മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പ്ലേ ഓഫിനോടടുക്കുകയാണ്. ഐപിഎല്ലിന് പിന്നാലെ കാത്തിരിക്കുന്നത് ടി20 ലോകകപ്പാണ്. ഇതിനോടകം പല ടീമുകളും ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കം ആരംഭിച്ച് കഴിഞ്ഞു. പല വിദേശ താരങ്ങളും ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് തന്നെ ടി20 ലോകകപ്പ് മുന്നൊരുക്കത്തിനായി ദേശീയ ടീമിലേക്ക് പോകും. ഇന്ത്യ ഇത്തവണ ശക്തമായ ടീമിനെയാണ് ലോകകപ്പിനായി പരിഗണിച്ചിരിക്കുന്നത്.
15 അംഗ ടീമിനൊപ്പം റിസര്‍വ് താരങ്ങളായി നാല് പേരേയും പരിഗണിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പിലേക്കെത്തുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഫേവറേറ്റുകളിലൊന്ന് ഇന്ത്യന്‍ ടീമാണെന്ന് പറയാം. എന്നാല്‍ ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ഇന്ത്യക്ക് വലിയ ആശങ്കയാവുന്നത് മുംബൈ ഇന്ത്യന്‍സ് ടീമിലെ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ്. ഇന്ത്യയുടെ നാല് സുപ്രധാന താരങ്ങള്‍ മുംബൈ ടീമിനൊപ്പമാണ്.
നായകന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, പ്രധാന ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ്, സുപ്രധാന ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണുള്ളത്. മുംബൈ ടീമിനുള്ളില്‍ ചെറിയ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഈ പ്രശ്‌നം മുംബൈ ടീമിനെ ഭിന്നിപ്പിച്ചു.
ഹാര്‍ദിക് ടീമില്‍ ഒറ്റപ്പെട്ടു. സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും ഭൂരിഭാഗം യുവതാരങ്ങളും രോഹിത് ശര്‍മക്കൊപ്പമാണ്. ഇത് ഹാര്‍ദിക്കും രോഹിത്തും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി. ഹാര്‍ദിക്കും രോഹിത്തും പരസ്പരം പരോക്ഷമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സൂര്യകുമാര്‍ യാദവായിരുന്നു രോഹിത്തിന് ശേഷം മുംബൈയുടെ നായകനാവേണ്ടിയിരുന്നത്. ജസ്പ്രീത് ബുംറക്കും ക്യാപ്റ്റന്‍സിയില്‍ നോട്ടമുണ്ടായിരുന്നു.

എന്നാല്‍ ഇവരെ മറികടന്ന് ഹാര്‍ദിക് നായകസ്ഥാനത്തേക്കെത്തിയതില്‍ ഇൗ താരങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കി. രോഹിത് ശര്‍മയും സൂര്യകുമാറും ഈ സീസണില്‍ മുംബൈക്കായി നടത്തിയ പ്രകടനങ്ങള്‍ സ്ഥിരതയോടെയായിരുന്നില്ല. ജയിക്കാന്‍ വലിയ താല്‍പര്യം കാട്ടാത്ത പ്രകടനമായിരുന്നു ഇവരെല്ലാം നടത്തിയതെന്നും ആരോപിക്കാം. എന്തായാലും രോഹിത്തും സൂര്യയും ഹാര്‍ദിക്കുമെല്ലാം അത്ര നല്ല ബന്ധത്തിലല്ല നിലവിലുള്ളത്.
ഈ ബന്ധത്തിലെ വിള്ളല്‍ മുംബൈയുടെ കൂട്ടത്തകര്‍ച്ചക്ക് കാരണമായിരുന്നു. എന്നാല്‍ ഈ പ്രശ്‌നം മുംബൈയില്‍ അവസാനിക്കാതെ ഇന്ത്യന്‍ ടീമിലേക്ക് നീളുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ ഇതേ ശത്രുതാ മനോഭാവത്തോടെ ലോകകപ്പ് കളിച്ചാല്‍ ഇന്ത്യയുടെ കാര്യം കട്ടപ്പൊകയാവുമെന്നുറപ്പ്. ടി20 ലോകകപ്പിന് മുമ്പ് ഇവര്‍ തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ടീം മാനേജ്‌മെന്റ് നീക്കം നടത്തേണ്ടതായുണ്ട്.
അല്ലാത്ത പക്ഷം ഇന്ത്യയുടെ ടി20 ലോകകപ്പിലെ പ്രകടനത്തേയും ഈ പ്രശ്‌നം ബാധിക്കാന്‍ സാധ്യത കൂടുതലാണ്. രോഹിത് ശര്‍മയായിരുന്നില്ല ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഹാര്‍ദിക്കിന് കീഴില്‍ യുവതാരങ്ങളുമായി മികച്ച ടീമിനെ ഇന്ത്യ സൃഷ്ടിച്ചിരുന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഹാര്‍ദിക്കിന് പരിക്കേറ്റത്. ഇതോടെ ഒരു വര്‍ഷത്തിന് ശേഷം രോഹിത്തിനെ ടി20യിലേക്ക് ഇന്ത്യ തിരിച്ചുവിളിക്കുകയായിരുന്നു.
ഹാര്‍ദിക്കിന്റെ അഭാവത്തില്‍ നായകസ്ഥാനവും രോഹിത്തിലേക്ക് എത്തിപ്പെട്ടു. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ച ശേഷം താരങ്ങള്‍ നടത്തിയ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും അവസാന രണ്ട് മത്സരത്തിലും ഫ്‌ളോപ്പാണ്. സൂര്യകുമാര്‍ യാദവ് ഒരു അര്‍ധ സെഞ്ച്വറി നേടി. ശിവം ദുബെ അവസാന രണ്ട് ഇന്നിങ്‌സിലും ഗോള്‍ഡന്‍ ഡെക്കാണ്. ജസ്പ്രീത് ബുംറ പന്തുകൊണ്ട് മികവ് തുടരുന്നുണ്ട്.
റിസര്‍വ് താരങ്ങളായ ശുബ്മാന്‍ ഗില്ലും റിങ്കു സിങ്ങും ഫ്‌ളോപ്പ് ഷോ തുടരുകയാണ്. എന്തായാലും മുംബൈയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് നീളാന്‍ സാധ്യത കൂടുതലാണ്. ഇതിന് മുമ്പ് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ടീം മാനേജ്‌മെന്റിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.