുന്നു. ഡാരില്‍ മിച്ചലിനെ (6 പന്തില്‍ 4) യഷ് ദയാലും മടക്കിയതോടെ പവര്‍പ്ലേയില്‍ സിഎസ്‌കെ പതറി. എന്നാല്‍ അജിന്‍ക്യ രഹാനെയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ശ്രദ്ധയോടെ റണ്‍സുയര്‍ത്തി. കൂട്ടുകെട്ട് മുന്നേറവെ ലോക്കി ഫെര്‍ഗൂസന്‍ ആര്‍സിബിയുടെ രക്ഷകനായി.
22 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 33 റണ്‍സ് നേടിയ രഹാനെയെ ഡുപ്ലെസിസാണ് ക്യാച്ചിലൂടെ മടക്കിയത്. 37 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 61 റണ്‍സെടുത്ത രചിന്‍ രവീന്ദ്ര റണ്ണൗട്ടായത് മത്സരത്തില്‍ വഴിത്തിരിവായി. രണ്ടാം റണ്‍സിന് ശ്രമിക്കവെ ശിവം ദുബെയുമായുണ്ടായ ആശയക്കുഴപ്പത്തിലാണ് രചിന്‍ റണ്ണൗട്ടായത്. കാമറൂണ്‍ ഗ്രീനിന്റെ പന്തില്‍ രവീന്ദ്ര ജഡേജയുടെ ക്യാച്ചവസരം ലഭിച്ചെങ്കിലും വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന് അവസരം മുതലാക്കാനായില്ല.
15 പന്തില്‍ 7 റണ്‍സെടുത്ത ശിവം ദുബെയെ ഗ്രീന്‍ മടക്കിയതോടെ 5ന് 119 എന്ന നിലയിലേക്ക് സിഎസ്‌കെ തകര്‍ന്നു. മിച്ചല്‍ സാന്റ്‌നറെ (3) മുഹമ്മദ് സിറാജിന്റെ പന്തില്‍ അത്ഭുത ക്യാച്ചിലൂടെ ഡുപ്ലെസിസ് മടക്കി. രവീന്ദ്ര ജഡേജയും എംഎസ് ധോണിയും ചേര്‍ന്ന് ഡെത്തോവര്‍ മുതലാക്കി. പക്ഷെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ധോണിയെ യഷ് ദയാല്‍ പുറത്താക്കി. 13 പന്തില്‍ 25 റണ്‍സാണ് ധോണി നേടിയത്. അവസാന ഓവറില്‍ കിടു ബൗളിങ് കാഴ്ചവെച്ച ദയാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ടിക്കറ്റ് നേടിക്കൊടുത്തു.
പ്ലേയിങ് 11: സിഎസ്‌കെ- റുതുരാജ് ഗെയ്ക്‌വാദ് (c), രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, അജിന്‍ക്യ രഹാനെ, മിച്ചല്‍ സാന്റ്‌നര്‍, രവീന്ദ്ര ജഡേജ, എംഎസ് ധോണി (wc), ശാര്‍ദ്ദുല്‍ ടാക്കൂര്‍, തുഷാര്‍ ദെശപാണ്ഡെ, മഹേഷ് തീക്ഷണ, സിമര്‍ജീത് സിങ്
ആര്‍സിബി- ഫഫ് ഡുപ്ലെസിസ് (c), വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, രജത് പാട്ടീധാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (wc), മഹിപാല്‍ ലോംറോര്‍, യഷ് ദയാല്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍