മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള തീപാറും പോരാട്ടത്തിന് മുംബൈയുടെ തട്ടകമാണ് വേദിയാവുന്നത്. ഐപിഎല്ലില്‍ അഞ്ച് തവണ ചാമ്പ്യന്മാരായിട്ടുള്ള ഇരു ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് ജയിക്കുമെന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. മത്സരത്തില്‍ ടോസ് നേടുന്ന ടീമാവും ജയിക്കുകയെന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല.
ഇത് പറയാന്‍ ഒരു കാരണവുമുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം. മുംബൈയും സിഎസ്‌കെയും തമ്മിലുള്ള അവസാന 9 മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ ടോസ് നേടിയ ടീമുകളാണ് വിജയിച്ചിട്ടുള്ളത്. അവസാന 9 മത്സരത്തില്‍ 5 തവണ സിഎസ്‌കെയ്ക്ക് ടോസ് ലഭിച്ചപ്പോള്‍ 5 തവണയും ധോണിയും സംഘവും ജയിച്ചു. 4 തവണയാണ് മുംബൈക്ക് ടോസ് ലഭിച്ചത്. ഈ 4 തവണ മുംബൈക്കും ജയിക്കാനായി. അതുകൊണ്ടുതന്നെ ഈ രീതി തുടര്‍ന്നാല്‍ ഇന്ന് ടോസ് ലഭിക്കുന്ന ടീമാവും വിജയത്തിലേക്കെത്തുക.
മുംബൈയുടെ തട്ടകം ബാറ്റിങ്ങിന് അനുകൂലമായതാണ്. മുംബൈയില്‍ നടന്ന അവസാന രണ്ട് മത്സരങ്ങളിലും റണ്ണൊഴുകുന്നതാണ് കണ്ടതാണ്. ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യാനാവും ആഗ്രഹിക്കുക. ഇതിന് കാരണം പിച്ചില്‍ രണ്ടാമത് ബാറ്റുചെയ്യുമ്പോള്‍ മഞ്ഞുവീഴ്ച്ചയുടെ ആനുകൂല്യം ലഭിക്കുമെന്നതാണ്. രണ്ട് ടീമും കരുത്തുറ്റ നിരയാണ്. മികച്ച ബാറ്റിങ് കരുത്തുമുള്ളതിനാല്‍ ബാറ്റിങ് വെടിക്കെട്ട് തന്നെ പ്രതീക്ഷിക്കാം. മുംബൈക്കാണ് അല്‍പ്പം മുന്‍തൂക്കം.
ആദ്യത്തെ മൂന്ന് മത്സരവും തോറ്റ മുംബൈ പിന്നീടുള്ള രണ്ട് മത്സരത്തിലും ജയിച്ച് തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഗംഭീര ഫോമില്‍ കളിക്കുന്നു. പവര്‍പ്ലേയില്‍ ഇവരെ പൂട്ടിക്കെട്ടുകയെന്നതാണ് സിഎസ്‌കെയ്ക്ക് മുന്നിലുള്ള പ്രധാന തലവേദന. മുസ്തഫിസുര്‍ റഹ്‌മാന്റെ സ്ലോ കട്ടറുകളും ദീപക് ചഹാറിന്റെ സ്വിങ്ങും മുംബൈക്ക് വലിയ തലവേദനയാവുമെന്ന് നിസംശയം പറയാം. സൂര്യകുമാര്‍ യാദവും ഫോമിലേക്കെത്തിയത് മുംബൈയുടെ ആത്മവിശ്വാസം ഉയര്‍ത്തും.

മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, ടിം ഡേവിഡ്, റൊമാരിയോ ഷിഫേര്‍ഡ് എന്നിവരുടെ പ്രകടനവും ടീമിന് കരുത്താവുന്നു. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ മികച്ച് നില്‍ക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്തത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യമാണ്. ശ്രേയസ് ഗോപാലിന്റെ സ്പിന്‍ മികവ് അവസാന മത്സരത്തില്‍ മുംബൈക്ക് കരുത്തായിരുന്നു. എന്നാല്‍ സിഎസ്‌കെയെ തളക്കുക എളുപ്പമല്ല.
രചിന്‍ രവീന്ദ്ര സ്ഥിരതയോടെ കളിക്കേണ്ടതായുണ്ട്. റുതുരാജ് ഗെയ്ക്‌വാദ് ഫോമിലേക്കെത്തിയത് സിഎസ്‌കെയുടെ ആത്മവിശ്വാസമുയര്‍ത്തും. അവസാന മത്സരത്തില്‍ ഉജ്ജ്വല ഫോമില്‍ കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നു. ഇത് ടീമിന്റെ വിജയ പ്രതീക്ഷകള്‍ സജീവമാക്കും. അജിന്‍ക്യ രഹാനെക്ക് മുംബൈയിലെ പിച്ചില്‍ വലിയ അനുഭവസമ്പത്തുണ്ട്. ഇത് മുതലാക്കാന്‍ താരത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
മധ്യനിരയില്‍ ശിവം ദുബെ വമ്പനടികള്‍ക്കൊണ്ട് കസറുമ്പോള്‍ ഡാരില്‍ മിച്ചലിന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല. ഇത് സിഎസ്‌കെയെ പിന്നോട്ടടിക്കുന്നു. സ്പിന്‍ നിരയില്‍ മഹേഷ് തീക്ഷണയും രവീന്ദ്ര ജഡേജയും നടത്തുന്ന പ്രകടനങ്ങളും സിഎസ്‌കെയ്ക്ക് നിര്‍ണ്ണായകമായി മാറും. കണക്കുകളില്‍ സിഎസ്‌കെയെക്കാള്‍ മുന്‍തൂക്കം മുംബൈക്കുണ്ട്. എന്നാല്‍ നായകന്‍ രോഹിത് ശര്‍മ മാറി പകരം ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയെ നയിക്കുന്നത്.
സിഎസ്‌കെയുടെ നായകസ്ഥാനത്ത് റുതുരാജ് ഗെയ്ക് വാദാണെങ്കിലും നിയന്ത്രിക്കുന്നത് എംഎസ് ധോണിയാണ്. ഓരോ താരത്തിനായും വ്യത്യസ്ത പദ്ധതികള്‍ മെനയുന്ന ധോണി മുംബൈയെ പൂട്ടാന്‍ കൃത്യമായ തന്ത്രത്തോടെയാവും ഇറങ്ങുക. അതുകൊണ്ടുതന്നെ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പിച്ച് പറയാം.