Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇതിനാണോ രാജസ്ഥാനെ തോല്‍പ്പിച്ചേ? ഇത്രയും വെറുപ്പിച്ച ഫൈനലില്ല! ട്രോള്‍ പൂരം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് കൊടിയിറങ്ങുമ്പോള്‍ കിരീടം അലമാരയിലെത്തിച്ചിരിക്കുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 57 പന്ത് ബാക്കിയാക്കി എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 113 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത അനായാസം വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഫൈനലിന്റെ യാതൊരു ആവേശവും ഇല്ലാതെ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തി ഏകപക്ഷീയമായ മത്സരമാണ് നടന്നത്. ഐപിഎല്‍ ഫൈനലിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന നാണക്കേടിലേക്കാണ് ഹൈദരാബാദ് എത്തിയത്. തോല്‍വിയും ജയവും സ്വാഭാവികമാണെങ്കിലും ഒന്ന് പൊരുതാന്‍ പോലും ശ്രമിക്കാതെ ഹൈദരാബാദ് തോറ്റതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. രാജസ്ഥാനോ ആര്‍സിബിയോ ഫൈനലില്‍ മതിയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

ഹൈദരാബാദ് സ്വയം അബദ്ധം കാട്ടിയതാണെന്നും ഇതുവരെ മികവ് കാട്ടിയ നായകന്‍ പാറ്റ് കമ്മിന്‍സിന് ഫൈനലില്‍ പിഴച്ചുവെന്നും ആരാധകര്‍ പറയുന്നു. ടോസ് നേടിയ കമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എതിരാളികള്‍ കെകെആറാണെന്ന് മറന്ന് പോയെന്നാണ് ആരാധകര്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ രണ്ടാം ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്താണ് ഹൈദരാബാദ് ജയിച്ചത്. ഇതിന്റെ ആത്മവിശ്വാസത്തിലാണ് കമ്മിന്‍സ് ഫൈനലിലും ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തത്.

എന്നാല്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂട്ടത്തോടെ ചതിച്ചു. ടോപ് ഓഡറിലാണ് ഹൈദരാബാദിന്റെ ശക്തി. അഭിഷേക് ശര്‍മ (2), ട്രാവിസ് ഹെഡ് (0), രാഹുല്‍ ത്രിപാഠി (9), ഹെന്‍ റിച്ച് ക്ലാസന്‍ (16), എയ്ഡന്‍ മാര്‍ക്രം (20) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ ഹൈദരാബാദ് 18.3 ഓവറില്‍ കൂടാരം കയറി. ഹൈദരാബാദ് ലീഗ് ഘട്ടത്തില്‍ മൂന്ന് തവണയാണ് 250ലധികം ടീം സ്‌കോര്‍ നേടിയത്. എന്നാല്‍ പ്ലേ ഓഫില്‍ ടീം കളിമറന്നുവെന്നതാണ് വസ്തുത.

kkr

രാജസ്ഥാനെതിരായ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദ് തോല്‍ക്കുകയായിരുന്നുവെങ്കില്‍ രാജസ്ഥാനും കെകെആറും തമ്മിലുള്ള മികച്ചൊരു പോരാട്ടം കാണാമായിരുന്നു. ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം ഫൈനലാണെന്നും ഹൈദരാബാദ് ആരാധകരോട് നന്ദിയില്ലാത്തവരാണെന്നും ആരാധകര്‍ പറയുന്നു. പിന്തുണക്കാനെത്തിയ ആരാധകര്‍ക്ക് ഒരു മനോഹര നിമിഷം പോലും നല്‍കാതെ തോല്‍ക്കുന്നത് ഇതാദ്യമായിട്ടായിരിക്കുമെന്നാണ് ആരാധകര്‍ ട്രോളുന്നത്.

കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി മിടുക്കല്ല ട്രാവിസ് ഹെഡിന്റേയും അഭിഷേക് ശര്‍മയുടേയും ഫോമാണ് ഹൈദരാബാദിന്റെ ഇത്തവണത്തെ കുതിപ്പിന് കരുത്തായിരുന്നത്. അവസാന നാല് മത്സരത്തിലും ഈ കൂട്ടുകെട്ട് ഫ്‌ളോപ്പായതോടെ ഹൈദരാബാദ് തനിനിറം കാട്ടി. ഹൈദരാബാദിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. ഡേവിഡ് വാര്‍ണറെ അപമാനിച്ച് പുറത്താക്കിയ ഹൈദരാബാദിന് ഇനിയൊരു കിരീടം നേടാന്‍ ഭാഗ്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

എന്തായാലും ഒരു ത്രില്ലിങ് നിമിഷം പോലും ഓര്‍ത്ത് വെക്കാനില്ലാത്ത നിമിഷമായി മത്സരം മാറി. ഹൈദരാബാദ് താരങ്ങള്‍ കാവ്യാ മാരനെക്കുറിച്ചെങ്കിലും ഓര്‍ക്കണമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. മത്സരത്തില്‍ ഹൈദരാബാദിന്റെ തോല്‍വിക്ക് പിന്നാലെ കാവ്യാ മാരന്‍ കരഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ആരാധകര്‍ കാവ്യാ മാരനെ പരിഹസിച്ചു. രാജസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ കാവ്യാ മാരന്‍ അമിത ആഹ്ലാദമാണ് നടത്തിയതെന്നും ഇത് കണ്ടപ്പോഴേ ഫൈനലില്‍ കരയുമെന്ന് ഉറപ്പിച്ചിരുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഹൈദരാബാദിന്റെ ഈ തകര്‍ച്ച നേരത്തെ കരുതിയിരുന്നുവെന്നും ആരാധകരെ നിരാശരാക്കാതെ ഹൈദരാബാദ് കളിക്കാതെ തോല്‍വി സമ്മതിക്കുന്നതായിരുന്നു നല്ലതെന്നാണ് ട്രോള്‍. കളിക്കാതെ തന്നെ തോല്‍വി സമ്മതിച്ചിരുന്നെങ്കില്‍ ഇതിലും അന്തസുണ്ടായിരുന്നുവെന്നും. നിലവിലെ തോല്‍വി നാണംകെട്ടതായിപ്പോയെന്നും ആരാധകര്‍ പറയുന്നു. ലീഗ് ഘട്ടത്തിലെ പ്രകടന മികവിന്റെ ഒരംശയം പോലും പ്ലേ ഓഫിലും ഫൈനലിലും കാഴ്ചവെക്കാന്‍ ഹൈദരാബാദിന് സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

Story first published: Monday, May 27, 2024, 6:43 [IST]
Other articles published on May 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+